ഐപിഎല്ലിനിടെ ഹാർദിക് പാണ്ഡ്യ സ്ലെഡ്ജ് ചെയ്തു; വെളിപ്പെടുത്തി ദിനേഷ് കാർത്തിക്ക്
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിനിടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തന്നെ സ്ലെഡ്ജ് ചെയ്തതിനെക്കുറിച്ചു വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ദിനേഷ് കാർത്തിക്ക്. ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കരിയറിൽ നേരിട്ട സ്ലെഡ്ജിങ്ങുകളെപ്പറ്റി പറഞ്ഞപ്പോഴാണു, പാണ്ഡ്യയെക്കുറിച്ച് ഡികെ പ്രതികരിച്ചത്. ‘‘ഇനി ഒരു ലെഗ് സ്പിന്നർ വരും, നന്ദി പറയാനുള്ള സമയമാണത് എന്നൊക്കെ പാണ്ഡ്യ പറഞ്ഞു.’’– ദിനേഷ് കാർത്തിക്ക് വ്യക്തമാക്കി.
‘‘പിന്നീട് ഞാന്‍ കുറച്ചു നല്ല ഷോട്ടുകൾ കളിച്ചു. എനിക്കു പുരോഗതിയുണ്ടെന്ന ഭാവമായിരുന്നു പിന്നീട് പാണ്ഡ്യയ്ക്ക്. കമന്റേറ്ററായെങ്കിലും ഞാൻ നന്നായി കളിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പാണ്ഡ്യ എന്റെ നല്ലൊരു സുഹൃത്താണ്. അതൊരു തമാശയായിരുന്നു. ഈ വർഷം രോഹിത് ശർമ എനിക്ക് ഒരു കാര്യവുമില്ലാതെ പ്രതീക്ഷ നൽകിയിരുന്നു.’’– ദിനേഷ് കാർത്തിക്ക് ചിരിച്ചുകൊണ്ടു പറഞ്ഞു. ഐപിഎല്ലിനിടെ കാർത്തിക്കിന് അരികിലേക്ക് എത്തിയ രോഹിത് ‘സബാഷ് ഡികെ, നിങ്ങൾ ലോകകപ്പ് കളിക്കണം’ എന്നു പറഞ്ഞത് വൈറലായിരുന്നു.
ഐപിഎൽ 2024 സീസണിൽ 15 മത്സരങ്ങൾ കളിച്ച ദിനേഷ് കാർത്തിക്ക് 326 റൺസാണ് ആകെ നേടിയത്. അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് കമന്റേറ്ററായി തിളങ്ങിയ ദിനേഷ് കാർത്തിക്ക് പിന്നീട് ക്രിക്കറ്റിൽ വീണ്ടും സജീവമാകുകയായിരുന്നു. ലീഗ് ഘട്ടത്തിലെ അവസാന ആറു മത്സരങ്ങൾ തുടർച്ചയായി ജയിച്ച ആർസിബി ചെന്നൈ സൂപ്പർ കിങ്സിനെ പിന്തള്ളി പ്ലേഓഫിൽ കയറിയിരുന്നു. എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനോടു തോറ്റാണ് ബെംഗളൂരു പുറത്തായത്. യുഎസ്എയിലും കരീബിയനിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള കമന്റേറ്റർ പാനലിലും ദിനേഷ് കാർത്തിക്കുണ്ട്.