കാര്യങ്ങളെല്ലാം ആർസിബിക്ക് അനുകൂലം: രാജസ്ഥാൻ റോയൽസ് വിയർക്കുമെന്ന് മുൻ ഇന്ത്യൻ താരം
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്, ഫാഫ് ഡുപ്ലേസിയുടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടാൻ ഒരുങ്ങുകയാണ്. ബുധനാഴ്ച വൈകിട്ട് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽവച്ചാണു മത്സരം. ഐപിഎല്ലിലെ സാഹചര്യങ്ങളെല്ലാം ആർസിബിക്ക് അനുകൂലമാണെന്നു വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തുടർച്ചയായി ആറു മത്സരങ്ങൾ ജയിച്ചാണ് ആര്‍സിബി പ്ലേ ഓഫിലെത്തിയത്.
അതേസമയം രാജസ്ഥാൻ റോയൽസ് അവസാനം കളിച്ച നാലു മത്സരങ്ങളും തോറ്റുപോയിരുന്നു. ലീഗ് ഘട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കളി മഴ കാരണം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിക്കേണ്ടിവന്നു. ‘‘ കാര്യങ്ങളെല്ലാം ആർസിബിക്ക് അനുകൂലമാകുകയാണ്. ഹൈദരാബാദിനെ തോല്‍പിക്കുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. ആർസിബിക്ക് അതിനു സാധിക്കില്ല. രാജസ്ഥാൻ റോയൽസിനെ ബെംഗളൂരു തോൽപിക്കുമെന്നാണു തോന്നുന്നത്.’’– ആകാശ് ചോപ്ര പറഞ്ഞു.
‘‘എലിമിനേറ്ററിൽ സൺറൈസേഴ്സിനെ കിട്ടാത്തതിൽ ബെംഗളൂരു ടീം സന്തോഷത്തിലായിരിക്കും. കാരണം എലിമിനേറ്റർ പോരാട്ടങ്ങളുടെ 11 വർഷത്തെ ചരിത്രം നോക്കിയാൽ, മൂന്നാമതോ, നാലാമതോ ഫിനിഷ് ചെയ്തവർ ഐപിഎൽ ജയിച്ചത് ഒരു തവണ മാത്രമാണ്. 2016ൽ സൺറൈസേഴ്സ് ഹൈദരാബാദാണ് അതു ചെയ്തത്. രാജസ്ഥാന്റെ അവസാന കളി മഴ കാരണം മുടങ്ങിയതോടെ രണ്ടാം സ്ഥാനത്തെത്താനുള്ള അവസരം അവർക്കു നഷ്ടമായി. മേയ് മാസത്തിൽ ഒരു മത്സരം പോലും അവർ ജയിച്ചിട്ടില്ല.’’
‘‘ആദ്യ ഒൻപതു മത്സരങ്ങളിൽ എട്ടും ജയിച്ചു. പക്ഷേ പിന്നീടു ജയിക്കാനാകുന്നില്ല. അവർക്ക് നാല് അവസരങ്ങൾ ലഭിച്ചു. ആളുകൾ നാലു ശ്രമങ്ങളിൽ യുപിഎസ്‍സി ജയിക്കുന്നു. രാജസ്ഥാന് ഒരു കളി പോലും ജയിക്കാനാകുന്നില്ല.’’– ആകാശ് ചോപ്ര പറഞ്ഞു. നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 27 റൺസിനു തോൽപിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നാലാം സ്ഥാനക്കാരായി പ്ലേ ഓഫിൽ കടന്നത്.