ആരും ആരെയും പിന്തുണയ്ക്കില്ല: ഇതുപോലൊരു ടീമിനെ കരിയറിൽ കണ്ടിട്ടില്ലെന്ന് പാക്ക് പരിശീലകൻ
Mail This Article
ന്യൂയോർക്ക്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമില്‍ പ്രശ്നങ്ങളുണ്ടെന്നു സ്ഥിരീകരിച്ച് പരിശീലകൻ ഗാരി കേഴ്സ്റ്റൻ. ഇതുപോലൊരു ടീമിനെ കരിയറിൽ കണ്ടിട്ടില്ലെന്ന് ഗാരി കേഴ്സ്റ്റൻ തുറന്നു പറഞ്ഞതായി ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു. ട്വന്റി20 ലോകകപ്പിൽ സൂപ്പർ 8 റൗണ്ടിലെത്താൻ പാക്കിസ്ഥാനു സാധിച്ചിരുന്നില്ല. എ ഗ്രൂപ്പിൽനിന്ന് ഇന്ത്യയും യുഎസുമാണ് അടുത്ത റൗണ്ടിൽ കടന്നത്.
‘‘പാക്കിസ്ഥാൻ ടീമിൽ ഐക്യമില്ല. അവർ ഇതിനെ ടീമെന്നാണു വിളിക്കുന്നത്. എന്നാൽ അങ്ങനെയല്ല. താരങ്ങൾ പരസ്പരം പിന്തുണ നൽകുന്നില്ല. എല്ലാവരും വേർപെട്ടിരിക്കുകയാണ്. ഞാന്‍ ഒരുപാടു ടീമുകളുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഈ സാഹചര്യത്തിലുള്ള ഒരു ടീമിനെ കണ്ടിട്ടില്ല.’’– കേഴ്സ്റ്റന്‍ വ്യക്തമാക്കി. ട്വന്റി20 ലോകകപ്പിനു മുൻപ് ഷഹീൻ അഫ്രീദിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയ പാക്കിസ്ഥാൻ ബാബർ അസമിനെ വീണ്ടും ചുമതലയേൽപിച്ചിരുന്നു.
ഇതോടെയാണ് ബാബറും അഫ്രീദിയും തമ്മിലുള്ള ബന്ധം വഷളായത്. ലോകകപ്പിൽ പാക്കിസ്ഥാന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാൻ അഫ്രീദി കൂട്ടാക്കിയില്ല. അഫ്രീദിയെ കുറച്ചു കാലം കൂടി ക്യാപ്റ്റനാക്കണമായിരുന്നെന്ന് പാക്ക് താരം ശതാബ് ഖാൻ പരസ്യമായി പറഞ്ഞതോടെ ടീമിലെ അഭിപ്രായ വ്യത്യാസവും പുറത്തുവന്നു. ക്യാപ്റ്റൻ സ്ഥാനം ലഭിക്കാത്തതിൽ മുഹമ്മദ് റിസ്വാനും അസ്വസ്ഥനാണ്.