ആരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല: അർധ സെഞ്ചറിക്കു പിന്നാലെ ഷാക്കിബിന്റെ മറുപടി
Mail This Article
കിങ്സ്ടൗൺ∙ ഫോം കണ്ടെത്താൻ സാധിക്കാതിരുന്നതിന്റെ പേരിൽ ഉയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി ബംഗ്ലദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ബാറ്റിങ്ങിൽ പതറിയ ഷാക്കിബ് ചെറിയ സ്കോറിനു പുറത്തായിരുന്നു. ശ്രീലങ്കയ്ക്കെതിരെ എട്ട് റൺസും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നു റണ്‍സുമായിരുന്നു ഷാക്കിബ് നേടിയത്.
ഷാക്കിബിനെ ഇനിയും ബംഗ്ലദേശ് കളിപ്പിക്കേണ്ട കാര്യമില്ലെന്ന് മുൻ ഇന്ത്യന്‍ താരം വീരേന്ദർ സേവാഗ് തുറന്നടിച്ചിരുന്നു. നെതർലൻഡ്സിനെതിരെ 46 പന്തുകൾ നേരിട്ട ഷാക്കിബ് 64 റണ്‍സെടുത്തു. ബംഗ്ലദേശ് വിജയത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് ഷാക്കിബ് മനസ്സു തുറന്നത്. ആരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യം തനിക്കില്ലെന്ന് ഷാക്കിബ് പ്രതികരിച്ചു. ‘‘ബാറ്ററാണെങ്കിൽ ബാറ്റു ചെയ്യുകയെന്നതാണ് ഒരു താരത്തിന്റെ ജോലി. ബോളറാണെങ്കിൽ പന്തെറിയുക, വിക്കറ്റ് നേടുക. ഫീൽഡറാണെങ്കിൽ ക്യാച്ചുകളെടുക്കുക, റൺസ് സേവ് ചെയ്യുക.’’
‘‘ചിലപ്പോഴൊക്കെ പ്രകടനത്തിന്റെ കാര്യത്തിൽ ഭാഗ്യവും ഒരു ഘടകമാണ്. ഇക്കാര്യത്തിൽ ആർക്കും മറുപടി നൽകേണ്ട കാര്യമൊന്നുമില്ല. ഒരു താരത്തിനു പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിച്ചില്ലെങ്കിൽ ഒരുപാടു ചോദ്യങ്ങൾ ഉയരും. അതൊരു മോശം കാര്യമാണെന്നു ഞാൻ ചിന്തിക്കില്ല.’’– നെതർലൻഡ്സിനെതിരായ വിജയത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഷാക്കിബ് അൽ ഹസൻ വ്യക്തമാക്കി.
ഷാക്കിബിന് സ്വയം നാണം തോന്നുന്നില്ലേയെന്നും ട്വന്റി20 ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാന്‍ നേരമായെന്നുമായിരുന്നു സേവാഗിന്റെ വിമർശനം. മാധ്യമ പ്രവർത്തകൻ സേവാഗിന്റെ പേരു പറഞ്ഞപ്പോൾ, ആരാണെന്നു ഷാക്കിബ് ആവർത്തിച്ചു ചോദിക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നേപ്പാളിനെയാണ് ബംഗ്ലദേശ് ഇനി നേരിടേണ്ടത്. ഡി ഗ്രൂപ്പിൽ നാലു പോയിന്റുമായി ബംഗ്ലദേശ് രണ്ടാം സ്ഥാനത്തുണ്ട്. അടുത്ത കളി ജയിച്ചാൽ അവർ സൂപ്പർ 8 ൽ എത്തും. ആറുപോയിന്റുമായി ദക്ഷിണാഫ്രിക്ക ഗ്രൂപ്പിൽനിന്ന് പ്ലേഓഫിൽ കടന്നു.