ഓസ്ട്രേലിയ സഹായിച്ചു, ഇംഗ്ലണ്ട് കടന്നു; സ്കോട്‌ലൻഡിനെ മറികടന്ന് സൂപ്പർ 8ൽ
Mail This Article
സെന്റ് ലൂസിയ ∙ ‘ബദ്ധ വൈരികളാണെങ്കിലും’ ഇന്നലെ ഇംഗ്ലണ്ട് ആരാധകർ ഒന്നടങ്കം പ്രാർഥിച്ചത് ഓസ്ട്രേലിയയുടെ വിജയത്തിനു വേണ്ടിയായിരുന്നു. ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ സ്കോട്‌ലൻഡിനെ ഓസ്ട്രേലിയ തോൽപിച്ചതോടെ ഇംഗ്ലണ്ട് ടീമിന് സൂപ്പർ 8ലേക്കുള്ള വഴിതുറന്നു. ശനി രാത്രി നടന്ന മത്സരത്തിൽ നമീബിയയെ തോൽപിച്ച ഇംഗ്ലണ്ടിന് 4 മത്സരങ്ങളിൽ നിന്ന് 5 പോയിന്റായിരുന്നു. ഇതോടെ 3 മത്സരങ്ങളിൽ നിന്ന് 5 പോയിന്റുള്ള സ്കോട്‌ലൻഡ് അവസാന മത്സരത്തിൽ ഓസ്ട്രേലിയയോട് തോറ്റാൽ, നെറ്റ് റൺറേറ്റിന്റെ ബലത്തിൽ ഇംഗ്ലണ്ടിന് സൂപ്പർ 8ൽ കടക്കാമെന്ന സ്ഥിതിയായി. 4 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുള്ള ഓസ്ട്രേലിയ നേരത്തേ സൂപ്പർ 8 ഉറപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സ്കോട്‌ലൻഡ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 8.2 ഓവറിൽ 3ന് 60 എന്ന നിലയിലായിരുന്നു. ഇതോടെ അട്ടിമറി ജയവുമായി സ്കോട്‌ലൻഡ് സൂപ്പർ 8ൽ കടക്കുമെന്നു തോന്നിച്ചെങ്കിലും 29 പന്തിൽ 59 റൺസുമായി തകർത്താടിയ മാർക്കസ് സ്റ്റോയ്നിസ് ഓസ്ട്രേലിയയ്ക്ക് 5 വിക്കറ്റ് ജയം സമ്മാനിച്ചു. സ്കോട്‌ലൻഡ് 20 ഓവറിൽ 5ന് 180. ഓസ്ട്രേലിയ 19.4 ഓവറിൽ 5ന് 186.
നമീബിയയെ തകർത്ത് ഇംഗ്ലണ്ട്
ശനി രാത്രി 10.30ന് നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ട്– നമീബിയ മത്സരം മഴമൂലം 2 മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. മത്സരം ഉപേക്ഷിച്ചിരുന്നെങ്കിൽ 4 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഇംഗ്ലണ്ട് ടൂർണമെന്റിൽ നിന്നു പുറത്താകുമായിരുന്നു. എന്നാൽ മഴ മാറിയതോടെ 10 ഓവറായി വെട്ടിച്ചുരുക്കി മത്സരം ആരംഭിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 41 റൺസ് അകലെ നമീബിയയുടെ പോരാട്ടം അവസാനിച്ചു. സ്കോർ: ഇംഗ്ലണ്ട് 10 ഓവറിൽ 5ന് 122. നമീബിയ 10 ഓവറിൽ 3ന് 84.