ADVERTISEMENT

പ്രോവിഡൻസ്∙ ട്വന്റി20 ലോകകപ്പിൽ ആതിഥേയരായ വെസ്റ്റിൻഡീസിന് വിജയത്തുടക്കം. പാപ്പുവ ന്യൂ ഗിനിയയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് വെസ്റ്റിൻഡീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാപ്പുവ ന്യൂ ഗിനിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തപ്പോൾ, 19 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് വിജയത്തിലെത്തി. മധ്യനിര താരം സെസെ ബാവു പാപ്പുവ ന്യൂ ഗിനിയയ്ക്കായി അർധ സെഞ്ചറി തികച്ചു. 43 പന്തുകൾ നേരിട്ട താരം 50 റൺസെടുത്താണു പുറത്തായത്.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഓപ്പണർ ജോൺസൺ ചാൾസിനെ നഷ്ടമായ വിൻ‍ഡീസിനായി ബ്രാൻഡൻ കിങ്ങും (29 പന്തിൽ 34), നിക്കോളാസ് പുരാനും (27 പന്തിൽ 27) ചേർന്ന് സ്കോർ ഉയർത്തി. ടീം സ്കോർ 61 ൽ നിൽക്കെ പുരാനെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ റോസ്റ്റൻ ചേസും മികച്ച പ്രകടനം നടത്തി. 27 പന്തിൽ 42 റൺസെടുത്ത റോസ്റ്റൻ ചേസ് പുറത്താകാതെ നിന്നു. ക്യാപ്റ്റൻ റോവ്മൻ പവൽ 15 റൺസെടുത്തു പുറത്തായി. ചെറിയ വിജയലക്ഷ്യമായിട്ടും 19 ഓവറിലാണ് വിൻഡീസ് ജയമുറപ്പിച്ചത്.

റോസ്റ്റൻ ചേസാണു കളിയിലെ താരം. ഞായറാഴ്ചത്തെ ആദ്യ മത്സരത്തിൽ യുഎസ്എ കാനഡയെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചിരുന്നു. ജൂൺ ഒന്‍പതിന് യുഗാണ്ടയ്ക്കെതിരെയാണ് വെസ്റ്റിൻഡീസിന്റെ അടുത്ത മത്സരം.

English Summary:

West Indies beat Papua New Guinea in T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com