പുറത്തായ രോഷത്തില്‍ വിക്കറ്റ് തകർക്കാൻ ശ്രമം, തോൽവിക്കു പിന്നാലെ രാജസ്ഥാൻ താരത്തിനു പിഴ ശിക്ഷ
Mail This Article
ചെന്നൈ∙ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തോൽവിക്കു പിന്നാലെ രാജസ്ഥാൻ റോയല്‍സ് ബാറ്റർ ഷിംറോൺ ഹെറ്റ്മിയര്‍ക്ക് പിഴ ശിക്ഷ. ഹൈദരാബാദിനെതിരായ മത്സരത്തിനിടയിലെ മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ പത്തു ശതമാനം ഹെറ്റ്മിയർ പിഴയായി അടയ്ക്കണം. പുറത്തായ രോഷത്തിൽ വിക്കറ്റ് അടിച്ചുതകർക്കാൻ ശ്രമിച്ചെന്നാണ് താരത്തിനെതിരായ കുറ്റം. വിജയലക്ഷ്യം പിന്തുടരുന്നതിനിടെ അഭിഷേക് ശർമയെറിഞ്ഞ 14–ാം ഓവറിൽ ഹെറ്റ്മിയർ ബോൾഡാകുകയായിരുന്നു.
ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ഹെറ്റ്മിയർ പത്ത് പന്തുകളിൽനിന്ന് നാലു റൺസാണ് ആകെ നേടിയത്. നിർണായക സമയത്ത് ബാറ്റിങ്ങിനിറങ്ങിയ ഹെറ്റ്മിയർ ഹൈദരാബാദിന്റെ സ്പിൻ ആക്രമണത്തിൽ വീണുപോകുകയായിരുന്നു. ലെവൽ 1 കുറ്റമാണ് ഹെറ്റ്മിയറിന്റേതെന്നും താരം മാച്ച് റഫറിയുടെ തീരുമാനം അംഗീകരിച്ചിട്ടുണ്ടെന്നും ഐപിഎൽ സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു. പരുക്കുമാറി തിരിച്ചെത്തിയ ഹെറ്റ്മിയർ ഇംപാക്ട് പ്ലേയറായാണ് ആർസിബിക്കെതിരായ എലിമിനേറ്റർ മത്സരത്തിലും കളിക്കാനിറങ്ങിയത്.
ഹൈദരാബാദിനെതിരായ രണ്ടാം ക്വാളിഫയറിൽ സഞ്ജു സാംസണും സംഘവും 36 റൺസിന്റെ തോൽവിയാണു വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറിൽ 9ന് 175 റൺസെടുത്തു. മറുപടിയിൽ രാജസ്ഥാന് 20 ഓവറിൽ 7ന് 139 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. പൊരുതിനേടിയ ജയത്തോടെ ഫൈനലിൽ കടന്ന പാറ്റ് കമിൻസും സംഘവും നാളെ നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.