500 റൺസെടുത്തിട്ട് എന്തു കാര്യം? ഇതാണു സഞ്ജുവിന്റെ പ്രശ്നം: രൂക്ഷവിമർശനവുമായി ഗാവസ്കർ
Mail This Article
മുംബൈ∙ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റ് പുറത്തായതിനു പിന്നാലെ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിനും യുവതാരം റിയാൻ പരാഗിനുമെതിരെ മുൻ ഇന്ത്യൻ താരം സുനില്‍ ഗാവസ്കറിന്റെ രൂക്ഷവിമർശനം. ഐപിഎല്ലിന്റെ 17–ാം സീസണിൽ അഞ്ഞൂറിനു മുകളിൽ സ്കോർ നേടിയിട്ടുള്ള റിയാൻ പരാഗും സഞ്ജുവും സൺറൈസേഴ്സിനെതിരെ ബാറ്റിങ്ങിൽ തിളങ്ങിയിരുന്നില്ല. അനാവശ്യ ഷോട്ടുകൾ കളിച്ച് ഇവർ ടീമിനെ പ്രതിരോധത്തിലാക്കുകയാണെന്ന് ഗാവസ്കർ ആരോപിച്ചു. ക്വാളിഫയറിൽ രാജസ്ഥാനെ 36 റൺസിനു തോൽപിച്ചാണ് ഹൈദരാബാദ് ഐപിഎൽ ഫൈനലില്‍ കടന്നത്.
‘‘500 റൺസെടുത്തിട്ട് എന്താണ് കാര്യം? വിചിത്രമായ ഷോട്ടുകള്‍ കളിച്ചിട്ടാണ് അവർ പുറത്തായത്. സ്വന്തം ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ലെങ്കില്‍ ഇതിലൊന്നും ഒരു കാര്യവുമില്ല. അനാവശ്യമായ ഷോട്ട് കളിച്ചാണ് സാംസൺ മടങ്ങിയത്. ഇതാണ് സഞ്ജുവിന്റെ പ്രശ്നം. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ സാധിക്കാത്തത്.’’– ഗാവസ്കർ വ്യക്തമാക്കി.
‘‘സഞ്ജുവിന്റെ ഷോട്ട് സിലക്ഷൻ കൃത്യമല്ല. തകരാറുകൾ മാറ്റിയെടുത്ത്, ട്വന്റി20 ലോകകപ്പിൽ അദ്ദേഹം നന്നായി കളിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.’’– ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു. രണ്ടാം ക്വാളിഫയറിൽ 11 പന്തുകൾ നേരിട്ട സഞ്ജു 10 റൺസ് മാത്രമാണു നേടിയത്. 10 പന്തുകളിൽനിന്ന് റിയാൻ പരാഗ് സ്വന്തമാക്കിയത് ആറു റൺസായിരുന്നു.
176 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 139 റൺസ് മാത്രമായിരുന്നു. രാജസ്ഥാൻ ബാറ്റിങ് നിരയിൽ യുവതാരം ധ്രുവ് ജുറേൽ മാത്രമാണു പൊരുതിനിന്നത്. 35 പന്തുകൾ നേരിട്ട ജുറേൽ 56 റൺസെടുത്തു പുറത്താകാതെനിന്നു. രണ്ടാം ഇന്നിങ്സിലെ ആനുകൂല്യം മുതലാക്കി സ്പിൻ ബോളർമാരെ ഉപയോഗിച്ചാണ് സണ്‍റൈസേഴ്സ് കളി പിടിച്ചത്. സ്പിന്നര്‍മാരായ ഷഹബാസ് അഹമ്മദ് മൂന്നും അഭിഷേക് ശർമ രണ്ടും വിക്കറ്റുകൾ ഹൈദരാബാദിനായി വീഴ്ത്തി.