ADVERTISEMENT

കൊൽക്കത്ത∙ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ സ്ഥാനം ഒഴിയാതിരിക്കാൻ ടീം ഉടമ ഷാറുഖ് ഖാന്‍, ഗൗതം ഗംഭീറിന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുനല്‍കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പത്തു വര്‍ഷത്തേക്ക് ടീമിൽ തുടരാൻ ആവശ്യമായ തുക എത്രയായാലും നല്‍കാമെന്നാണ് ഷാറുഖിന്റെ നിലപാട്. 2024 ഐപിഎൽ സീസണിനു മുന്നോടിയായാണ് ഗൗതം ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ മെന്ററായി സ്ഥാനമേറ്റത്. രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയുമ്പോൾ പുതിയ പരിശീലകനാകാൻ ബിസിസിഐ ഗൗതം ഗംഭീറിനെയും പരിഗണിക്കുന്നുണ്ട്.

ഗംഭീറിനും ടീം ഇന്ത്യയുടെ പരിശീലകനാകാൻ താൽപര്യമുണ്ട്. എന്നാൽ ഗംഭീർ ബിസിസിഐയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ല. ഗംഭീറിന് തന്നെ നിയമനം നൽകാൻ ബിസിസിഐ അന്തിമ തീരുമാനം എടുക്കുകയാണെങ്കിൽ വേറെ അപേക്ഷ സമർപ്പിക്കേണ്ട കാര്യമില്ല. ഇതോടെയാണ് ഗംഭീറിനെ ടീമിൽ പിടിച്ചുനിർത്താൻ ഷാറുഖ് ശ്രമം തുടങ്ങിയത്. പത്തു വർഷത്തേക്കുള്ള കരാർ നൽകാമെന്നാണ് ഗംഭീറിന് ബോളിവുഡ് താരത്തിന്റെ ഓഫർ.

ഗംഭീർ ഇക്കാര്യത്തിൽ എന്തു നിലപാടു സ്വീകരിക്കുമെന്നു വ്യക്തമല്ല. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനില്ലെന്ന് റിക്കി പോണ്ടിങ്, ജസ്റ്റിൻ ലാംഗര്‍, സ്റ്റീഫൻ ഫ്ലെമിങ് എന്നിവർ നേരത്തേ പ്രതികരിച്ചിരുന്നു. ഓസ്ട്രേലിയക്കാരായ പരിശീലകർക്ക് ഓഫർ നൽകിയിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പിന്നീടു വ്യക്തമാക്കി. ഇന്ത്യൻ ടീമിനെ അടുത്തറിയുന്ന ആളെയാണ് ടീമിന് ആവശ്യമെന്നാണ് ജയ് ഷായുടെ നിലപാട്. ഇതോടെയാണ് ഗംഭീർ‌ പരിശീലക റോളിൽ എത്തുമെന്ന് റിപ്പോർട്ടുകൾ വന്നത്.

ട്വന്റി20 ലോകകപ്പിനു ശേഷം രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയാനിരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങളാൽ ഇനി പരിശീലകനാകാന്‍ ഇല്ലെന്നാണ് ദ്രാവിഡിന്റെ നിലപാട്. കഴിഞ്ഞ സീസണില്‍ ലക്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായിരുന്നു ഗൗതം ഗംഭീർ. വർഷങ്ങളോളം കൊൽക്കത്തയുടെ ക്യാപ്റ്റനായിരുന്ന ഗംഭീർ, ഈ സീസണിനു തൊട്ടുമുൻപ് പഴയ ടീമിലേക്കു തിരികെയെത്തുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഐപിഎൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.

English Summary:

Shah Rukh Khan Offered "Blank Cheque" To Gautam Gambhir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com