ADVERTISEMENT

ചെന്നൈ ∙ ‘ബാറ്റർമാർ നിങ്ങളെ മത്സരങ്ങൾ ജയിപ്പിക്കും. എന്നാൽ ടൂർണമെന്റ് ജയിക്കണമെങ്കിൽ ബോളർമാർ വിചാരിക്കണം’ എന്ന ക്രിക്കറ്റ് തത്വം ശരിയാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ബാറ്റർമാരുടെ മികവിൽ വിശ്വസിച്ച് കിരീടം സ്വപ്നം കണ്ട സൺറൈസേഴ്സ് ഹൈദരാബാദിനെ ബോളർമാരുടെ കരുത്തിൽ ചുരുട്ടിക്കെട്ടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ജേതാക്കളായി. കൊ‍ൽക്കത്തയുടെ സർവാധിപത്യം പ്രകടമായ ഐപിഎൽ ഫൈനലിൽ 8 വിക്കറ്റിനാണ് ശ്രേയസ് അയ്യരും സംഘവും ഹൈദരാബാദിനെ മലർത്തിയടിച്ചത്. ഹൈദരാബാദ് ഉയർത്തിയ 114 റൺസ് വിജയലക്ഷ്യം 10.3 ഓവറിൽ കൊൽക്കത്ത അനായാസം മറികടന്നു. സ്കോർ: ഹൈദരാബാദ് 18.3 ഓവറിൽ 113ന് പുറത്ത്. കൊൽക്കത്ത 10.3 ഓവറിൽ 2ന് 114. മൂന്ന് ഓവറിൽ 14 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത പേസർ മിച്ചൽ സ്റ്റാർക്കാണ് പ്ലെയർ ഓഫ് ദ് മാച്ച്. കൊൽക്കത്ത ഓൾറൗണ്ടർ സുനിൽ നരെയ്നാണ് ടൂർണമെന്റ്ിലെ താരം. കൊൽക്കത്തയുടെ മൂന്നാം ഐപിഎൽ കിരീടമാണിത്. 

നിസ്സാരം, കൊൽക്കത്ത

ജയിക്കാൻ 114 റൺസ് മതിയായിരുന്നിട്ടും തുടക്കം മുതൽ ആക്രമിച്ചു കളിക്കാനാണ് കൊൽക്കത്ത ബാറ്റർമാർ തീരുമാനിച്ചത്. രണ്ടാം ഓവറിലെ ആദ്യ പന്തിൽ പാറ്റ് കമിൻസിനെ ബൗണ്ടറി കടത്തിയ സുനിൽ നരെയ്ൻ (2 പന്തിൽ 6) അടുത്ത പന്തിൽ പുറത്തായെങ്കിലും കൊൽക്കത്ത പിന്നോട്ടു വലിഞ്ഞില്ല. രണ്ടാം വിക്കറ്റിൽ ഒന്നിച്ച റഹ്മാനുല്ല ഗുർബാസ് (32 പന്തിൽ 39)– വെങ്കടേഷ് അയ്യർ (26 പന്തിൽ 52 നോട്ടൗട്ട്) സഖ്യം ഹൈദരാബാദ് ബോളർമാരെ അടിച്ചൊതുക്കി മുന്നേറി. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 72 എന്ന നിലയിലായിരുന്നു കൊൽക്കത്ത. രണ്ടാം വിക്കറ്റിൽ 45 പന്തിൽ 91 റൺസാണ് ഇരുവരും ചേർന്നു നേടിയത്. 26 പന്തിൽ 3 സിക്സും 4 ഫോറും അടക്കമാണ് വെങ്കടേഷ് അർധ സെഞ്ചറി നേടിയത്. ഗുർബാസിനെ ഷഹബാസ് അഹമ്മദ് മടക്കിയെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യർ (3 പന്തിൽ 6 നോട്ടൗട്ട്) ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.

പേസ് അറ്റാക്ക്

നേരത്തേ, ബാറ്റർമാരിൽ പ്രതീക്ഷയർപ്പിച്ചാണ് ഹൈദരാബാദ് ക്യാപ്റ്റൻ കമിൻസ് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത്. എന്നാൽ സ്വിങ്ങും പേസും സമം ചേർത്ത് എറിഞ്ഞു തുടങ്ങിയ കൊൽക്കത്ത പേസർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്കായില്ല. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയുടെ (2) ഓഫ് സ്റ്റംപ് തെറിപ്പിച്ച മിച്ചൽ സ്റ്റാർക്കാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ വൈഭവ് അറോറ ട്രാവിസ് ഹെഡിനെയും (0) മടക്കിയതോടെ ഹൈദരാബാദ് ഞെട്ടി. അഞ്ചാം ഓവറിൽ രാഹുൽ ത്രിപാഠിയെയും (9) സ്റ്റാർക്ക് പുറത്താക്കിയതോടെ ഹൈദരാബാദ് 3ന് 40 എന്ന നിലയിലായി. 

നാലാം വിക്കറ്റിൽ നിതീഷ് റെഡ്ഡി (13)– എയ്ഡൻ മാർക്രം (20) കൂട്ടുകെട്ട് ഹൈദരാബാദിനെ മത്സരത്തിലേക്കു തിരികെക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും മാർക്രത്തെ റസലും നിതീഷിനെ ഹർഷിത് റാണയും മടക്കിയയച്ചു.  ഹെയ്ൻറിച്ച് ക്ലാസനും (16) വീണതോടെ 8ന് 90 എന്ന നിലയിലായി ഹൈദരാബാദ്.  100 കടക്കില്ലെന്നു തോന്നിച്ച ഹൈദരാബാദ് ടോട്ടൽ 113ൽ എത്തിച്ചത് ക്യാപ്റ്റൻ പാറ്റ് കമിൻസ് ( 24) നടത്തിയ  പോരാട്ടമാണ്.

IPL TOPPERS

BATTING

∙ കൂടുതൽ റൺസ്

വിരാട് കോലി (ബെംഗളൂരു): 741

∙ ഉയർന്ന വ്യക്തിഗത സ്കോർ

മാർക്കസ് സ്റ്റോയ്നിസ് (ലക്നൗ): 124*

∙ മികച്ച ബാറ്റിങ് ശരാശരി

നിക്കൊളാസ് പുരാൻ (ലക്നൗ): 62.37

∙ കൂടുതൽ സെഞ്ചറി

‌ജോസ് ബട്‌ലർ (രാജസ്ഥാൻ): 2

∙ കൂടുതൽ അർധ സെഞ്ചറി

വിരാട് കോലി (ബെംഗളൂരു): 6

∙ കൂടുതൽ സിക്സ്

അഭിഷേക് ശർമ (ഹൈദരാബാദ്): 42

∙ മികച്ച ബാറ്റിങ് കൂട്ടുകെട്ട്

ശുഭ്മൻ ഗിൽ– സായ് സുദർശൻ 

(ഗുജറാത്ത്): 210 റൺസ്

BOWLING

∙ കൂടുതൽ വിക്കറ്റ്

ഹർഷൽ പട്ടേൽ (പഞ്ചാബ്): 24

∙ മികച്ച ബോളിങ് പ്രകടനം:

സന്ദീപ് ശർമ (രാജസ്ഥാൻ): 5/18

∙ മികച്ച ഇക്കോണമി

ജസ്പ്രീത് ബുമ്ര (മുംബൈ): 6.48*

(* 20 ഓവറെങ്കിലും ബോൾ ചെയ്തവരിൽ)

FIELDING

∙ കൂടുതൽ ക്യാച്ച് (വിക്കറ്റ് കീപ്പർ)‌

കെ.എൽ‌.രാഹുൽ (ലക്നൗ): 14

∙ കൂടുതൽ ക്യാച്ച് (ഫീൽഡർ)

അക്ഷർ പട്ടേൽ (ഡൽഹി): 13

ടീമിലെ  ഓരോ താരവും അവരുടെ റോൾ ഗംഭീരമാക്കി. സീസണിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന ആധിപത്യം അവസാന മത്സരം വരെ നിലനിർത്താൻ ഞങ്ങൾക്ക് സാധിച്ചു. ഫൈനൽ പോരാട്ടം പ്രതീക്ഷിച്ചതിനെക്കാൾ എളുപ്പമായിരുന്നു.

English Summary:

Kolkata Knight Riders won 3rd IPL title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com