ഇത് ആശിച്ച വിജയം, അരങ്ങേറ്റ മത്സരത്തിൽ ആശ ശോഭനയ്ക്ക് 4 വിക്കറ്റ്
Mail This Article
ബെംഗളൂരു ∙ ‘ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുമെന്ന്’ ആശ ശോഭന ഒരിക്കൽ കൂടി തെളിയിച്ചു ! ഏകദിന ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ മലയാളി താരം ആശ ശോഭനയുടെ ബലത്തിൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീമിന് 143 റൺസിന്റെ ആധികാരിക ജയം.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ സെഞ്ചറിക്കരുത്തിൽ (127 പന്തിൽ 117) 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 122 റൺസിൽ ഒതുങ്ങി. ലെഗ് സ്പിന്നറായ ആശയുടെ സൂപ്പർ സ്പെല്ലാണ് (8.2 ഓവറിൽ 21 റൺസ് വഴങ്ങി 4 വിക്കറ്റ്) ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനെ തകർത്തത്. സ്കോർ: ഇന്ത്യ 50 ഓവറിൽ 8ന് 265. ദക്ഷിണാഫ്രിക്ക 37.4 ഓവറിൽ 122ന് പുറത്ത്.
ആശയ്ക്ക് റെക്കോർഡ്
ഇന്ത്യയ്ക്കായി ഏകദിന മത്സരത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതാ താരം എന്ന റെക്കോർഡ് മുപ്പത്തിമൂന്നുകാരിയായ ആശ ശോഭന ഇന്നലെ സ്വന്തമാക്കി. മേയിൽ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ആശ, ട്വന്റി20 ക്രിക്കറ്റിൽ അരങ്ങേറുന്ന പ്രായം കൂടിയ ഇന്ത്യൻ വനിതയെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.