കോലിയും രോഹിത്തും വീണപ്പോള്‍ ഇന്ത്യയുടെ തന്ത്രം; അക്ഷറിനെ നേരത്തേ ഇറക്കാൻ കാരണം ഇതാണ്
Mail This Article
ന്യൂയോർക്ക് ∙ 3 ഓവറിൽ 19 റൺസിനിടെ 2 വിക്കറ്റ് നഷ്ടം; ഓപ്പണർമാരായ വിരാട് കോലിയും രോഹിത് ശർമയും പവലിയനിൽ തിരിച്ചെത്തി. പ്രതിസന്ധി ഘട്ടത്തിൽനിന്നു ടീമിനെ കരകയറ്റാൻ ‘ക്രൈസിസ് മാനേജർ’ ആയി ഇന്നലെ ഇന്ത്യ കളത്തിലിറക്കിയത് ഓൾറൗണ്ടർ അക്ഷർ പട്ടേലിനെയാണ്. രാജ്യാന്തര ട്വന്റി20യിൽ ആദ്യമായാണ് നാലാമനായി ബാറ്റിങ്ങിനിറങ്ങുന്നതെങ്കിലും സമ്മർദത്തിന് അടിപ്പെടാതെ അക്ഷർ പിടിച്ചുനിന്നു.
18 പന്തിൽ 2 ഫോറും ഒരു സിക്സും അടക്കം 20 റൺസ് നേടി. മൂന്നാം വിക്കറ്റിൽ 30 പന്തിൽ 39 റൺസ് നേടിയ ഋഷഭ് പന്ത്–അക്ഷർ കൂട്ടുകെട്ടാണ് ഇന്ത്യയെ തുടക്കത്തിലെ തകർച്ചയിൽ നിന്നു കരയറ്റിയത്. വലംകൈ ബാറ്റർമാർ നിറഞ്ഞ ഇന്ത്യയുടെ ടോപ് ഓർഡറിലെ ഏക ഇടംകൈ ബാറ്റർ ഋഷഭ് പന്തായിരുന്നു. പവർപ്ലേയിൽ പന്തെറിഞ്ഞ 3 പാക്കിസ്ഥാൻ പേസർമാരിൽ ഷഹീൻ അഫ്രീദിയും മുഹമ്മദ് ആമിറും ഇടംകയ്യൻമാരായിരുന്നു. പാക്കിസ്ഥാന്റെ ഈ ഇടംകൈ ആക്രമണത്തെ ചെറുക്കുകയായിരുന്നു ഇടംകൈ ബാറ്ററായ അക്ഷറിന് പ്രമോഷൻ നൽകിയതിനു പിന്നിലുള്ള ലക്ഷ്യം.
2022 ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിലും ഇന്ത്യ അക്ഷറിന് ബാറ്റിങ്ങിൽ പ്രമോഷൻ നൽകിയിരുന്നു. അന്ന് അഞ്ചാമനായി ഇറങ്ങിയ അക്ഷറിനു തിളങ്ങാനായില്ല. ലോകകപ്പിൽ ഗ്രൂപ്പ് എയിലെ നിര്‍ണായക മത്സരത്തിൽ ഇന്ത്യ ആറു റൺസ് വിജയമാണു നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ 119 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനേ പാക്കിസ്ഥാനു സാധിച്ചുള്ളൂ. നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണു കളിയിലെ താരം.