രണ്ടു കളികൾ ബാക്കിയുണ്ട്, എന്നിട്ടും ന്യൂസീലൻഡ് പുറത്ത്; എല്ലാം അഫ്ഗാനിസ്ഥാൻ കാരണം
Mail This Article
ആന്റിഗ്വ∙ ട്വന്റി20 ലോകകപ്പിൽ സൂപ്പര്‍ 8 റൗണ്ടിലെത്താൻ സാധിക്കാതെ ന്യൂസീലൻഡ് പുറത്ത്. വെള്ളിയാഴ്ച നടന്ന പോരാട്ടത്തിൽ പാപ്പുവ ന്യൂഗിനിയയ്ക്കെതിരെ അഫ്ഗാനിസ്ഥാൻ ഏഴു വിക്കറ്റ് വിജയം നേടിയതോടെയാണ് കിവീസ് ലോകകപ്പിൽനിന്നു പുറത്തായത്. മൂന്നാം വിജയം സ്വന്തമാക്കിയതോടെ വെസ്റ്റിൻഡീസിനു പിന്നാലെ അഫ്ഗാനിസ്ഥാനും സൂപ്പർ 8 ഉറപ്പിച്ചു. സി ഗ്രൂപ്പിൽ ആദ്യ രണ്ടു കളികളും തോറ്റ ന്യൂസീലൻഡ് അവസാന സ്ഥാനത്താണ്.
കിവീസിന് ഇനി രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ടെങ്കിലും അതു വിജയിച്ചാലും പോയിന്റ് പട്ടികയിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്താൻ സാധിക്കില്ല. ഗ്രൂപ്പിൽ ഒന്നാമതുള്ള അഫ്ഗാനും വെസ്റ്റിൻഡീസിനും ആറു പോയിന്റു വീതമാണുള്ളത്. രണ്ടു പോയിന്റുമായി യുഗാണ്ടയാണു മൂന്നാമത്. മത്സരത്തിൽ ഏഴു വിക്കറ്റ് വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ പാപ്പുവ ന്യൂഗിനിയ 19.5 ഓവറിൽ 95 റൺസെടുത്തു പുറത്തായി. അഫ്ഗാനു വേണ്ടി ഫസൽഹഖ് ഫറൂഖി മൂന്നു വിക്കറ്റുകളും നവീൻ ഉൾ ഹഖ് രണ്ടു വിക്കറ്റുകളും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 15.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ വിജയത്തിലെത്തി. 36 പന്തിൽ 49 റൺസെടുത്ത ഗുൽബദിൻ നായിബ് പുറത്താകാതെനിന്നു.
ഒമാനെ തകർത്ത് ഇംഗ്ലണ്ട്
വെള്ളിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ ഒമാനെതിരെ വമ്പൻ വിജയം നേടി ഇംഗ്ലണ്ട് സൂപ്പർ 8 സാധ്യത നിലനിർത്തി. ഒമാനെതിരെ എട്ട് വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 47 റണ്‍സിനു പുറത്തായപ്പോൾ 3.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് വിജയിച്ചു. 101 പന്തുകൾ ബാക്കിനില്‍ക്കെയാണ് ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ആദ്യ വിജയമാണിത്.
ബി ഗ്രൂപ്പില്‍ നമീബിയയ്ക്കെതിരായ അടുത്ത മത്സരം ജയിച്ചാൽ രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ടിന് സൂപ്പർ 8 ൽ എത്താം. ആറു പോയിന്റുമായി ഓസ്ട്രേലിയ അടുത്ത റൗണ്ട് ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള സ്കോട്ട്ലന്‍ഡിന് അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയെ തോൽപിച്ചാൽ സൂപ്പർ 8 റൗണ്ടിലെത്താം.