ലോകകപ്പ് മത്സരങ്ങൾ രാവിലെ, ഫ്ലഡ്ലൈറ്റ് ‘ഹാങ്ഓവർ’ മാറ്റാൻ ഇന്ത്യ; ഇനി എത്താനുള്ളത് കോലി മാത്രം
Mail This Article
ന്യൂയോർക്ക് ∙ യുഎസിലെ കാലാവസ്ഥയെ നേരിടാൻ പരിശീലന രീതികളിൽ അടിമുടി മാറ്റവുമായി ഇന്ത്യൻ ടീം. ലോകകപ്പിനായി ന്യൂയോർക്കിലെത്തിയ ഇന്ത്യൻ താരങ്ങൾ പരിശീലനം തുടങ്ങിയെങ്കിലും സ്കിൽ ട്രെയിനിങ് ആരംഭിച്ചിട്ടില്ല. രാവിലെ ജോഗിങ്ങും അനുബന്ധ വ്യായാമങ്ങളുമാണ് ഇപ്പോഴുള്ളത്. ഇന്ത്യയിൽനിന്നു തികച്ചും വ്യത്യസ്തമായ യുഎസിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനാണിത്.
രണ്ടര മാസത്തെ ഐപിഎൽ മത്സരങ്ങളിലധികവും രാത്രിയിലായിരുന്നു. ഫ്ലഡ്‌ലൈറ്റിൽ നടന്ന മത്സരങ്ങളുടെ ‘ഹാങ്ഓവർ’ മാറാതെയെത്തുന്ന ഇന്ത്യൻ ടീമിന്റെ ലോകകപ്പിലെ ആദ്യറൗണ്ട് മത്സരങ്ങളെല്ലാം രാവിലെയാണ്.
പ്രാദേശിക സമയം രാവിലെ 10.30നാണ് മത്സരങ്ങൾക്കു തുടക്കം. പകൽ മത്സരങ്ങൾക്കായി കളിക്കാരെ ഒരുക്കുകയാണ് ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിന്റെ വലിയ വെല്ലുവിളി. ‘മാസങ്ങളായി കളിക്കാർ ഞങ്ങൾക്കൊപ്പമില്ലായിരുന്നു. ഇപ്പോഴത്തെ അവരുടെ ശാരീരിക സ്ഥിതി എങ്ങനെയെന്ന് നിരീക്ഷിക്കാനാണ് ആദ്യം ശ്രമിക്കുന്നത്– ഇന്ത്യൻ ടീമിന്റെ കണ്ടീഷനിങ് കോച്ച് സോഹം ദേശായി പറഞ്ഞു.
കോലി എത്തിയില്ല
യുകെയിലായിരുന്ന ഹാർദിക് പാണ്ഡ്യയും ദുബായിൽ നിന്നു സഞ്ജു സാംസണും ടീമിനൊപ്പം ചേർന്നതോടെ ഇന്ത്യയുടെ ലോകകപ്പ് ടീമിലെ 14 പേരും ന്യൂയോർക്കിലെത്തി. ഇനി എത്താനുള്ളതു വിരാട് കോലി മാത്രം. നാട്ടിൽ കുടുംബത്തോടൊപ്പമുള്ള കോലി എന്നു ടീമിനൊപ്പം ചേരുമെന്നു വ്യക്തമായിട്ടില്ല.
ഒന്നിനു ബംഗ്ലദേശിനെതിരെ നടക്കുന്ന ഇന്ത്യയുടെ ഏക സന്നാഹ മത്സരത്തിൽ കോലി കളിക്കില്ലെന്നാണു വിവരം. ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യയുടെ 3 മത്സരങ്ങൾ നടക്കുന്ന ന്യൂയോർക്ക് നാസോ കൗണ്ടി സ്റ്റേഡിയമാണ് സന്നാഹ മത്സരത്തിന്റെയും വേദി. ജൂൺ 5ന് അയർലൻഡിനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.