ചെന്നൈയിൽ ഇന്നു മഴ പെയ്താൽ എന്തു ചെയ്യും? കളി മുടങ്ങിയാൽ നേട്ടം കൊൽക്കത്തയ്ക്ക്
Mail This Article
ചെന്നൈ ∙ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിന്റെ കൗശലവും ഓസ്ട്രേലിയൻ മത്സരബുദ്ധിയുടെ പോർവീര്യവും– ഐപിഎൽ 17–ാം സീസൺ ഫൈനലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നേർക്കുനേർ വരുമ്പോൾ തുലനം ചെയ്യപ്പെടുന്നത് രണ്ട് രാജ്യങ്ങളിലെ ക്രിക്കറ്റ് തന്ത്രങ്ങൾ കൂടിയാണ്.
ആഭ്യന്തര ക്രിക്കറ്റിലെ അതികായനായ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെയും ടീം മെന്ററായ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെയും ഇരട്ട എൻജിൻ തന്ത്രങ്ങളാണ് കൊൽക്കത്തയ്ക്ക് ഫൈനലിലേക്കുള്ള വഴിതുറന്നത്. മറുവശത്ത് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പും ഏകദിന ലോകകപ്പും ജയിച്ചെത്തിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് മെനഞ്ഞെടുത്ത കളി ശൈലിയാണ് സൺറൈസേഴ്സിന്റെ കുതിപ്പിന് ചുക്കാൻ പിടിച്ചത്.
തുല്യ ശക്തികളുടെ പോരാട്ടമായതിനാൽ മറ്റൊരു സൂപ്പർ ത്രില്ലറോടു കൂടിയാകും ഇത്തവണത്തെ ഐപിഎൽ സീസണിന് കൊടിയിറങ്ങുന്നത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ സിനിമ ആപ്പിലും തത്സമയം.
HEAD 2 HEAD
ഐപിഎലിൽ ഇതുവരെ ഇരു ടീമുകളും നേർക്കുനേർ വന്നത് 27 തവണ. 18 മത്സരങ്ങൾ കൊൽക്കത്ത ജയിച്ചപ്പോൾ 9 എണ്ണത്തിൽ ജയം ഹൈദരാബാദിനൊപ്പമായിരുന്നു. ഈ സീസണിൽ 2 തവണ നേർക്കുനേർ വന്നപ്പോഴും വിജയികൾ കൊൽക്കത്ത തന്നെ.
ഫൈനലിന് ‘ഇന്ത്യൻ ടീമില്ല’
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ ഉൾപ്പെട്ടവരിൽ ആരും ഇന്ന് ഐപിഎൽ ഫൈനൽ കളിക്കുന്ന ടീമുകളിലില്ല. ഓസ്ട്രേലിയൻ താരങ്ങളായ പാറ്റ് കമിൻസ്, ട്രാവിസ് ഹെഡ്, മിച്ചൽ സ്റ്റാർക്, ദക്ഷിണാഫ്രിക്കയുടെ ഹെയ്ൻറിച്ച് ക്ലാസൻ, എയ്ഡൻ മാർക്രം, മാർക്കോ യാൻസൻ, അഫ്ഗാനിസ്ഥാൻ താരങ്ങളായ റഹ്മാനുല്ല ഗുർബാസ്, ഫസൽഹഖ് ഫറൂഖി, ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ്, വെസ്റ്റിൻഡീസ് താരങ്ങളായ ആന്ദ്രെ റസൽ, ഷെർഫെയ്ൻ റുഥർഫോഡ്, ശ്രീലങ്കയുടെ ദുഷ്മന്ത ചമീര എന്നിവരാണ് ട്വന്റി20 ലോകകപ്പിലും ഇന്നത്തെ ഐപിഎൽ ഫൈനലിലും കളിക്കുന്ന വിദേശ താരങ്ങൾ.
∙ "ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക, മത്സരഫലത്തെക്കുറിച്ച് ആശങ്കപ്പെടാതിരിക്കുക എന്നായിരുന്നു സീസൺ തുടങ്ങുമ്പോൾ ഞങ്ങൾക്ക് ലഭിച്ച നിർദേശം. ഓരോ ടീം അംഗവും അതു കൃത്യമായി നടപ്പാക്കി. ആ ടീം വർക്കാണ് ഞങ്ങളെ ഫൈനൽ വരെ എത്തിച്ചത്." - ശ്രേയസ് അയ്യർ (കൊൽക്കത്ത ക്യാപ്റ്റൻ)
∙ "മികച്ച സീസണിലൂടെയാണ് ടീം കടന്നുപോകുന്നത്. സീസണിന്റെ തുടക്കം മുതൽ ഫൈനലിൽ എത്തുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതു സാധിച്ചു. രണ്ടാം ക്വാളിഫയറിലെ ജയം നൽകിയ ആത്മവിശ്വാസം ചെറുതല്ല. ടീമംഗങ്ങളെല്ലാം വലിയ ആവേശത്തിലാണ്." - പാറ്റ് കമിൻസ് (ഹൈദരാബാദ് ക്യാപ്റ്റൻ)
മഴ പെയ്താൽ റിസർവ് ഡേ
ചെന്നൈയിൽ ഇന്നലെ വൈകിട്ട് മഴ പെയ്തെങ്കിലും ഇന്നു മഴയ്ക്കു സാധ്യതയില്ലെന്നാണു കാലാവസ്ഥ റിപ്പോർട്ട്. ഇനി മഴ പെയ്ത് കളിമുടങ്ങിയാൽ റിസർവ് ദിവസമായ നാളത്തേക്ക് ഫൈനൽ മാറ്റിവയ്ക്കും. നാളെയും മഴയാണെങ്കിൽ പോയിന്റ് ടേബിളിൽ മുന്നിലുള്ള കൊൽക്കത്തയെ വിജയികളായി പ്രഖ്യാപിക്കും.