സഞ്ജുവിന്റെ റോയൽസ് മേയിലും ജയിക്കും, കളി തീർത്ത ‘ഒരു തരി കനൽ’; ആർസിബി ഇനിയും കാത്തിരിക്കണം
Mail This Article
പതിയെപ്പതിയെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പിടിച്ചെടുത്തെന്നു തോന്നിച്ച മത്സരമാണ് അവസാന ഓവറിലെ ഏതാനും ബൗണ്ടറികളിലൂടെ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് തട്ടിയെടുത്തത്. മേയിൽ മുൻപുള്ള ഒരു കളികളും ജയിച്ചില്ലെങ്കിലും, എല്ലാ കളികളും ജയിച്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തോൽപിക്കാൻ രാജസ്ഥാന്റെ കരീബിയൻ കരുത്തു തന്നെ മതിയായിരുന്നു. സഞ്ജുവും യശസ്വിയും റിയാൻ പരാഗും ഒടുവിൽ ഹെറ്റ്മിയറും വീണെങ്കിലും ബാറ്റിങ്ങിലെ ബാക്കിയുണ്ടായിരുന്ന ‘ഒരു തരി കനൽ’ റോവ്മൻ പവൽ രാജസ്ഥാനെ വിജയ തീരത്തെത്തിച്ചു. ആറു മത്സരങ്ങളുടെ വിജയക്കുതിപ്പു നടത്തിയ ബെംഗളൂരുവിന് ഇനി വിശ്രമിക്കാം. ഏഴാം മത്സരത്തിൽ എലിമിനേറ്റ് ചെയ്യപ്പെട്ടതോടെ ഒരു ഐപിഎൽ കിരീടത്തിനായി കോലിക്കും കൂട്ടർക്കും ഇനിയും കാത്തിരിക്കാം.
ആർസിബിയുടെ ട്രോഫി ക്യാബിനറ്റിൽ കുറച്ചുനാൾ കൂടി വനിതാ പ്രീമിയർ ലീഗ് കിരീടം ഒറ്റയ്ക്കായിരിക്കും. ആരാധകർ അടുത്ത വർഷവും പറയും ‘ഈ സാല കപ്പ് നംദേ’. സമ്പൂർണ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ ബെംഗളൂരുവിനെ 200 തൊടീക്കാതെ ഇരിക്കുക എന്നതായിരുന്നു രാജസ്ഥാന്റെ ആദ്യ വെല്ലുവിളി. ടോസ് നേടിയ ക്യാപ്റ്റൻ സഞ്ജു ബെംഗളൂരുവിനെ ബാറ്റിങ്ങിനു വിട്ടതും ഇതു മാത്രം മനസ്സിലുറപ്പിച്ചായിരിക്കും. കഴിഞ്ഞ നാലു മത്സരങ്ങളിൽ വിജയം കാണാതെ ആടിയുലഞ്ഞ രാജസ്ഥാന്റെ ബാറ്റിങ് നിര വമ്പൻ വിജയലക്ഷ്യത്തിനു മുന്നിൽ ഒരു പക്ഷേ വീണുപോകുമായിരുന്നു. ബോളർമാർ പ്രതീക്ഷ കാത്തതോടെ ആര്‍സിബിയുടെ പോരാട്ടം 172 റൺസിൽ അവസാനിച്ചു. വിജയമെന്ന ദൗത്യം ബാറ്റർമാർ പങ്കിട്ടെടുത്തതോടെ അനായാസം രാജസ്ഥാന്‍ ജയിച്ചുകയറുകയായിരുന്നു.
കോലിയുടെ 8000, ആർസിബിക്ക് സമ്മര്‍ദമേറ്റി ബോളർമാർ
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് വേണ്ടി രജത് പാട്ടിദാര്‍ (22 പന്തിൽ 34), വിരാട് കോലി (24 പന്തിൽ 33), മഹിപാൽ ലോംറോർ (17 പന്തിൽ 32) എന്നിവരാണു തിളങ്ങിയത്. നാല് ഓവറിൽ 44 റണ്‍സ് വഴങ്ങിയ ആവേശ് ഖാൻ രാജസ്ഥാനു വേണ്ടി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ഫീൽഡിങ്ങിലും കസറിയ റോവ്മൻ പവൽ, നാല് ആർസിബി താരങ്ങളെയാണു ക്യാച്ചെടുത്തു പുറത്താക്കിയത്.
ആര്‍സിബിക്ക് ബാറ്റിങ്ങിൽ മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും റണ്ണൊഴുക്ക് ഒരു പരിധിവരെ തടയാന്‍ രാജസ്ഥാൻ ബോളർമാർക്കു സാധിച്ചു. ഓപ്പണിങ് വിക്കറ്റിൽ 37 റൺസാണ് ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയും വിരാട് കോലിയും ചേർന്നുകൂട്ടിച്ചേർത്തത്. പവർപ്ലേയിലെ രണ്ട് ഓവറുകളിലും വിക്കറ്റ് കിട്ടാതിരുന്ന ട്രെന്റ് ബോൾട്ട് മൂന്നാം ഓവറിലാണു ലക്ഷ്യം കണ്ടത്. അഞ്ചാം ഓവർ എറിയാനെത്തിയ ബോള്‍ട്ട് നാലാം പന്തിൽ ആദ്യ വിക്കറ്റ് നേടി. ബൗണ്ടറിക്കു ശ്രമിച്ച ഡുപ്ലേസിയുടെ ഷോട്ട് ഡീപ് മിഡ് വിക്കറ്റിൽനിന്ന് ഓടിയെത്തിയ റോവ്മൻ പവൽ മുന്നിലേക്ക് ഡൈവ് ചെയ്ത് പിടിച്ചെടുത്തു. പവർപ്ലേയിൽ 50 റൺസാണ് ആർസിബി നേടിയത്.
ഐപിഎല്ലിൽ 8000 റണ്‍സെന്ന നേട്ടം കോലി എലിമിനേറ്റർ മത്സരത്തിൽ സ്വന്തമാക്കി. രാജസ്ഥാൻ സ്പിന്നർമാരെ ക്യാപ്റ്റൻ സഞ്ജു സാംസൺ ഇറക്കിവിട്ടതോടെ ബെംഗളൂരുവിന്റെ റണ്ണൊഴുക്കിനു വേഗം കുറഞ്ഞു. എട്ടാം ഓവറിൽ യുസ്‍വേന്ദ്ര ചെഹലിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെയാണ് കോലി പുറത്തായത്. പകരക്കാരൻ ഫീൽഡർ ഡോനോവന്‍ ഫെരേര ക്യാച്ചെടുത്തു കോലിയെ മടക്കി. 11–ാം ഓവറിലെ നാലാം പന്തിൽ രജത് പാട്ടീദാറിനെ ക്യാച്ചെടുത്തു പുറത്താക്കാനുള്ള അവസരം ധ്രുവ് ജുറെല്‍ കളഞ്ഞത് രാജസ്ഥാനു നിരാശയായി. അശ്വിന്റെ പന്തിലായിരുന്നു ധ്രുവ് ക്യാച്ച് മിസ് ചെയ്തത്. എന്നാൽ രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി അശ്വിൻ ക്ഷീണം തീർത്തു.
13–ാം ഓവറിലെ മൂന്നാം പന്തിൽ കാമറൂൺ ഗ്രീനിനെയും (21 പന്തിൽ 27), തൊട്ടടുത്ത പന്തിൽ ഗ്ലെന്‍ മാക്സ്‍വെല്ലിനെയും പുറത്താക്കി അശ്വിന്‍ ബെംഗളൂരുവിനെ സമ്മർദത്തിലാക്കി. 13.1 ഓവറുകളില്‍ ആർസിബി നൂറു പിന്നിട്ടു. തൊട്ടുപിന്നാലെ സ്കോർ ഉയർത്തുക ലക്ഷ്യമിട്ട് രജത് പാട്ടിദാർ അടി തുടങ്ങി. എന്നാൽ പാട്ടിദാറുടെ ആക്രമണം അധികം നീണ്ടില്ല. ആവേശ് ഖാന്റെ പന്തിൽ റിയാൻ പരാഗ് ക്യാച്ചെടുത്ത് യുവതാരത്തെ മടക്കി. അടുത്ത പന്തിൽ ദിനേഷ് കാർത്തിക്കിനെ ആവേശ് ഖാൻ വിക്കറ്റിനു മുന്നില്‍ കുടുക്കിയെങ്കിലും, ഡിആർഎസ് എടുത്ത് ഡികെ രക്ഷപെട്ടു. ഇത് ബെംഗളൂരുവിന് ഗുണം ചെയ്തു. 17.2 ഓവറിൽ സ്കോർ 150 കടന്നു.
എന്നാൽ 19–ാം ഓവറിൽ ആവേശ് ഖാന്റെ പന്തിൽ കാർത്തിക്ക് വീണു. കാർത്തിക്കിന്റെ ബാറ്റിൽ തട്ടി ഉയർന്നുപൊങ്ങിയ പന്ത് യശസ്വി ജയ്സ്വാൾ പിടിച്ചെടുത്തു. ഇംപാക്ട് നിയമം ഉപയോഗിച്ച് ഒരു താരത്തെ അധികമായി ഉപയോഗിക്കാനായിരുന്നു പിന്നീട് ബെംഗളൂരുവിന്റെ ശ്രമം. രജത് പാട്ടിദാറിനെ പിൻവലിച്ച് ഇറങ്ങിയത് സ്വപ്നിൽ സിങ്. 17 പന്തിൽ 32 റൺസെടുത്ത മഹിപാൽ ലോംറോറിനെ റോവ്മൻ പവൽ ക്യാച്ചെടുത്തു പുറത്താക്കി. 19–ാം ഓവറിൽ അഞ്ചു റൺസ് മാത്രം വഴങ്ങിയ രാജസ്ഥാൻ രണ്ടു വിക്കറ്റുകളും വീഴ്ത്തി. സന്ദീപ് ശർമയെറിഞ്ഞ 20–ാം ഓവറിൽ 13 റൺസ് ബെംഗളൂരു അടിച്ചെടുത്തു.
യശസ്വിയും പരാഗും തുടങ്ങി, കളി തീർത്ത കരീബിയൻ കരുത്ത്
മറുപടി ബാറ്റിങ്ങിൽ ആർസിബിയുടെ ആദ്യ ഓവർ എറിയാനെത്തിയത് സ്പിന്നർ സ്വപ്നിൽ സിങ്ങായിരുന്നു. രണ്ടു റണ്‍സാണ് റോയൽസ് ഓപ്പണർമാർ ആദ്യ ആറു പന്തുകളിൽ നേടിയത്. സിറാജിന്റെ രണ്ടാം ഓവറിൽ വഴങ്ങിയത് നാലു റൺസ് മാത്രം. മൂന്നാം ഓവറിൽ യാഷ് ദയാലിനെ നാലുവട്ടം ബൗണ്ടറി കടത്തി യശസ്വി ജയ്സ്വാൾ റൺവേട്ടയ്ക്കു തുടക്കമിട്ടു. ആറാം ഓവറിലാണ് വിക്കറ്റു വീഴ്ത്താനുള്ള ബെംഗളൂരു ശ്രമങ്ങൾ ഫലം കണ്ടത്. ലോക്കി ഫെർഗൂസന്റെ മൂന്നാം പന്തിൽ ടോം കോലർ കാഡ്മോർ ബോൾഡായി. ജോസ് ബട്‍ലർക്കു പകരം ടീമിലെത്തിയ താരം 15 പന്തിൽ നേടിയത് 20 റണ്‍സ്. പവർ പ്ലേ അവസാനിക്കും മുൻപേ ക്യാപ്റ്റൻ സഞ്ജു സാംസൺ ക്രീസിലെത്തി. 47 റൺസാണ് പവർ പ്ലേ ഓവറുകളിൽ രാജസ്ഥാൻ നേടിയത്.
കാമറൂൺ ഗ്രീന്‍ എറിഞ്ഞ പത്താം ഓവറിൽ യശസ്വി ജയ്സ്വാൾ പുറത്തായത് രാജസ്ഥാൻ ആരാധകരെ ഞെട്ടിച്ചു. 30 പന്തിൽ 45 റൺസെടുത്ത താരത്തെ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്ക് ക്യാച്ചെടുത്താണു പുറത്താക്കിയത്. അംപയർ ഔട്ട് അനുവദിച്ചില്ലെങ്കിലും ബെംഗളൂരു ഡിആർഎസിനു പോയി. പന്ത് ജയ്സ്വാളിന്റെ ഗ്ലൗവിൽ ചെറിയ രീതിയിൽ എഡ്ജ് ആയാണു പോയതെന്നു വ്യക്തമായതോടെ തേർഡ് അംപയർ ഔട്ട് അനുവദിച്ചു. തൊട്ടുപിന്നാലെ സഞ്ജു സാംസണ്‍ വിക്കറ്റ് കളഞ്ഞത് രാജസ്ഥാനെ പ്രതിരോധത്തിലാക്കി. കരൺ ശർമയുടെ പന്ത് കയറി അടിക്കാന്‍ ശ്രമിച്ച സഞ്ജുവിനെ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്ത് ഔട്ടാക്കി. 14 പന്തുകൾ നേരിട്ട രാജസ്ഥാൻ ക്യാപ്റ്റൻ 17 റൺസ് മാത്രമാണു നേടിയത്. പുറത്തായി മടങ്ങുമ്പോൾ ഗ്രൗണ്ടിൽ ബാറ്റ് വലിച്ചെറിഞ്ഞാണ് സഞ്ജു രോഷം തീര്‍ത്തത്. സഞ്ജുവിന്റെ പുറത്താകലോടെ രാജസ്ഥാന്‍ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. 12 ഓവറുകളിലാണ് റോയല്‍സ് 100 തൊട്ടത്.
14–ാം ഓവറിൽ ഡബിൾ ഓടാനുള്ള ശ്രമത്തിനിടെ ധ്രുവ് ജുറെൽ (എട്ട് പന്തിൽ എട്ട്) റൺഔട്ടായി. റിയാൻ പരാഗ് അടിച്ച പന്ത് ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് വിരാട് കോലി അതിവേഗം കാമറൂൺ ഗ്രീനിന്റെ കൈകളിലെത്തിച്ചു. ജുറെൽ ക്രീസിലെത്തുന്നതിനു തൊട്ടുമുൻപ് ഗ്രീൻ ബെയ്‍ൽസ് ഇളക്കി. രാജസ്ഥാൻ നാലിന് 112. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ഷിംറോൺ ഹെറ്റ്മിയർ മത്സരത്തിൽ ശരിക്കും ഇംപാക്ട് ആകുന്ന കാഴ്ചയായിരുന്നു പിന്നീട്. 16.4 ഓവറുകളിൽ റോയൽസ് 150 പിന്നിട്ടു. 18–ാം ഓവറിൽ റിയാൻ പരാഗിനെ ബോള്‍ഡാക്കി മുഹമ്മദ് സിറാജ് ആർസിബിയെ വീണ്ടും മത്സരത്തിലേക്ക് എത്തിച്ചു. തുടർച്ചയായി രണ്ടു വൈഡുകള്‍ എറിഞ്ഞ ശേഷമായിരുന്നു സിറാജിന്റെ ഗംഭീര തിരിച്ചുവരവ്. ഇതേ ഓവറിലെ അവസാന പന്തിൽ ഷിംറോൺ ഹെറ്റ്മിയറെ ഫാഫ് ഡുപ്ലേസി ക്യാച്ചെടുത്തു പുറത്താക്കി.
രണ്ട് ഓവറിൽ രാജസ്ഥാന് ജയിക്കാൻ വേണ്ടത് 13 റൺസ്. 19–ാം ഓവറിൽ ലോക്കി ഫെർഗൂസന്റെ ആദ്യ രണ്ടു പന്തുകൾ റോവ്മൻ പവൽ ബൗണ്ടറി കടത്തിയതോടെ ബെംഗളൂരു വീണ്ടും കളി കൈവിട്ടു. 10 പന്തിൽ രാജസ്ഥാന് വേണ്ടത് അഞ്ച് റൺസ് മാത്രം. പത്തൊൻപതാം ഓവറിലെ അവസാന പന്ത് സിക്സർ പറത്തി പവൽ രാജസ്ഥാന് നാലു വിക്കറ്റ് വിജയം സമ്മാനിച്ചു. ആറു പന്തുകൾ ബാക്കിനിൽക്കെ അവസാന ഓവർ ത്രില്ലറിലേക്ക് ബാക്കിവയ്ക്കാതെ കളി പിടിച്ചെടുത്തു സഞ്ജുവിന്റെ റോയൽസ്. എട്ട് പന്തുകളിൽ ഒരു സിക്സ് അടക്കം 16 റൺസെടുത്ത റോവ്മന്‍ പവൽ പുറത്താകാതെനിന്നു. 24ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും.