വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ഹാർദിക്കിന്റെ വിദേശയാത്ര; ലോകകപ്പ് ടീമിനൊപ്പം ചേരാൻ വൈകും
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാൻ വൈകും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു ശേഷം അവധിക്കാലം ആഘോഷിക്കാൻ ഹാർദിക് പാണ്ഡ്യ വിദേശത്തേക്കുപോയിരുന്നു. ഏതു രാജ്യത്തേക്കാണു പാണ്ഡ്യ പോയതെന്നു വ്യക്തമല്ല. ഒരാഴ്ചത്തെ യാത്രയ്ക്കായാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യ വിട്ടതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഒറ്റയ്ക്കാണ് പാണ്ഡ്യയുടെ അവധി ആഘോഷം.
പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇൻസ്റ്റഗ്രാമിൽനിന്ന് പാണ്ഡ്യയുടെ പേര് നടാഷ നീക്കിയതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്. ഇക്കാര്യത്തിൽ പാണ്ഡ്യയോ, നടാഷയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണു ഹാർദിക് പാണ്ഡ്യ. ഇന്ത്യൻ ടീമിന്റെ ആദ്യ സംഘം കഴിഞ്ഞ ദിവസം യുഎസിലെത്തിയിരുന്നു.
ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ള താരങ്ങളാണ് ന്യൂയോർക്കിലെത്തിയത്. വിരാട് കോലി, സഞ്ജു സാംസൺ തുടങ്ങിയ താരങ്ങളും യുഎസിലെത്താൻ വൈകും. ഇതോടെ ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്കു വേണ്ടി ഈ താരങ്ങൾ കളിക്കില്ലെന്നു വ്യക്തമായി. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കാണ് കളി. പാക്കിസ്ഥാൻ, യുഎസ്, കാനഡ ടീമുകൾക്കെതിരെയും ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്ക്കു മത്സരങ്ങളുണ്ട്.