ആശുപത്രി ബില്ലുകൾ അയച്ചുതരും, സഹായം ചോദിക്കും: ഇന്ത്യൻ ആരാധകരെക്കുറിച്ച് ഓസീസ് ക്യാപ്റ്റൻ
Mail This Article
മുംബൈ∙ ശസ്ത്രക്രിയയ്ക്കായി പണം അഭ്യർഥിച്ച് ഇന്ത്യക്കാർ തന്നെ സമീപിക്കാറുണ്ടെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമിൻസ്. വർഷങ്ങൾക്കു മുൻപു പുറത്തിറങ്ങിയ ഒരു അഭിമുഖത്തിലെ കമിൻസിന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെക്കുറിച്ചു സംസാരിക്കവെയാണ് കമിൻസിന്റെ പ്രതികരണം. ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് പാറ്റ് കമിൻസ്.
‘‘ചില ഇന്ത്യൻ ആരാധകർ നിങ്ങളുടെ വീടിന്റെ വിലാസം വരെ കണ്ടുപിടിക്കും. അവരുടെ ആശുപത്രി രസീതുകൾ നമുക്ക് അയച്ചുതരും. ശസ്ത്രക്രിയയുടെ ആശുപത്രി ബില്ലുകൾ അടയ്ക്കാമോ, കുറച്ചു പണം നൽകി സഹായിക്കുമോ എന്നൊക്കെയാണ് അവരുടെ ആവശ്യം. എനിക്കും അങ്ങനെ ചിലതു ലഭിച്ചിട്ടുണ്ട്.’’– പാറ്റ് കമിൻസ് പോഡ്കാസ്റ്റിൽ പ്രതികരിച്ചു. ഇതുകേട്ട് അവതാരകർ ഞെട്ടുന്നതും വിഡിയോയിലുണ്ട്. ഇത്തരം കാര്യങ്ങൾ വളരെ വിചിത്രമാണെന്ന് അവതാരകർ പറയുമ്പോൾ അതു ശരിയാണെന്ന് കമിൻസും സമ്മതിക്കുന്നു.
ഇന്ത്യയിൽ കോവിഡ് തരംഗത്തിനിടെ പിഎം കെയർ ഫണ്ടിലേക്ക് 50,000 ഡോളർ സംഭാവന നൽകിയ ആളാണ് പാറ്റ് കമിൻസ്. ഐപിഎൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപിച്ചാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം കിരീടം സ്വന്തമാക്കിയത്. ഓസ്ട്രേലിയയ്ക്കു വേണ്ടി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പും ഏകദിന ലോകകപ്പും ജയിച്ച ക്യാപ്റ്റനാണ് കമിൻസ്.