ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ കാണാൻ താൽപര്യമില്ല: തുറന്നുപറഞ്ഞ് രാജസ്ഥാൻ റോയൽസ് താരം
Mail This Article
ഗുവാഹത്തി∙ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ തനിക്കു താൽപര്യമില്ലെന്ന് രാജസ്ഥാൻ റോയല്‍സ് താരം റിയാൻ പരാഗ്. ഏതൊക്കെ ടീമുകൾ സെമി ഫൈനലിൽ പ്രവേശിക്കുമെന്ന ചോദ്യത്തിനായിരുന്നു പരാഗിന്റെ മറുപടി. ഐപിഎൽ 2024 സീസണിൽ രാജസ്ഥാൻ റോയൽസിനായി മികച്ച ബാറ്റിങ് പ്രകടനം നടത്തിയിരുന്നെങ്കിലും താരത്തെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. സീസണിൽ 573 റൺസെടുത്ത പരാഗ് റൺവേട്ടയിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും താരങ്ങളായ യശസ്വി ജയ്സ്വാൾ, യുസ്‌വേന്ദ്ര ചെഹൽ എന്നിവരും ഇന്ത്യൻ ടീമിലുണ്ട്. ‘‘ലോകകപ്പിൽ ആരൊക്കെ സെമി ഫൈനലിൽ കടക്കുമെന്നു പറഞ്ഞാൽ അതു പക്ഷപാതപരമാകും. ഇത്തവണ എനിക്കു ട്വന്റി20 ലോകകപ്പ് കാണാൻ താൽപര്യമില്ലെന്നതാണു സത്യം. ആരാണു കിരീടം നേടുന്നതെന്നു മാത്രമാണു ഞാൻ നോക്കുന്നത്. ഞാൻ ലോകകപ്പ് കളിക്കുന്ന സമയത്ത് ആരൊക്കെ സെമിയിലെത്തുമെന്ന് ആലോചിക്കാം.’’– റിയാൻ പരാഗ് അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യൻ ടീമിൽ ഇടം നേടുമെന്ന് ഉറപ്പുണ്ടെന്നു റിയാൻ പരാഗ് അടുത്തിടെ പ്രതികരിച്ചിരുന്നു. ഇതു കേൾക്കുമ്പോൾ അഹങ്കാരമായി തോന്നാമെന്നും, എന്നാൽ തന്റെ കഴിവിലുള്ള ആത്മവിശ്വാസമാണ് ഇതെന്നും പരാഗ് വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ അസം ടീമിന്റെ ക്യാപ്റ്റനാണ് റിയാൻ പരാഗ്. ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യ സിംബാബ്‍വെയ്ക്കെതിരെ പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പരയിൽ റിയാൻ പരാഗ് ഉൾപ്പെടെയുള്ള യുവതാരങ്ങളെ കളിപ്പിക്കുമെന്നാണു വിവരം.