ADVERTISEMENT

ചെന്നൈ∙ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ 36 റൺസിന് തോൽപിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ ഫൈനലിൽ. 176 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 139 റൺസ്. രാജസ്ഥാൻ ബാറ്റിങ് നിരയിൽ യുവതാരം ധ്രുവ് ജുറെൽ മാത്രമാണു പൊരുതിനിന്നത്. 35 പന്തുകൾ നേരിട്ട ജുറെൽ 56 റൺസെടുത്തു പുറത്താകാതെനിന്നു. 

രണ്ടാം ഇന്നിങ്സിലെ ആനുകൂല്യം മുതലാക്കി സ്പിൻ ബോളർമാരെ ഉപയോഗിച്ചാണ് സണ്‍റൈസേഴ്സ് കളി പിടിച്ചത്. സ്പിന്നര്‍മാരായ ഷഹബാസ് അഹമ്മദ് മൂന്നും അഭിഷേക് ശർമ രണ്ടും വിക്കറ്റുകൾ ഹൈദരാബാദിനായി വീഴ്ത്തി. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ 11 പന്തുകളിൽ 10 റൺസ് മാത്രമെടുത്താണു പുറത്തായത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സൺറൈസേഴ്സ് ഹൈദരാബാദ് നേരിടും. ഹൈദരാബാദിന്റെ മൂന്നാം ഫൈനലാണിത്.

വമ്പനടി മറന്ന് ഹൈദരാബാദ്, വിക്കറ്റുകൾ പങ്കിട്ട് ബോൾട്ട്, ആവേശ്, സന്ദീപ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണു നേടിയത്. 34 പന്തിൽ 50 റൺസെടുത്ത ഹെൻറിച് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ട്രാവിസ് ഹെഡ് (28 പന്തിൽ 34), രാഹുൽ ത്രിപാഠി (15 പന്തിൽ 37) എന്നിവരും തിളങ്ങി. രാജസ്ഥാനു വേണ്ടി ട്രെന്റ് ബോൾട്ടും ആവേശ് ഖാനും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. സന്ദീപ് ശർമ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. പവർ പ്ലേയിൽ വിക്കറ്റുകൾ മൂന്നെണ്ണം നഷ്ടമായെങ്കിലും ബാറ്റിങ്ങിൽ മെല്ലെപ്പോകാൻ സൺറൈസേഴ്സ് ഒരുക്കമായിരുന്നില്ല. 68 റൺസാണ് ഹൈദരാബാദ് ആദ്യ ആറ് ഓവറുകളിൽ അടിച്ചെടുത്തത്. ഒരു സിക്സും ഒരു ഫോറും അടിച്ചതിനു പിന്നാലെ ആദ്യ ഓവറിൽ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ട്രെന്റ് ബോൾട്ട് പുറത്താക്കി.

ബാറ്റിങ്ങിനായി ഇറങ്ങിയ രാഹുൽ ത്രിപാഠിയാണ് പവർപ്ലേയിൽ ഹൈദരാബാദിന്റെ കരുത്തായത്. 15 പന്തുകൾ നേരിട്ട താരം അഞ്ച് ഫോറുകളും രണ്ടു സിക്സുകളുമാണ് ചെപ്പോക് സ്റ്റേഡിയത്തിൽ അടിച്ചുപറത്തിയത്. ബോൾട്ടിന്റെ പന്തിൽ ചെഹൽ ക്യാച്ചെടുത്ത് ത്രിപാഠി മടങ്ങി. തൊട്ടുപിന്നാലെ എയ്ഡൻ മാർക്രവും സമാന രീതിയിൽ പുറത്തായി. പവര്‍ പ്ലേയ്ക്കു ശേഷം ഹൈദരാബാദിന്റെ സ്കോറിങ്ങിനു വേഗം കുറഞ്ഞു. പത്താം ഓവറിലെ അവസാന പന്തിലായിരുന്നു ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ പുറത്താകൽ. 28 പന്തിൽ 34 റൺസെടുത്ത ഹെഡിനെ സന്ദീപ് ശർമയുടെ പന്തിൽ ആർ. അശ്വിൻ ക്യാച്ചെടുത്താണു മടക്കിയത്. 10.2 ഓവറിലാണ് ഹൈദരാബാദ് 100 തൊട്ടത്. രാജസ്ഥാൻ ബോളർമാർ പിടിച്ചെറിഞ്ഞതോടെ സൺറൈസേഴ്സ് സമ്മർദത്തിലായി.

14–ാം ഓവറിലെ അഞ്ചാം പന്തിൽ ആവേശ് ഖാൻ നിതീഷ് കുമാർ റെഡ്ഡിയെ ചെഹലിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ അബ്ദുൽ സമദിന്റെ കുറ്റി തെറിപ്പിച്ച് ആവേശ് ഹൈദരാബാദിനെ പ്രതിരോധത്തിലാക്കി. 14 ഓവറുകൾ പിന്നിടുമ്പോൾ ആറിന് 132 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. ഇതോടെ വിക്കറ്റ് പോകാതെ പിടിച്ചുനിൽക്കുകയെന്നതായി ഹൈദരാബാദിന്റെ ലക്ഷ്യം. ട്രാവിസ് ഹെഡിനെ പിൻവലിച്ച ഹൈദരാബാദ് ഇംപാക്ട് പ്ലേയറായി ഷഹബാസ് അഹമ്മദിനെ ഇറക്കി. 17 ഓവറിലാണ് ഹൈദരാബാദ് 150 ലെത്തിയത്. 

അര്‍ധ സെഞ്ചറി നേടിയതിനു പിന്നാലെ ക്ലാസനെ സന്ദീപ് ശർമ ബോൾഡാക്കി. 18–ാം ഓവറിൽ ആറു റൺസ് മാത്രമാണു സന്ദീപ് വഴങ്ങിയത്. ആവേശ് ഖാൻ എറിഞ്ഞ 20–ാം ഓവറിലെ മൂന്നാം പന്തിൽ സിക്സറിനു ശ്രമിച്ച ഷഹബാസ് അഹമ്മദിനെ (18 പന്തിൽ 18) ധ്രുവ് ജുറെൽ ക്യാച്ചെടുത്തു പുറത്താക്കി. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ ഹൈദരാബാദ് ബാറ്റർമാർക്ക് ആറ് റൺസ് എടുക്കാൻ മാത്രമാണു സാധിച്ചത്. ഈ ഓവറിൽ രണ്ടു വിക്കറ്റുകളും വീണു.

കളി കൈവിട്ട് രാജസ്ഥാൻ

മറുപടി ബാറ്റിങ്ങില്‍ പവർപ്ലേയിൽ രാജസ്ഥാൻ ബാറ്റർമാർ കഴിഞ്ഞ മത്സരത്തിനു സമാനമായി സ്കോർ കണ്ടെത്താൻ ബുദ്ധിമുട്ടി. ജോസ് ബട്‌ലറിന്റെ പകരക്കാരൻ ടോം കോലർ കാ‍‍ഡ്മോർ (16 പന്തിൽ 10) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ഓപ്പണിങ് കൂട്ടുകെട്ട് 24 റൺസിന് അവസാനിച്ചതിനു പിന്നാലെ യശസ്വി ജയ്സ്വാൾ അടി തുടങ്ങി. ഭുവനേശ്വർ കുമാർ എറിഞ്ഞ ആറാം ഓവറിൽ നാലു ബൗണ്ടറികൾ നേടി ജയ്സ്വാൾ അടിച്ചുകൂട്ടിയത് 19 റൺസ്. പവർപ്ലേയില്‍ രാജസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 51 റൺസ്. 7.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് 82 റൺസെടുത്തിരുന്നു. ഇത്രയും ഓവർ പിന്നിട്ടപ്പോൾ രാജസ്ഥാൻ ഒരു വിക്കറ്റിന് 57 റൺസെന്ന നിലയിലായിരുന്നു.

boult-1248
ട്രെന്റ് ബോൾട്ടും റിയാൻ പരാഗും മത്സരത്തിനിടെ. Photo: X@RR

എട്ടാം ഓവറിൽ സ്പിന്നർ ഷഹബാസ് അഹമ്മദിനെ സിക്സ് അടിക്കാൻ ശ്രമിച്ച യശസ്വി ജയ്സ്വാളിന് പിഴച്ചു. ലോങ് ഓഫിലേക്ക് ഉയർന്നുപൊങ്ങിയ പന്ത് അബ്ദുൽ സമദ് പിടിച്ചെടുത്തു. 21 പന്തുകൾ നേരിട്ട ജയ്സ്വാൾ 42 റൺസെടുത്തു. തൊട്ടുപിന്നാലെ ബൗണ്ടറിക്കു ശ്രമിച്ച സഞ്ജു സാംസണും പുറത്തായത് രാജസ്ഥാനു നിരാശയായി. 10 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിലായിരുന്നു രാജസ്ഥാൻ. സ്പിന്നര്‍ ഷഹബാസ് അഹമ്മദിനെ സിക്സ് അടിക്കാനുള്ള ശ്രമത്തിൽ റിയാൻ പരാഗിന് പിഴച്ചു. ആറു റൺസെടുത്ത താരത്തെ അഭിഷേക് ശർമ ക്യാച്ചെടുത്തു പുറത്താക്കി.

പിന്നാലെ ബാറ്റിങ്ങിന് എത്തിയത് ആർ. അശ്വിൻ. ഇതേ ഓവറിൽ അശ്വിനെ വിക്കറ്റ് കീപ്പർ ഹെൻറിച് ക്ലാസൻ ക്യാച്ചെടുത്തു മടക്കി. സ്പിന്നർ ഷഹബാസ് അഹമ്മദ് താളം കണ്ടെത്തിയതോടെ അഭിഷേക് ശർമ, എയ്ഡൻ മാർക്രം എന്നിവരെ ഹൈദരാബാദ് പാർട് ടൈം ബോളർമാരായി ഇറക്കി. സ്കോർ 92 ൽ നിൽക്കെ ഷിംറോൺ ഹെറ്റ്മിയറെ അഭിഷേക് ശർമ ബോൾഡാക്കി. 15 ഓവറിലാണ് രാജസ്ഥാൻ 100 കടന്നത്. മധ്യനിരയിൽ ധ്രുവ് ജുറെൽ പൊരുതി നിന്നെങ്കിലും, 12 പന്തിൽ ആറ് റൺസെടുത്ത റോവ്മൻ പവലും പുറത്തായതോടെ രാജസ്ഥാന്റെ പ്രതീക്ഷകൾ അവസാനിച്ചു.

English Summary:

Rajasthan Royals vs Sunrisers Hyderabad, IPL Qualifier 2 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com