ഐപിഎല്ലിനു പിന്നാലെ സഞ്ജു ദുബായിലേക്കു പറന്നു, യാത്ര അനുമതി വാങ്ങിയ ശേഷം
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിനു പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പോയത് ദുബായിലേക്ക്. ട്വന്റി20 ലോകകപ്പ് മത്സരങ്ങൾക്കായി യുഎസിലേക്കുപോയ ആദ്യ ഇന്ത്യൻ സംഘത്തിൽ സഞ്ജുവുണ്ടായിരുന്നില്ല. വ്യക്തിപരമായ ചില ജോലികൾ പൂർത്തിയാക്കുന്നതിനായി സഞ്ജു ദുബായിലേക്കു പോയെന്നാണു റിപ്പോർട്ട്. ഇതിനായി ബിസിസിഐയിൽനിന്ന് താരം അനുമതി വാങ്ങിച്ചിട്ടുണ്ട്. മലയാളി താരം ദുബായിൽനിന്ന് നേരിട്ട് യുഎസിലേക്കു പോകാനാണു സാധ്യത.
ഐപിഎല്‍ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റ രാജസ്ഥാൻ റോയല്‍സ് ഫൈനൽ കാണാതെ പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് സഞ്ജു യുഎഇയിലേക്കു വിമാനം കയറിയത്. വിരാട് കോലി, ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യ എന്നിവരും യുഎസിലേക്കു പോയിട്ടില്ല. ബിസിസിഐയുടെ അനുമതി വാങ്ങി ഹാർദിക് പാണ്ഡ്യ ലണ്ടനിലേക്കു പോയതായാണു വിവരം.
ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായി പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. ലണ്ടനിലെ അവധിക്കു ശേഷം പാണ്ഡ്യ നേരിട്ടു യുഎസിലേക്കു പോകും. വിരാട് കോലിയും സ്വന്തം നിലയിൽ യുഎസിലേക്കു യാത്ര ചെയ്യാനാണു സാധ്യത. ലോകകപ്പിനുള്ള രണ്ടാം സംഘത്തിൽ യശസ്വി ജയ്സ്വാൾ, യുസ്‍വേന്ദ്ര ചെഹൽ, ആവേശ് ഖാന്‍ തുടങ്ങിയ താരങ്ങളാണുള്ളത്.
ജൂൺ ഒന്നിന് ഇന്ത്യയ്ക്ക് ബംഗ്ലദേശിനെതിരായ സന്നാഹ മത്സരം കളിക്കാനുണ്ട്. ഈ മത്സരത്തിൽ ആരൊക്കെ ഇറങ്ങുമെന്നു വ്യക്തമല്ല. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.