ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരങ്ങൾ കാണുമ്പോഴുള്ള സമ്മർദത്തെക്കുറിച്ചു തുറന്നുപറഞ്ഞ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥന. സമ്മർദമേറിയ മത്സരങ്ങളെന്നാണ് ആർസിബി പുരുഷ ടീമിന്റെ പ്രകടനത്തെക്കുറിച്ച് സ്മൃതി പ്രതികരിച്ചത്. വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനാണ് സ്മൃതി മന്ഥന.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആർസിബിയുടെ കളി കാണാൻ സ്മൃതി മന്ഥന കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയിരുന്നു. ആർസിബി വനിതാ താരങ്ങളായ ശ്രേയാങ്ക പാട്ടീൽ, ആശ ശോഭന, രേണുക സിങ് എന്നിവരും സ്മൃതിക്കൊപ്പം കളി കാണാനെത്തിയിരുന്നു. ‘‘കളിക്കുന്നതിനേക്കാളും സമ്മർദമുള്ളത് കളി കാണുമ്പോഴാണെന്ന് ഇപ്പോൾ എനിക്കു മനസ്സിലായി. ടീമിനു മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഐപിഎൽ സീസണിലാകെ ഗംഭീര പ്രകടനമാണു പുരുഷ ടീം നടത്തിയത്.’’– സ്മൃതി പ്രതികരിച്ചു.

‘‘വനിതാ ലീഗിൽ ഞങ്ങളും ഇതേ അവസ്ഥയിലായിരുന്നു. ആദ്യത്തെ രണ്ടോ, മൂന്നോ മത്സരങ്ങള്‍ ജയിച്ച ശേഷം പിന്നീടു കുറച്ചു കളികൾ മോശമായി. അങ്ങനെയൊരു അവസ്ഥയിൽനിന്ന് പുറത്തുവരാൻ അപാരമായ ധൈര്യം വേണം. ക്വാളിഫൈ ചെയ്യാനുള്ള സാധ്യതകൾ നിലനിർത്തിക്കൊണ്ടാണ് ആർസിബി എപ്പോഴും കളിച്ചത്.’’– സ്മൃതി പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിനെ 27 റൺസിന് തോൽപിച്ചാണ് ബെംഗളൂരു ഐപിഎൽ പ്ലേ ഓഫിൽ കടന്നത്. ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ ആർസിബി നേരിടും.

English Summary:

Smrithi Mandhana's reaction after RCB vs CSK game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com