അച്ചടക്കം പഠിക്കുന്നത് രോഹിത് ശർമയിൽനിന്ന്: വിമർശനങ്ങൾക്കു ‘മറുപടിയുമായി’ ശുഭ്മൻ ഗിൽ
Mail This Article
ഫ്ലോറിഡ∙ ട്വന്റി20 ലോകകപ്പിനിടെ ഇന്ത്യൻ ടീം വിടുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കു വിരാമമിട്ട് ശുഭ്മൻ ഗിൽ. ഇന്ത്യയുടെ പ്രാഥമിക റൗണ്ടിലെ മത്സരങ്ങൾക്കു ശേഷം ഗിൽ ടീം ക്യാംപ് വിടുന്നത് അച്ചടക്ക നടപടികളുടെ ഭാഗമാണെന്നായിരുന്നു അഭ്യൂഹങ്ങൾ. ടീമിനൊപ്പം യാത്ര ചെയ്യാൻ ഗിൽ മടിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പമുള്ള ചിത്രമാണ് ശുഭ്മൻ ഗിൽ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.
അച്ചടക്കം പഠിക്കുന്നത് രോഹിത് ശർമയിൽനിന്നാണെന്നാണ് ഗിൽ ചിത്രത്തിനു നൽകിയിരിക്കുന്ന ക്യാപ്ഷനിൽ പറയുന്നത്. ടീമിലെ പ്രശ്നങ്ങളെത്തുടർന്ന് രോഹിത് ശര്‍മയെ ഗിൽ അൺഫോളോ ചെയ്തതായി വിവരമുണ്ടായിരുന്നു. ഗില്ലിനെ പിന്തുണച്ച് ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോർ രംഗത്തെത്തി. ലോകകപ്പിന്റെ പ്രാഥമിക ഘട്ടത്തിനു ശേഷം ഗില്ലും ആവേശ് ഖാനും മടങ്ങുന്നത് നേരത്തേയെടുത്ത തീരുമാനമാണെന്നായിരുന്നു ഇന്ത്യൻ പരിശീലകന്റെ നിലപാട്.
ഏഴു പോയിന്റുമായി എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ 8 ൽ കടന്നത്. രണ്ടാം സ്ഥാനക്കാരായ യുഎസും അടുത്ത റൗണ്ടിലെത്തി. അയർലൻഡ്, പാക്കിസ്ഥാൻ, യുഎസ് ടീമുകളെയാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തോൽപിച്ചത്. കാനഡയ്ക്കെതിരായ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇതോടെ ഇന്ത്യയ്ക്ക് ഏഴു പോയിന്റാണുള്ളത്. എ ഗ്രൂപ്പിൽ പാക്കിസ്ഥാൻ, കാനഡ, അയർലൻഡ് ടീമുകൾ സൂപ്പർ 8 കാണാതെ പുറത്തായി.
ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെ റിസർവ് താരങ്ങളായ ഗില്ലും ആവേശ് ഖാനുമാണ് ടീം വിടുക. റിങ്കു സിങ്ങും ഖലീൽ അഹമ്മദും ഇനിയും ടീമിനൊപ്പം തുടരും. സൂപ്പർ 8 റൗണ്ടിൽ ജൂൺ 20ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.