ADVERTISEMENT

ചെന്നൈ ∙ ഒരുവശത്തു ബാറ്റർമാരുടെ കരുത്തിൽ പ്ലേ ഓഫിലെത്തിയ സൺറൈസേഴ്സ് ഹൈദരാബാദ്. മറുപുറത്ത് ബോളർമാരുടെ മികവിൽ രാജസ്ഥാൻ റോയൽസ്. ഫൈനൽ ബെർത്ത് ഉറപ്പിക്കാനുള്ള പോരാട്ടത്തിനായി ഇരുടീമുകളും ഇന്ന് ഏറ്റുമുട്ടുമ്പോൾ സൂപ്പർ ത്രില്ലറിൽ കുറഞ്ഞതൊന്നും ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നില്ല. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ സിനിമാ ആപ്പിലും തത്സമയം.

സഞ്ജു & കമ്പനി

ആദ്യ പകുതിയിലെ തുടർ ജയങ്ങൾ നൽകിയ ധൈര്യവും രണ്ടാം പകുതിയിലെ തുടർതോൽവികളിൽ നിന്നു പഠിച്ച പാഠങ്ങളുമാണ് രാജസ്ഥാന്റെ കരുത്ത്. ജോസ് ബട്‌ലർ മടങ്ങിയതോടെ നിലതെറ്റിയ ബാറ്റിങ് നിരയുടെ പോരായ്മ ബോളർമാരുടെ ബലത്തിലാണ് രാജസ്ഥാൻ മറികടന്നത്. ആർ.അശ്വിൻ–  യുസ്‌വേന്ദ്ര ചെഹൽ സ്പിൻ ജോടിയിലാണ് ടീമിന്റെ പ്രതീക്ഷ.

പവർപ്ലേയിൽ പതിവു തെറ്റിക്കാതെ വിക്കറ്റെടുക്കുന്ന ട്രെന്റ് ബോൾട്ട് നൽകുന്ന തുടക്കം സ്പിന്നർമാർ ഏറ്റുപിടിച്ചാൽ  മാത്രം മതി. മധ്യനിരയിൽ റിയാൻ പരാഗ്, സഞ്ജു സാംസൺ എന്നിവരുടെ പ്രകടനവും ഫിനിഷിങ്ങിൽ റോവ്മൻ പവൽ– ഷിമ്രോൺ ഹെറ്റ്മിയർ ജോടിയുടെ മികവും ഇതിനകം മാറ്റു തെളിയിച്ചുകഴിഞ്ഞു.

പാറ്റ് & പവർ

പവർ ഹിറ്റേഴ്സിന്റെ കരുത്തിലാണ് പാറ്റ് കമിൻസും സംഘവും പ്ലേ ഓഫ് വരെ എത്തിയത്. ടീമിന്റെ ശക്തിയും ദൗർബല്യവും ഈ പവർ ഹിറ്റർമാർ തന്നെ. ഓപ്പണിങ്ങിൽ ട്രാവിസ് ഹെ‍‍ഡ്– അഭിഷേക് ശർമ സഖ്യം താളം കണ്ടെത്തിയാൽ എത്ര വലിയ ലക്ഷ്യവും ഹൈദരാബാദിനു നിസ്സാരം. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ ഇവർക്കൊപ്പം ഹെയ്ൻറിച് ക്ലാസൻ, നിതീഷ് റെഡ്ഡി, രാഹുൽ ത്രിപാഠി എന്നിവർ കൂടി തിളങ്ങിയാൽ 250ൽ കുറഞ്ഞ ടോട്ടൽ പ്രതീക്ഷിക്കേണ്ട.

സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ പാറ്റ് കമിൻസ്. ‌ (Photo by AFP)
സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ പാറ്റ് കമിൻസ്. ‌ (Photo by AFP)

അതേസമയം ബാറ്റിങ്ങിൽ ടോപ് ഓർഡർ തകർന്നാൽ ടീമിനെ കരകയറ്റാൻ സാധിക്കുന്ന മധ്യനിര ഹൈദരാബാദിനില്ല. ബോളിങ്ങിൽ പാറ്റ് കമിൻസ്, ഭുവനേശ്വർ കുമാർ, ടി.നടരാജൻ തുടങ്ങിയ വമ്പൻമാർ ഉണ്ടായിട്ടും എതിർ ടീമിന് കാര്യമായ വെല്ലുവിളി ഉയർത്താൻ ഹൈദരാബാദിന് ഇതുവരെ സാധിച്ചിട്ടില്ല. ചെന്നൈയിലെ പിച്ചിൽ ഒരു സ്പെഷലിസ്റ്റ് സ്പിന്നറുടെ അഭാവം ടീമിനെ അലട്ടുമെന്നുറപ്പാണ്.

മഴ പെയ്താൽ റിസർവ് ഡേ

ചെന്നൈയിൽ ഇന്ന് മഴയ്ക്കു സാധ്യതയില്ലെങ്കിലും അഥവാ മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ നാളെ റിസർവ് ഡേ ഏർപ്പെടുത്തിയിട്ടുണ്ട്. നാളെയും മഴ കളിമുടക്കിയാൽ ലീഗ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന (ഇരു ടീമുകൾക്കും ഒരേ പോയിന്റാണെങ്കിലും നെറ്റ് റൺറേറ്റിൽ ഹൈദരാബാദാണ് മുൻപിൽ) ഹൈദരാബാദ് ഫൈനലിൽ കടക്കും.

നേർക്കുനേർ

ലീഗ് ഘട്ടത്തിലെ രാജസ്ഥാൻ – ഹൈദരാബാദ് മത്സരത്തിൽ ജയം ഹൈദരാബാദിനൊപ്പമായിരുന്നു. ഹൈദരാബാദ് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ഒരു റണ്ണിനാണ് അന്ന് മത്സരം തോറ്റത്.

English Summary:

Chennai hosting IPL 2nd qualifier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com