ഡബിൾ സന്തോഷം, 4 റൺസിന്റെ ആവേശജയം; ഏകദിന പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി
Mail This Article
ബെംഗളൂരു ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 4 റൺസിന്റെ ആവേശജയം. ഇതോടെ 3 മത്സര പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സ്മൃതി മന്ഥന (120 പന്തിൽ 136), ഹർമൻപ്രീത് കൗർ (88 പന്തിൽ 103 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചറികളുടെ ബലത്തിൽ 50 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ ലോറ വോൾവാഡ് (135 പന്തിൽ 135 നോട്ടൗട്ട്), മരിസെൻ കാപ് (94 പന്തിൽ 114) എന്നിവരുടെ സെഞ്ചറിക്കരുത്തിൽ പൊരുതിയെങ്കിലും വിജയലക്ഷ്യത്തിനു 4 റൺസ് അകലെ ദക്ഷിണാഫ്രിക്ക വീണു. സ്കോർ: ഇന്ത്യ 50 ഓവറിൽ 3ന് 325. ദക്ഷിണാഫ്രിക്ക 50 ഓവറിൽ 6ന് 321. ഹർമനാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ഇന്ത്യൻ പേസർ പൂജ വസ്ത്രകാർ എറിഞ്ഞ 50–ാം ഓവറിൽ 11 റൺസായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ ആവശ്യം. എന്നാൽ പൂജ വിട്ടുകൊടുത്തത് 6 റൺസ് മാത്രം.