5 റൺസ് സഹായം, ക്രിക്കറ്റ് നിയമങ്ങളെക്കുറിച്ച് യുഎസ് താരങ്ങൾക്ക് അറിവില്ലെന്ന് കോച്ച്
Mail This Article
ന്യൂയോർക്ക് ∙ ക്രിക്കറ്റിലെ പല നിയമങ്ങളെക്കുറിച്ചും യുഎസ്എ താരങ്ങൾക്ക് കാര്യമായ അറിവില്ലെന്നും ഇക്കാര്യത്തിൽ ടീം മെച്ചപ്പെടേണ്ടതുണ്ടെന്നും യുഎസ്എ ക്രിക്കറ്റ് ടീം പരിശീലകൻ സ്റ്റുവർട്ട് ലോ. ബുധനാഴ്ച നടന്ന മത്സരത്തിൽ 5 റൺസ് പെനൽറ്റി വഴങ്ങിയ യുഎസ് ടീം ഇന്ത്യയുടെ വിജയം എളുപ്പമാക്കാൻ ‘സഹായിച്ചിരുന്നു’. ഇക്കാര്യത്തിലാണ് യുഎസ് കോച്ചിന്റെ പ്രതികരണം. സമയ നിബന്ധന ലംഘിച്ചതിന് ഞങ്ങൾക്കു മുൻപും താക്കീത് ലഭിച്ചിരുന്നതാണ്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ടീം മീറ്റിങ്ങിൽ ചർച്ച നടത്തിയിരുന്നു– സ്റ്റുവർട്ട് ലോ പറഞ്ഞു. ബോളിങ്ങിൽ ഓവർ പൂർത്തിയാക്കിയതിനുശേഷം ഒരു മിനിറ്റിനുള്ളിൽ അടുത്ത ഓവർ ആരംഭിക്കണമെന്നാണ് നിയമം. ഓവർ തുടങ്ങാൻ വൈകിയതിന്റെ പേരിൽ യുഎസിന് വിധിച്ച 5 റൺസ് പെനൽറ്റിയാണ് റൺചേസിലെ സമ്മർദത്തിനിടയിൽ ഇന്ത്യയ്ക്കു തുണയായത്.
111 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് അവസാന 5 ഓവറിൽ 35 റൺസായിരുന്നു ലക്ഷ്യം. എന്നാൽ 16–ാം ഓവർ ആരംഭിക്കുന്നതിന് ഒരു മിനിറ്റിലേറെ സമയമെടുത്തതോടെ അംപയർ പെനൽറ്റി വിധിച്ചു. മത്സരത്തിനിടെ സമയ നിബന്ധന ലംഘിച്ചതിന് ഇതിനു മുൻപും 2 തവണ യുഎസ് ടീമിന് അംപയർ താക്കീത് നൽകിയിരുന്നു. 30 പന്തിൽ 30 എന്ന നിലയിലേക്കു ലക്ഷ്യം ചുരുങ്ങിയതോടെ സൂര്യകുമാർ യാദവും ശിവം ദുബെയും ആഞ്ഞടിച്ച് സ്കോറുയർത്താൻ തുടങ്ങി. മത്സരത്തിൽ 7 വിക്കറ്റ് ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിൽ കടന്നു.