ഇന്ത്യൻ ടീമിൽ അഴിച്ചുപണി ഉറപ്പ്, സഞ്ജുവും യശസ്വിയും കളിച്ചേക്കും; ഇന്ന് മഴയ്ക്കു സാധ്യത
Mail This Article
ലോഡർഹിൽ ∙ ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നതിനു മുൻപ് ഒരു സന്നാഹ മത്സരം മാത്രം കളിക്കാനുള്ള അവസരമേ ടീം ഇന്ത്യയ്ക്ക് ലഭിച്ചുള്ളൂ. ആ പോരായ്മ മറികടന്ന്, സൂപ്പർ 8ന് ഒരുങ്ങാനുള്ള ‘സന്നാഹ മത്സരത്തിനായി’ ഇന്ത്യ ഇന്ന് കാനഡയ്ക്കെതിരെ ഇറങ്ങും. ആദ്യ 3 മത്സരങ്ങളും ജയിച്ച് സൂപ്പർ 8 ഉറപ്പിച്ച ഇന്ത്യയ്ക്ക് ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള അവസാന അവസരമാണ് കാനഡയ്ക്കെതിരായ പോരാട്ടം. മറുവശത്ത് ആദ്യ 3 മത്സരങ്ങളിൽ നിന്ന് 2 പോയിന്റ് മാത്രമുള്ള കാനഡയുടെ സൂപ്പർ 8 സാധ്യതകൾ അസ്തമിച്ചുകഴിഞ്ഞു. ഫ്ലോറിഡയിലെ ലോഡർഹിൽ സെൻട്രൽ ബ്രൊവാഡ് സ്റ്റേഡിയത്തിലാണ് മത്സരം. ടൂർണമെന്റിൽ ഇതാദ്യമായാണ് ഇന്ത്യ ഫ്ലോറിഡയിൽ കളിക്കുന്നത്. രാത്രി 8 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.
ടീമിൽ അഴിച്ചുപണി
ആദ്യ 3 മത്സരങ്ങളിലും ടീമിൽ മാറ്റമില്ലാത തുടർന്ന ഇന്ത്യ, ഇന്നത്തെ മത്സരത്തിൽ പരീക്ഷണങ്ങൾക്ക് മുതിർന്നേക്കും. സൂപ്പർ 8 മത്സരങ്ങൾക്കായി വെസ്റ്റിൻഡീസിലേക്ക് പോകുംമുൻപ് കുൽദീപ് യാദവ്– യുസ്‌വേന്ദ്ര ചെഹൽ സ്പിൻ ജോടിക്കും യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ എന്നീ ബാറ്റർമാർക്കും അവസരം നൽകാൻ ടീം മാനേജ്മെന്റ് തയാറായേക്കും. ഇതോടെ ശിവം ദുബെ, രവീന്ദ്ര ജഡേജ തുടങ്ങിയവർക്ക് വിശ്രമം നൽകിയേക്കും.
കോലിയുടെ ഫോം
1,4,0– ട്വന്റി20 ലോകകപ്പിൽ 67.41 റൺസ് ബാറ്റിങ് ശരാശരിയുള്ള, ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവുമധികം റൺസ് നേടിയ സൂപ്പർ താരം വിരാട് കോലിയുടെ ഈ ലോകകപ്പിലെ ആദ്യ 3 മത്സരങ്ങളിലെ സ്കോറുകളാണിത്. ഐപിഎലിൽ ഓറഞ്ച് ക്യാപ് നേടിയതിന്റെ പകിട്ടുമായി ലോകകപ്പിന് എത്തിയ കോലിക്ക് ഇതുവരെ രണ്ടക്കം കടക്കാൻ സാധിച്ചിട്ടില്ല. രാജ്യാന്തര ട്വന്റി20യിൽ വൺഡൗൺ പൊസിഷനിൽ ബാറ്റിങ്ങിനിറങ്ങുന്ന കോലി, ടൂർണമെന്റിൽ ആദ്യ 3 മത്സരങ്ങളിലും ഓപ്പണറായാണ് എത്തിയത്. ഈ പരീക്ഷണം തിരിച്ചടിയായെന്നും കോലി വൺഡൗൺ സ്ഥാനത്തേക്ക് മടങ്ങിപ്പോകണമെന്നും ആവശ്യമുണ്ട്. അങ്ങനെ സംഭവിച്ചാൽ ഓപ്പണിങ്ങിൽ യശസ്വി ജയ്സ്വാളിന് അവസരം ലഭിക്കും.
പിച്ച് റിപ്പോർട്ട്
ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് ഫ്ലോറിഡയിലേത്. ഇതുവരെ നടന്ന 16 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ 11 തവണയും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്. ശരാശരി സ്കോർ 166 റൺസ്.
മഴ ഭീഷണി
ലോഡർഹിലിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള മയാമിയിൽ ഉൾപ്പെടെ ഫ്ലോറിഡയുടെ വിവിധഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് വെള്ളംകയറിയിട്ടുണ്ട്. ലോഡർഹിലിലും ഇന്ന് മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.