ADVERTISEMENT

ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ഇനിയും പിന്തുണയ്ക്കാൻ തനിക്കു താൽപര്യമില്ലെന്ന് ഇതിഹാസ താരം വസിം അക്രം. ട്വന്റി20 ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് വസീം അക്രമിന്റെ പ്രതികരണം. ആദ്യ രണ്ടു മത്സരങ്ങളില്‍ യുഎസിനോടും ഇന്ത്യയോടും പാക്കിസ്ഥാൻ തോറ്റിരുന്നു. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ കാനഡയ്ക്കെതിരെ പാക്കിസ്ഥാൻ വിജയിച്ചെങ്കിലും സൂപ്പർ 8 റൗണ്ടിലെത്താതെ പുറത്താകുന്ന അവസ്ഥയിലാണു ടീം.

വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണം ടീമിലെ താരങ്ങൾ തമ്മിൽ പരസ്പരം സംസാരിക്കുകപോലും ചെയ്യുന്നില്ലെന്നും അക്രം തുറന്നടിച്ചു. ‘‘പാക്കിസ്ഥാൻ ടീമിൽ ഒരു മാറ്റം കൊണ്ടുവരാൻ എനിക്കു സാധിക്കില്ല. അത് അവരിൽനിന്നു തന്നെ ഉണ്ടാകേണ്ട കാര്യമാണ്. പാക്കിസ്ഥാൻ ടീമിനെ ഞാന്‍ ആവശ്യത്തിനു പിന്തുണച്ചുകഴിഞ്ഞു. അതുമതിയാകും. ഇത് വൈറലായാലും എനിക്ക് ഒരു കുഴപ്പവുമില്ല.’’– ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ വസീം അക്രം പ്രതികരിച്ചു. ‘‘ആരെങ്കിലും സത്യം പറഞ്ഞേ പറ്റു. ഒരാൾക്ക് പ്രശ്നം ഉണ്ടെങ്കിൽ, ടീമിലെ മറ്റുള്ളവരോട് അയാൾ സംസാരിക്കില്ല.’’

‘‘എന്താണ് ഇവിടെ നടക്കുന്നത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. രാജ്യത്തിനു വേണ്ടിയാണ് കളിക്കുന്നതെന്ന കാര്യം നിങ്ങൾ മറക്കരുത്.’’– വസിം അക്രം വ്യക്തമാക്കി. ഇപ്പോഴത്തെ പാക്ക് ടീമിനെ മുഴുവനായും മാറ്റി, പുതിയ താരങ്ങളെ ടീമിലെത്തിക്കണമെന്ന് വസിം അക്രം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ലോകകപ്പിനു തൊട്ടുമുൻപാണ് പാക്കിസ്ഥാൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി ബാബർ അസം വീണ്ടും ചുമതലയേറ്റെടുത്തത്. ഷഹീൻ അഫ്രീദിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയാണ് പാക്ക് ക്രിക്കറ്റ് ബോർഡ് വീണ്ടും ബാബറിനെ തന്നെ ക്യാപ്റ്റനാക്കിയത്.

ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ബാബർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. ഷഹീൻ അഫ്രീദിക്കാണ് പാക്ക് ബോർഡ് ട്വന്റി20 ടീമിന്റെ ചുമതല നൽകിയത്. ഏതാനും മത്സരങ്ങളിൽ ടീം തോറ്റതോടെ ഷഹീനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കി, വീണ്ടും ബാബറിനെ തന്നെ കൊണ്ടുവന്നു. ഈ സംഭവത്തിനു ശേഷം ബാബറും ഷഹീൻ അഫ്രീദിയും തമ്മിൽ സംസാരിക്കാറില്ലെന്ന് അഭ്യൂഹങ്ങളുണ്ട്.

English Summary:

Wasim Akram Exposes 'Player-Rift' In Pakistan Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com