ഓപ്പണറായി നിരാശ, കോലി വീണ്ടും മൂന്നാമനായേക്കും; രോഹിത്തിനൊപ്പം ഇറങ്ങാൻ യുവതാരം
Mail This Article
ബാർബഡോസ് ∙ 7 ദിവസത്തെ ‘അവധിയാഘോഷം’ കഴിഞ്ഞ് ടീം ഇന്ത്യ വീണ്ടും ലോകകപ്പിന്റെ പോരാട്ടച്ചൂടിലേക്ക്. നാളെ രാത്രി 8ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ 8 മത്സരം. 12ന് യുഎസ്എക്കെതിരെയാണ് ഇന്ത്യ ലോകകപ്പിൽ അവസാനമായി ഒരു മത്സരം കളിച്ചത്. 15ന് കാനഡയ്ക്കെതിരെ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് ടൂർണമെന്റിനിടെ ഇന്ത്യയ്ക്ക് ഒരാഴ്ച അവധി ലഭിച്ചത്. സൂപ്പർ 8 മത്സരങ്ങൾക്കായി ടീം ഇന്ത്യ കഴിഞ്ഞ ദിവസം തന്നെ ബാർബഡോസിൽ എത്തിയിരുന്നു. സൂപ്പർ 8ലെ എല്ലാ മത്സരങ്ങളും വെസ്റ്റിൻഡീസിലാണ് നടക്കുക. 22ന് ബംഗ്ലദേശ്, 24ന് ഓസ്ട്രേലിയ എന്നിങ്ങനെയാണ് ഇന്ത്യയുടെ ബാക്കിയുള്ള സൂപ്പർ 8 മത്സരങ്ങൾ.
ട്രാക്ക് മാറ്റാൻ ഇന്ത്യ
ന്യൂയോർക്കിലെ നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പേസ് പിച്ചിലായിരുന്നു ഇന്ത്യയുടെ ആദ്യ 3 മത്സരങ്ങളും. ഇവിടെനിന്ന് സ്പിന്നർമാർക്ക് ആധിപത്യമുള്ള വെസ്റ്റിൻഡീസിലെ പിച്ചിലേക്ക് വരുമ്പോൾ ടീമിന്റെ ബോളിങ് നിരയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാം. 3 പേസർമാരും രണ്ടു സ്പിന്നർമാരുമായാണ് ആദ്യ 3 മത്സരങ്ങളിലും ഇന്ത്യ ഇറങ്ങിയത്.
വെസ്റ്റിൻഡീസിലേക്ക് വരുമ്പോൾ ഇത് 2 പേസർ, 3 സ്പിന്നർ എന്ന രീതിയിലേക്ക് മാറിയേക്കും. കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹൽ എന്നിവരിൽ ഒരാൾ ആദ്യ ഇലവനിൽ എത്തും. ഇതോടെ പേസർ മുഹമ്മദ് സിറാജിന് പുറത്തിരിക്കേണ്ടിവരും. ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നീ പേസ് ബോളിങ് ഓൾറൗണ്ടർമാർ ടീമിൽ ഉള്ളതിനാൽ സിറാജിന്റെ അഭാവം ടീമിനെ ബാധിക്കില്ല.
കോലി മൂന്നാമൻ?
ആദ്യ 3 മത്സരങ്ങളിലും ഓപ്പണർ റോളിൽ നിരാശപ്പെടുത്തിയ വിരാട് കോലി, അഫ്ഗാനെതിരെ മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയേക്കുമെന്നാണ് സൂചന. സ്പിന്നർമാർക്ക് ആധിപത്യമുള്ള പിച്ചിൽ കോലിയുടെ പരിചയസമ്പത്ത് മധ്യനിരയിലാണ് ആവശ്യമെന്നാണ് ടീം മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. രോഹിത് ശർമയ്ക്കൊപ്പം യശസ്വി ജയ്സ്വാൾ ഓപ്പണറായി എത്തും.