വിരാട് കോലിയുടെ സുരക്ഷയിൽ ആശങ്ക, അഹമ്മദാബാദിലെ പരിശീലനം റദ്ദാക്കി ആർസിബി
Mail This Article
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനെ നേരിടുന്നതിനു മുൻപുള്ള പരിശീലന സെഷൻ റദ്ദാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. കഴിഞ്ഞ ദിവസം അഹമ്മദാബാദിലെത്തിയ ആർസിബി താരങ്ങൾ ഗുജറാത്ത് കോളജ് ഗ്രൗണ്ടിലാണു പരിശീലിക്കുന്നത്. ബെംഗളൂരുവിന്റെ സൂപ്പർ താരം വിരാട് കോലിക്ക് സുരക്ഷ ഒരുക്കുന്നതിൽ ആശങ്ക ഉയർന്നതോടെയാണ് ബുധനാഴ്ചത്തെ പരിശീലനം ടീം ഒഴിവാക്കിയത്.
രാജസ്ഥാനെതിരായ മത്സരത്തിനു മുൻപുള്ള വാർത്താ സമ്മേളനം വരെ ആർസിബി ഒഴിവാക്കി. കഴിഞ്ഞ ദിവസം ഭീകരബന്ധം സംശയിക്കുന്ന നാലു പേരെ അഹമ്മദാബാദിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആർസിബി പരിശീലനം റദ്ദാക്കിയതെന്നാണു വിവരം. ‘‘അഹമ്മദാബാദിലെ അറസ്റ്റുകളെക്കുറിച്ചു കോലിക്ക് അറിയാമായിരുന്നു. കോലി രാജ്യത്തിന്റെ സ്വത്താണ്. അദ്ദേഹത്തിന്റെ സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യം. റിസ്കെടുക്കാൻ ആർസിബി തയാറല്ല. പരിശീലനം നടത്തുന്നില്ലെന്ന് അവർ തന്നെയാണ് അറിയിച്ചത്. രാജസ്ഥാൻ റോയൽസ് പരിശീലനവുമായി മുന്നോട്ടുപോയി. അവർക്ക് പ്രശ്നങ്ങളില്ല.’’– ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ വിജയ് സിൻഹ ജ്വാല ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
അഹമ്മദാബാദില്‍ ബെംഗളൂരു താരങ്ങൾ താമസിക്കുന്ന ഹോട്ടലിന്റെ സുരക്ഷ വർധിപ്പിച്ചു. ഐപിഎല്ലുമായി ബന്ധപ്പെട്ട അക്രഡിറ്റഡ് അംഗങ്ങളെപ്പോലും ഹോട്ടലിലേക്ക് പ്രവേശിപ്പിക്കുന്നില്ല. രാജസ്ഥാൻ റോയൽസ് താരങ്ങൾ പ്രത്യേക സുരക്ഷ ഒരുക്കിയാണു പരിശീലനത്തിനു പോയത്. ആർ. അശ്വിൻ, റിയാൻ പരാഗ്, യുസ്‍വേന്ദ്ര ചെഹൽ എന്നിവർ ഹോട്ടലിൽ തന്നെ തുടർന്നു. രാജസ്ഥാന്‍ ക്യാപ്റ്റൻ സഞ്ജു സാംസൺ വൈകിയാണ് പരിശീലനത്തിന് എത്തിയത്.