ADVERTISEMENT

ന്യൂയോർക്ക് ∙ ട്വന്റി20 ലോകകപ്പ് മത്സരത്തിനായി ഇന്നു കളത്തിൽ മുഖാമുഖം നിൽക്കുമ്പോൾ ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിന്റെയും യുഎസ് പേസർ സൗരഭ് നേത്രാവൽക്കറുടെയും മനസ്സിലേക്ക് പഴയ ‘ടീം ഗെയിമുകളുടെ’ ഓർമകളെത്തും. ജൂനിയർ തലത്തിൽ മുംബൈ ടീമിൽ ഒരുമിച്ചു കളിച്ചവരാണ് ട്വന്റി20 ലോകകപ്പിൽ 2 വ്യത്യസ്ത ടീം ജഴ്സികളിൽ ഇന്നു നേർക്കുനേർ വരുന്നത്.

ലോകകപ്പിലെ മൂന്നാം ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഇന്ന് യുഎസ്എയെ നേരിടുമ്പോൾ ന്യൂയോർക്കിലെ നാസ കൗണ്ടി സ്റ്റേഡിയത്തിൽ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിന്റെ ‘റീ യൂണിയൻ’ കാണാം. അഹമ്മദാബാദിൽ ജനിച്ച ക്യാപ്റ്റൻ മോനക് പട്ടേൽ അടക്കം യുഎസ് ടീമിലെ പതിനഞ്ചിൽ 9 പേരും ഇന്ത്യൻ വംശജരാണ്. ഇവരിൽ 6 പേർ ഇന്നത്തെ മത്സരത്തിൽ കളത്തിലിറങ്ങിയേക്കും.

ഗ്രൂപ്പ് എയിൽ അജയ്യരായി നിൽക്കുന്ന 2 ടീമുകളാണ് ‌ഇന്ത്യയും യുഎസ്എയും. ജയിക്കുന്നവർ സൂപ്പർ 8 ഉറപ്പിക്കും. തോൽക്കുന്ന ടീം കാത്തിരിക്കേണ്ടിവരും. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ആദ്യ മത്സരം കൂടിയാണിത്. ഇന്ത്യൻ സമയം ഇന്നു രാത്രി എട്ടിന് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം കാണാം. ഈ ലോകകപ്പിൽ ന്യൂയോർക്കിൽ ഇന്ത്യയുടെ അവസാന മത്സരവും ഇതാണ്. 

സെയിം ‘പിച്ച്’

ഇന്ത്യയുടെ കഴിഞ്ഞ 2 മത്സരങ്ങൾക്കും വേദിയായ ന്യൂയോർക്കിലെ നാസ കൗണ്ടി സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. കളിക്കാരുടെ വ്യക്തിഗത മികവിനൊപ്പം പിച്ചിന്റെ സ്വഭാവവും നിർണായകമാകും. ബോളർമാരെ കൈയയച്ചു സഹായിക്കുന്ന പിച്ചിൽ ഇതുവരെ നടന്ന 5 മത്സരങ്ങളിലും ടീം സ്കോർ 137ന് അപ്പുറം പോയിട്ടില്ല. ഇവിടെ 84 ശതമാനം വിക്കറ്റുകളും നേടിയത് പേസ് ബോളർമാരാണ്. മത്സരത്തിന് മഴയുടെ ഭീഷണിയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. 

ബാറ്റിങ്ങിൽ ആശങ്ക 

2 മത്സരങ്ങളിലും എതിരാളികളെ എറിഞ്ഞൊതുക്കിയ ഇന്ത്യയുടെ ബോളിങ് നിര തകർപ്പൻ ഫോമിലാണ്. പക്ഷേ ബാറ്റർമാരുടെ ഫോം ആശാവഹമല്ല. രോഹിത് ശർമ– വിരാട് കോലി ഓപ്പണിങ് കൂട്ടുകെട്ട് ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. കോലിക്കും (1,4) ട്വന്റി20യിലെ ലോക ഒന്നാം നമ്പർ ബാറ്റർ സൂര്യകുമാർ യാദവിനും (2,7) ടൂർണമെന്റിൽ ഇതുവരെ രണ്ടക്കം കടക്കാനായിട്ടില്ല. ഏറെ പ്രതീക്ഷയോ‌ടെ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയ ശിവം ദുബെയും നിരാശപ്പെടുത്തി. ബോളിങ്ങിൽ അവസരം നൽകാതെ സ്പെഷലിസ്റ്റ് ബാറ്ററായാണ് ദുബെയെ ഇന്ത്യ ഇതുവരെ പരീക്ഷിച്ചത്.   

കഴിഞ്ഞ 2 മത്സരങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഇന്നു മാറ്റമുണ്ടായേക്കും. ദുബെയ്ക്കു പകരം ഇടംകൈ ബാറ്റർ യശസ്വി ജയ്സ്വാളിന് അവസരം ലഭിക്കാനാണ് കൂടുതൽ സാധ്യത. രവീന്ദ്ര ജഡേജയെ പുറത്തിരുത്തി സ്പിന്നർ കുൽദീപ് യാദവിന് അവസരം നൽകുമോയെന്നതും ആരാധകർ ഉറ്റുനോക്കുന്നു. 

യുഎസിനെ പേടിക്കണം 

കണക്കിലും മത്സരപരിചയത്തിലും ഇന്ത്യ ഏറെ മുന്നിലാണ്. എങ്കിലും അരങ്ങേറ്റ ലോകകപ്പിൽ കണക്കൂട്ടലുകൾ തെറ്റിച്ചു മുന്നേറുന്ന യുഎസിന്റെ പോരാട്ടവീര്യം അപായ സൂചനയാണ്. ആദ്യ മത്സരത്തിൽ 195 റൺസ് പിന്തുടർന്നു കാനഡയെ തോൽപിച്ച യുഎസ് ടീം ബോളിങ്ങിലും ഉജ്വല മികവുകാട്ടിയാണ് പാക്കിസ്ഥാനെ അട്ടിമറിച്ചത്. പാക്കിസ്ഥാനെതിരെ അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ മോനക് പട്ടേലും 2 മത്സരങ്ങളിലും ടീമിന്റെ രക്ഷകനായി മാറിയ വൈസ് ക്യാപ്റ്റൻ ആരൺ ജോൺസുമാണ് ബാറ്റിങ്ങിന്റെ നെടുംതൂൺ. പേസ് ബോളിങ് സെൻസേഷൻ സൗരഭ് നേത്രാവൽക്കർ പവർപ്ലേ ഓവറുകളിൽ മാത്രം 2 മത്സരത്തിനിടെ 5 വിക്കറ്റ് നേടിക്കഴിഞ്ഞു. ഇടംകൈ സ്പിന്നർമാരായ നൊഷ്തുക് കെൻജിഗെ, ഹർമീത് സിങ് എന്നിവരും ഇന്ത്യൻ ബാറ്റിങ് നിരയ്ക്കു വെല്ലുവിളിയുയർത്തും.

English Summary:

T20 World Cup, India vs USA Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com