ഓസീസിന് നിസ്സാരം! 73 റൺസ് വിജയലക്ഷ്യം ആറ് ഓവറിൽ മറികടന്നു; നമീബിയ പുറത്ത്
Mail This Article
ആന്റിഗ്വ ∙ 72 റൺസ് കൂട്ടിച്ചേർക്കാൻ 17 ഓവർ വിയർപ്പൊഴുക്കിയ നമീബിയയുടെ കഷ്ടപ്പാട് കണ്ടതിനാലാകണം 6 ഓവറിനുള്ളിൽ ഓസ്ട്രേലിയ കളി തീർത്തു! ബാറ്റിങ്ങിലും ബോളിങ്ങിലും ഓസ്ട്രേലിയൻ സർവാധിപത്യം കണ്ട മത്സരത്തിൽ നമീബിയയ്ക്കെതിരെ 9 വിക്കറ്റ് ജയവുമായി മിച്ചൽ മാർഷും സംഘവും സൂപ്പർ 8ൽ കടന്നു. തോൽവിയോടെ നമീബിയ ടൂർണമെന്റിൽ നിന്ന് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നമീബിയ 17 ഓവറിൽ 72 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ 5.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് ലക്ഷ്യം കണ്ടു. 4 ഓവറിൽ 12 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഓസീസ് സ്പിന്നർ ആഡം സാംപയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
കരുത്തുറ്റ ഓസ്ട്രേലിയൻ ബോളിങ് നിരയ്ക്കു മുന്നിൽ ഒരു ഘട്ടത്തിൽ പോലും പിടിച്ചുനിൽക്കാൻ നമീബിയയ്ക്ക് സാധിച്ചില്ല. പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 17 എന്ന നിലയിലായിരുന്നു നമീബിയ. ക്യാപ്റ്റൻ ജെറാൾഡ് ഇറാസ്മസ് ( 43 പന്തിൽ 36) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് നമീബിയയെ നാണക്കേടിൽ നിന്നു രക്ഷിച്ചത്. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഡേവിഡ് വാർണർ (8 പന്തിൽ 20), ട്രാവിസ് ഹെഡ് (17 പന്തിൽ 34 നോട്ടൗട്ട്), മിച്ചൽ മാർഷ് (9 പന്തൽ 18 നോട്ടൗട്ട്) എന്നിവർ ചേർന്ന് 14.2 ഓവർ ബാക്കി നിൽക്കെ ഓസീസിന് അനായാസ ജയം സമ്മാനിച്ചു.