ADVERTISEMENT

മുംബൈ∙ ഓൾറൗണ്ടർ ശിവം ദുബെയെക്കൊണ്ട് പന്തെറിയിക്കുന്നില്ലെങ്കിൽ ബിസിസിഐ സഞ്ജു സാംസണെ കളിപ്പിക്കാൻ തയാറാകണമെന്ന് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്.  അവസരത്തിനായി സഞ്ജു കാത്തിരിക്കുകയാണെങ്കിലും ശ്രീശാന്ത് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ട്വന്റി20 ലോകകപ്പിൽ അയർലന്‍ഡ്, പാക്കിസ്ഥാൻ, യുഎസ്എ ടീമുകൾക്കെതിരെ ഋഷഭ് പന്തായിരുന്നു ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. സൂപ്പർ 8ന് മുൻപുള്ള  അവസാന പോരാട്ടത്തിൽ കാനഡയെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. സഞ്ജു സാംസണ് പ്ലേയിങ് ഇലവനിൽ അവസരം നൽകാൻ സാധ്യതയുണ്ട്.

‘‘ശിവം ദുബെയ്ക്ക് ആദ്യ രണ്ടു മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നതു നമ്മൾ കണ്ടിട്ടുള്ളതാണ്. സഞ്ജു ടീമിലേക്കു വരണമെന്നതാണു ഞാൻ ആഗ്രഹിക്കുന്ന മാറ്റം. ശിവം ദുബെ പന്തെറിയുന്നില്ലെങ്കിൽ, അദ്ദേഹത്തെ പുറത്തിരുത്തി സഞ്ജുവിനെ കളിപ്പിക്കേണ്ടതാണ്. അദ്ദേഹം മികച്ച ഫോമിലാണ്. വിക്കറ്റ് കീപ്പറുടെ റോളിനു പുറമേ, സഞ്ജു നല്ലൊരു ഫീൽഡർ കൂടിയാണ്.’’– ശ്രീശാന്ത് വ്യക്തമാക്കി.

‘‘ഹാർദിക് പാണ്ഡ്യയ്ക്കും രവീന്ദ്ര ജ‍ഡേജയ്ക്കുമൊപ്പം സഞ്ജുവിനെയും ബാറ്റിങ്ങിന് ഇറക്കണം. വിരാട് കോലിയെപ്പോലുള്ളവരും ടീമിലുള്ളപ്പോൾ എത്ര വലിയ സ്കോറും പിന്തുടർന്നു ഫിനിഷ് ചെയ്യാൻ നമുക്കു സാധിക്കും. ഒരു സ്കോറും ഇന്ത്യയ്ക്കു ബുദ്ധിമുട്ടുള്ളതാകുമെന്ന് എനിക്കു തോന്നുന്നില്ല.’’– ശ്രീശാന്ത് പ്രതികരിച്ചു. ബംഗ്ലദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിൽ സഞ്ജു സാംസണെ ഓപ്പണിങ് ബാറ്ററുടെ റോളിൽ ബിസിസിഐ പരീക്ഷിച്ചിരുന്നു. എന്നാൽ താരത്തിനു തിളങ്ങാൻ സാധിച്ചിരുന്നില്ല.

ഓൾ റൗണ്ടർമാരായ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരെ ഇന്ത്യ ഇതുവരെയുള്ള എല്ലാ മത്സരങ്ങൾക്കും ഇറക്കിയിരുന്നു. രവീന്ദ്ര ജഡേജയും ടീമിലുണ്ട്. അതേസമയം യശസ്വി ജയ്സ്വാൾ, യുസ്‍വേന്ദ്ര ചെഹൽ, സഞ്ജു സാംസണ്‍ എന്നിവർക്ക് ഇതുവരെയും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിട്ടില്ല. രോഹിത് ശർമയ്ക്കൊപ്പം വിരാട് കോലിയാണ് ബാറ്റിങ് ഓപ്പൺ ചെയ്യുന്നത്. ജയ്സ്വാൾ കളിക്കാൻ ഇറങ്ങിയാൽ കോലി ബാറ്റിങ്ങിൽ വൺഡൗണായി കളിക്കും.

English Summary:

If Shivam Dube isn't bowling, Sanju Samson should be picked: Sreesanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com