ADVERTISEMENT

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്, ഏകദിന ലോകകപ്പ്, ആഷസ് വിജയങ്ങളുടെ കരുത്തിലെത്തിയ പാറ്റ് കമിൻസിന്റെ തന്ത്രങ്ങളെ, ശക്തമായൊരു ടീമിനെവച്ച് അനായാസം മറികടന്ന് ശ്രേയസ് അയ്യർ. 29 വയസ്സുകാരനായ അയ്യരെ ബിസിസിഐ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ബിസിസിഐയുടെ വാർഷിക കരാറിൽ നിന്നും താരത്തെ പുറത്താക്കിയിരുന്നു. അതിനു പിന്നാലെയാണ് ഐപിഎൽ കിരീടം നേടി ശ്രേയസിന്റെ ശക്തമായ തിരിച്ചുവരവ്.

മാസങ്ങൾക്കു മുൻപ് പരുക്കിന്റെ പിടിയിലായിരുന്ന ശ്രേയസ് ബിസിസിഐയുടെ കണ്ണിൽ ‘അനുസരണയില്ലാത്ത’ താരമായിരുന്നു. പരുക്കുമാറി തിരിച്ചെത്തുന്ന താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ‍ കളിച്ച് ഫോം വീണ്ടെടുക്കണമെന്നാണ് ബിസിസിഐയുടെ നിലപാട്. ഇഷാൻ കിഷനും ശ്രേയസ് അയ്യരുമാണ് ഇതിനു തയാറാകാതെ ഇരുന്നത്. ശ്രേയസിനെ മുംബൈ രഞ്ജി ട്രോഫി ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ബിസിസിഐ ചെവിക്കുപിടിച്ചപ്പോൾ മാത്രമാണ് താരം കളിക്കാൻ ഇറങ്ങിയത്.

വേദനയുണ്ടെന്നു വീണ്ടും പരാതിപ്പെട്ടതോടെ ശ്രേയസിനെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു അയച്ചു. താരത്തിന്റെ ഫിറ്റ്നസിൽ പ്രശ്നമൊന്നുമില്ലെന്നാണ് അക്കാദമിയിൽനിന്നു നൽകിയ റിപ്പോർട്ട്. ഇതോടെയാണ് ബിസിസിഐയും ശ്രേയസും തമ്മിലുള്ള ബന്ധം ഉലയുന്നത്. ഇഷാൻ കിഷനൊപ്പം ശ്രേയസ് അയ്യരെയും ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന് ഒഴിവാക്കി. ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു ശക്തമായ നടപടി.

ശ്രേയസ്സ് അയ്യർ (Photo by INDRANIL MUKHERJEE / AFP)
ശ്രേയസ്സ് അയ്യർ (Photo by INDRANIL MUKHERJEE / AFP)

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ അതിൽനിന്നും താരത്തെ മാറ്റിനിർത്തി. ഏകദിന ലോകകപ്പിൽ കളിച്ച, ഇന്ത്യൻ പ്ലേയിങ് ഇലവനിൽ സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന താരത്തെയാണ് ബിസിസിഐ ഒഴിവാക്കിയത്. പരുക്കുമാറി ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഐപിഎല്ലിനിറങ്ങിയ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കിയായിരുന്നു ബിസിസിഐ ലോകകപ്പ് ടീമിലെടുത്തത്. ഈ ഇളവ് ശ്രേയസിന്റെ കാര്യത്തിൽ നൽകിയില്ല.

വീണ്ടും ഗംഭീർ– ശ്രേയസ് കോംബോ

2024 സീസണിനു മുന്നോടിയായാണ് ഗൗതം ഗംഭീർ കൊൽക്കത്തയുടെ മെന്ററായെത്തുന്നത്. കഴിഞ്ഞ സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായിരുന്നു ഗംഭീർ. ഗംഭീർ ടീമിന്റെ ഭാഗമായതോടെ കൊൽക്കത്തയിൽ മാറ്റങ്ങളുണ്ടായി. വിൻഡീസ് താരം സുനിൽ നരെയ്ന് സ്ഥിരം ഓപ്പണിങ് സ്ഥാനം ഉള്‍പ്പെടെ നൽകി ഗംഭീർ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ക്ലിക്കായി. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തായി പ്ലേ ഓഫ് കാണാതെ മടങ്ങിയ കൊൽക്കത്ത ഇത്തവണ പോയിന്റ് പട്ടികയിലെ ടോപ് ടീമായി.

ഗൗതം ഗംഭീർ. Photo: X@KKR
ഗൗതം ഗംഭീർ. Photo: X@KKR

പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ അനുഭവ പരിചയം കൂടി ചേർന്നതോടെ ബാറ്റിങ്ങിലും ബോളിങ്ങിലും ആരെക്കാളും മികച്ച സന്തുലിതമായ ടീമായി അവർ മാറി. ലീഗ് ഘട്ടത്തിൽ കളിച്ച 14 മത്സരങ്ങളിൽ ഒൻപതു കളികളും കൊൽക്കത്ത വിജയിച്ചു. മൂന്നു മത്സരങ്ങൾ തോറ്റപ്പോൾ ഒരു കളി മഴ കാരണം ഉപേക്ഷിച്ചു. 20 പോയിന്റുമായി പ്ലേ ഓഫിലെത്തിയ കൊൽക്കത്ത ആദ്യ ക്വാളിഫയറിൽ സൺറൈസേഴ്സിനെ തോൽപിച്ച് അനായാസം ഫൈനലിലെത്തി. ഇപ്പോഴിതാ ഹൈദരാബാദിനെതിരെ സമ്പൂർണ ആധിപത്യവുമായി മൂന്നാം കിരീടവും സ്വന്തം.

കൊൽക്കത്തയുടെ വിജയക്കുതിപ്പിനു പിന്നിലെ ഡബിൾ എൻജിനുകളാണ് ക്യാപ്റ്റൻ ശ്രേയസും മെന്റർ ഗൗതം ഗംഭീറും. ഇരുവരും മുൻപ് ഐപിഎല്ലിൽ ഒരുമിച്ചു കളിച്ച താരങ്ങളാണ്. 2018 സീസണിൽ ഇന്നത്തെ ഡല്‍ഹി ക്യാപിറ്റൽസ്, ‘ഡെയർ ഡെവിൾസ്’ ആയിരുന്ന കാലത്ത് ടീം ക്യാപ്റ്റനായിരുന്നു ഗംഭീർ. ആ സീസണില്‍ ഡൽഹി തുടർച്ചയായി മത്സരങ്ങൾ തോറ്റതോടെ ഗംഭീർ ക്യാപ്റ്റൻ സ്ഥാനമൊഴിയാൻ തീരുമാനിച്ചു. പകരം ഡൽഹിയുടെ ക്യാപ്റ്റൻസി ഏറ്റെടുത്തത് ശ്രേയസ് അയ്യരായിരുന്നു. പിന്നീട് ഡൽഹിവിട്ട ശ്രേയസ് കൊൽക്കത്തയിൽ ചേർന്നു.

മെന്ററായി ഐപിഎല്ലിന്റെ ഭാഗമായ ഗംഭീറാകട്ടെ ലക്നൗ വഴിയാണ് കൊൽക്കത്തയിലെത്തിയത്. മുൻപ് വർഷങ്ങളോളം കൊൽക്കത്തയെ നയിച്ച ഗംഭീറിന് ഷാറുഖ് ഖാൻ ഉടമസ്ഥനായ ടീമിൽ സർവ സ്വാതന്ത്ര്യവും ലഭിച്ചു. കൊൽക്കത്തക്കാർ പഴയ ക്യാപ്റ്റന് രാജകീയ വരവേൽപാണു നൽകിയത്. പഴയ ക്യാപ്റ്റനും പുതിയ ക്യാപ്റ്റനും കൈകോർത്തപ്പോൾ സീസണിൽ കെകെആറിന് പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഒടുവിൽ മൂന്നാം കിരീടവുമായാണ് കൊല്‍ക്കത്ത ചെന്നൈയിൽനിന്നു വിമാനം കയറുന്നത്.

ഗംഭീർ ഇന്ത്യൻ ടീമിലേക്കോ?

ഐപിഎല്ലിലെ ദൗത്യം പൂർത്തിയാക്കിയ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നു കേൾക്കുന്നു. എന്നാൽ മെന്ററുടെ റോളിൽ ഗംഭീർ തന്നെ വേണമെന്നാണ് കൊൽക്കത്ത ടീം ഉടമ ഷാറുഖ് ഖാന്റെ നിർബന്ധം. പത്തുവർഷം ടീമിനൊപ്പം തുടരുന്നതിന് ഷാറുഖ് ഗംഭീറിന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുനൽകിയെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.

English Summary:

Shreyas Iyer and Gambhir combo won IPL for Kolkata Knight Riders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com