ഷഹീനും ബാബർ അസമും കണ്ടാൽ മിണ്ടില്ല, ഇവരെ എന്തു പഠിപ്പിക്കാനാണ്? ആഞ്ഞടിച്ച് മുൻ താരം
Mail This Article
ന്യൂയോർക്ക്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ പ്രശ്നങ്ങളെക്കുറിച്ചു തുറന്നടിച്ച് മുൻ ക്യാപ്റ്റൻ വസീം അക്രം. വർഷങ്ങളായി ഒരുമിച്ചു കളിക്കുന്നവർ വരെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുകയാണെന്ന് വസീം അക്രം വിമർശിച്ചു.‘‘അവർ കഴിഞ്ഞ 10 വർഷക്കാലമായി ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ ഇനി എന്തു കാര്യം പഠിപ്പിക്കാനാണ്. മത്സരം എങ്ങനെ പോകുന്നുവെന്നതിനെക്കുറിച്ച് റിസ്‍വാന് ഒരു ധാരണയുമില്ലായിരുന്നു. ബുമ്രയെ രോഹിത് കൊണ്ടുവന്നപ്പോൾ, സൂക്ഷിച്ചു കളിക്കാതെ വിക്കറ്റ് കളഞ്ഞു.’’– വസീം അക്രം ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘നന്നായി കളിച്ചില്ലെങ്കിലും ടീമിലെ സ്ഥാനമൊന്നും നഷ്ടമാകില്ലെന്നാണു പാക്കിസ്ഥാൻ താരങ്ങളുടെ വിചാരം. പ്രശ്നം ഉണ്ടായാൽ പരിശീലകനെയോ, സപ്പോർട്ട് സ്റ്റാഫിനെയോ ഒക്കെയാണ് പാക്കിസ്ഥാന്‍ ബോർഡ് മാറ്റുക. ഈ ടീമിനെ മൊത്തത്തിൽ മാറ്റേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ക്യാപ്റ്റൻ സ്ഥാനം കൈമാറിയ ശേഷം ഷഹീൻ അഫ്രീദിയും ബാബർ അസമും കണ്ടാൽ മിണ്ടാറില്ല.’’
‘‘ഇത് രാജ്യാന്തര ക്രിക്കറ്റാണ്. രാജ്യത്തിനു വേണ്ടിയാണു നിങ്ങൾ കളിക്കുന്നത്. ഇത്തരം പ്രകടനം നടത്തുന്നവരെ വീട്ടിലേക്കു പറഞ്ഞു വിടുകയാണു വേണ്ടത്.’’– വസീം അക്രം പ്രതികരിച്ചു. ട്വന്റി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയോടും തോറ്റതോടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. ആദ്യ മത്സരത്തിൽ യുഎസിനോടും പാക്കിസ്ഥാന്‍ തോറ്റിരുന്നു. ഇനിയുള്ള രണ്ടു കളികളും ജയിച്ചാലും പാക്കിസ്ഥാന് സൂപ്പർ എട്ടിൽ കടക്കാന്‍ മറ്റു മത്സരഫലങ്ങൾ കൂടി അനുകൂലമാകണം.