കൈ മടക്കാതെ എറിയണം: ഡെയ്ൽ സ്റ്റെയ്നെ പന്തെറിയാൻ ‘പഠിപ്പിച്ച്’ ലോകകപ്പ് സ്റ്റാഫ്
Mail This Article
ന്യൂയോർക്ക്∙ ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഡെയ്ൽ സ്റ്റെയ്നെ പന്തെറിയാൻ ‘പഠിപ്പിച്ച്’ ട്വന്റി20 ലോകകപ്പ് സ്റ്റാഫ്. യുഎസിലെ ലോകകപ്പ് സംഘാടകരിലുള്ള ഒരാളാണ് ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായ ഡെയ്ൽ സ്റ്റെയ്നെ പന്തെറിയാൻ പഠിപ്പിച്ച് വൈറലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സ്റ്റെയ്ൻ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചു. 2021 ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച സ്റ്റെയ്ൻ, ട്വന്റി20 ലോകകപ്പിന്റെ കമന്ററി പാനലിലുണ്ട്.
പന്തെറിയുന്നതിനു മുൻപ് കൈ മടക്കാതെ നേരെ പിടിക്കണമെന്നാണ് യുഎസ് സ്റ്റാഫിന്റെ നിര്‍ദേശം. ഇതൊക്കെ കേൾക്കുന്ന സ്റ്റെയ്ൻ, നിര്‍ദേശങ്ങളെല്ലാം അതേപടി പാലിക്കുകയും ചെയ്യുന്നുണ്ട്. പരിശീലനത്തിനിടെ ഒരു തവണ സ്റ്റെയ്ൻ വിക്കറ്റു വീഴ്ത്തുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ വിക്കറ്റു വീഴ്ത്തിയ താരമാണ് ഡെയ്ൽ സ്റ്റെയ്ൻ. 2008 മുതൽ 2014 വരെ ടെസ്റ്റ് ബോളർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ 93 മത്സരങ്ങളിൽനിന്ന് താരം 439 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തില്‍ 196 ഉം, ട്വന്റി20യിൽ 64 ഉം വിക്കറ്റുകൾ ദക്ഷിണാഫ്രിക്കയ്ക്കായി നേടിയിട്ടുണ്ട്. ഐപിഎല്ലിൽ ഡെക്കാൻ ചാർജേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്.