രണ്ടു തോൽവികൾക്കു ശേഷം പാക്കിസ്ഥാന് ആശ്വാസം, കാനഡയ്ക്കെതിരെ ഏഴു വിക്കറ്റ് വിജയം
Mail This Article
ന്യൂയോര്‍ക്ക്∙ ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ രണ്ടു തോൽവികൾക്കു ശേഷം പാക്കിസ്ഥാന് ആശ്വാസ വിജയം. കാനഡയ്ക്കെതിരെ ഏഴു വിക്കറ്റ് വിജയമാണ് പാക്കിസ്ഥാൻ നേടിയത്. ആദ്യം ബാറ്റു ചെയ്ത കാനഡ ഉയർത്തിയ 107 റൺസ് വിജയ ലക്ഷ്യത്തിലേക്ക്, മൂന്നു വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ പാക്കിസ്ഥാൻ എത്തുകയായിരുന്നു. ഓപ്പണർ മുഹമ്മദ് റിസ്‍വാൻ അർധ സെഞ്ചറി തികച്ചു. 53 പന്തുകള്‍ നേരിട്ട താരം 53 റൺസെടുത്തു പുറത്താകാതെനിന്നു.
ക്യാപ്റ്റൻ ബാബർ അസം 33 റൺസെടുത്തു. സയിം അയൂബ് (12 പന്തിൽ ആറ്), ഫഖർ സമാൻ (ആറു പന്തിൽ നാല്) എന്നിവരാണ് പാക്ക് നിരയിൽ പുറത്തായ മറ്റു ബാറ്റർമാർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കാനഡയ്ക്കായി ആരോൺ ജോൺസൺ (44 പന്തിൽ 52) അർധ സെഞ്ചറി നേടി. 20 ഓവർ ബാറ്റു ചെയ്ത കാനഡ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 106ലെത്തിയത്.
പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് ആമിർ, ഹാരിസ് റൗഫ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഷഹീൻ അഫ്രീദിയും നസീം ഷായും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. ജയത്തോടെ എ ഗ്രൂപ്പിൽ പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. കാനഡയാണു നാലാമത്. അയർലൻഡിനെതിരായ അവസാന മത്സരം ജയിച്ചാലും പാക്കിസ്ഥാന് സൂപ്പർ 8 റൗണ്ട് ഉറപ്പിക്കാനാകില്ല. ആദ്യ മത്സരത്തില്‍ യുഎസിനോടു തോറ്റ പാക്കിസ്ഥാൻ, ഇന്ത്യയോടും തോൽവി വഴങ്ങിയിരുന്നു.
ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സൂപ്പർ 8ൽ കടക്കുക. ബുധനാഴ്ചത്തെ മത്സരത്തിൽ യുഎസിലെ തോൽപിച്ചാൽ ഇന്ത്യ അടുത്ത റൗണ്ടിലേക്കു മുന്നേറും. യുഎസാണ് നിലവിൽ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍.