ഇന്ത്യയെ തടയാൻ ഓസ്ട്രേലിയയ്ക്കും സാധിച്ചില്ല, 24 റൺസ് വിജയവുമായി ട്വന്റി20 ലോകകപ്പ് സെമിയിൽ
Mail This Article
സെന്റ് ലൂസിയ∙ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ മൂന്നാം വിജയവുമായി ഇന്ത്യ സെമി ഫൈനലിൽ. ഒന്നാം ഗ്രൂപ്പിൽ ആറു പോയിന്റുമായാണ് ഇന്ത്യ സെമിയിലേക്കു കുതിച്ചത്. ഇന്ത്യ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് 24 റൺസ് വിജയം. സെമി ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ജൂൺ 27നാണു സെമി പോരാട്ടം. തോറ്റെങ്കിലും ഓസ്ട്രേലിയയ്ക്ക് ഇനിയും സെമി പ്രതീക്ഷയുണ്ട്. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ബംഗ്ലദേശ് തോൽപിച്ചാൽ, രണ്ടാം സ്ഥാനക്കാരായി ഓസീസിന് സെമി ഫൈനലിലെത്താം. അഫ്ഗാൻ ജയിക്കുകയോ, കളി മഴ കാരണം ഉപേക്ഷിക്കുകയോ ചെയ്താൽ ഓസ്ട്രേലിയ പുറത്താകും. ബംഗ്ലദേശ് കൂറ്റന്‍ മാര്‍ജിനിൽ ജയിച്ചാൽ അവർക്കും സെമി സാധ്യതയുണ്ടെന്നതാണു സത്യം.
സ്കോർ– ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205, ഓസ്ട്രേലിയ 20 ഓവറിൽ ഏഴിന് 181. മറുപടി ബാറ്റിങ്ങിൽ മോശം തുടക്കമായിരുന്നു ഓസ്ട്രേലിയയ്ക്കു ലഭിച്ചത്. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിൽ ഡേവിഡ് വാർണറെ സൂര്യകുമാർ യാദവ് ക്യാച്ചെടുത്തു പുറത്താക്കി. ട്രാവിസ് ഹെഡും മിച്ചൽ മാർഷും കൈകോർത്തതോടെ ഓസീസ് സ്കോർ ഉയർന്നു. പവർപ്ലേയിൽ ഓസ്ട്രേലിയ 65 റൺസ് അടിച്ചു. സ്കോർ 87ൽ നിൽക്കെ മിച്ചൽ മാർഷിനെ കുൽദീപ് യാദവ് മടക്കി. 24 പന്തുകളിൽ ട്രാവിസ് ഹെഡ് അർധ സെഞ്ചറി തികച്ചു. 10.1 ഓവറിലാണ് (61 പന്തുകൾ) ഓസ്ട്രേലിയ 100 കടന്നത്. ഒരു സിക്സും രണ്ട് ഫോറുകളും അടിച്ച് മാക്സ്‍വെൽ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും, ക്രീസിൽ അധികനേരം തുടരാനായില്ല. സ്പിന്നർ കുൽദീപ് യാദവിന്റെ പന്തിൽ മാക്സ്‍വെൽ ബോൾഡായി.
സ്റ്റോയ്നിസ് രണ്ടു റൺസെടുത്തു മടങ്ങിയത് ഓസീസിനു വൻ തിരിച്ചടിയായി. ഇതോടെ ഇന്ത്യ മത്സരത്തിലേക്കു തിരിച്ചെത്തി. അവസാന നാലോവറിൽ 57 റൺസായിരുന്നു ഓസ്ട്രേലിയയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. 17–ാം ഓവറിൽ ട്രാവിസ് ഹെഡ് ബുമ്രയ്ക്കു മുന്നിൽ കുടുങ്ങി. ക്യാച്ചെടുത്ത് താരത്തെ മടക്കിയത് രോഹിത് ശര്‍മ. അർഷ്ദീപിന്റെ 18–ാം ഓവറിലെ ആദ്യ പന്തിൽ മാത്യു വെയ്‍ഡും പുറത്തായതോടെ ഓസ്ട്രേലിയ തോൽവി ഉറപ്പിച്ച മട്ടായി. വാലറ്റം വലിയ പോരാട്ടമില്ലാതെ കീഴടങ്ങിയത് ഓസ്ട്രേലിയയ്ക്കു നിരാശയായി. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ് മൂന്നു വിക്കറ്റുകളും കുൽദീപ് യാദവ് രണ്ടു വിക്കറ്റുകളും വീഴ്ത്തി. ബുമ്രയ്ക്കും അക്ഷർ പട്ടേലിനും ഓരോ വിക്കറ്റുവീതമുണ്ട്.
രോഹിത് 41 പന്തിൽ 92, ഇന്ത്യ അഞ്ചിന് 205
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ അർധ സെഞ്ചറി നേടി പുറത്തായി. 41 പന്തുകൾ നേരിട്ട ഇന്ത്യൻ ക്യാപ്റ്റൻ 92 റൺസാണ് അടിച്ചെടുത്തത്. എട്ടു സിക്സുകളും ഏഴു ഫോറുകളും രോഹിത് ബൗണ്ടറി കടത്തി. ഹാർദിക് പാണ്ഡ്യയും (17 പന്തിൽ 27), രവീന്ദ്ര ജഡേജയും (അഞ്ചു പന്തിൽ ഒൻപത്) പുറത്താകാതെനിന്നു. 16 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് 31 റണ്‍സെടുത്തു. പവർപ്ലേയിൽ ഒരു വിക്കറ്റു നഷ്ടത്തിൽ 60 റൺസാണ് ഇന്ത്യ നേടിയത്. രണ്ടാം ഓവറിൽ തന്നെ ഇന്ത്യയ്ക്ക് വിരാട് കോലിയെ നഷ്ടമായെങ്കിലും, ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ രക്ഷാപ്രവർത്തനം ഫലം കണ്ടു. അഞ്ചു പന്തുകൾ നേരിട്ട കോലി റണ്ണൊന്നുമെടുക്കാതെയാണു മടങ്ങിയത്. ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ ടിം ഡേവിഡ് ക്യാച്ചെടുത്താണു കോലിയെ പുറത്താക്കിയത്. പിന്നാലെ രോഹിത് ശര്‍മ അടി തുടങ്ങി.
4.1 ഓവറിൽ 43 റൺസാണ് ഇന്ത്യ നേടിയത്. മഴയെത്തിയതോടെ ഏതാനും മിനിറ്റുകൾ കളി നിർത്തിവച്ചു. 20 പന്തിൽ രോഹിത് അർധ സെഞ്ചറി തികച്ചു. 14 പന്തിൽ 15 റൺസെടുത്ത ഋഷഭ് പന്തിനെ മാർകസ് സ്റ്റോയ്നിസിന്റെ ബോളിൽ ജോഷ് ഹെയ്സൽവുഡ് ക്യാച്ചെടുത്തുപുറത്താക്കി. 8.4 ഓവറിൽ (52 പന്തുകള്‍) ഇന്ത്യ 100 പിന്നിട്ടു. സ്കോർ 127ൽ നിൽക്കെ രോഹിത് ശർമയെ സ്റ്റാർക്ക് ബോൾഡാക്കി. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 15–ാം ഓവറിൽ സൂര്യകുമാർ യാദവും മടങ്ങി. വൈഡ് ലൈനിലൂടെപോയ പന്തിൽ ബാറ്റുവച്ച സൂര്യയ്ക്കു പിഴച്ചു. എഡ്ജ് ആയി ഉയർന്ന പന്ത് കീപ്പർ മാത്യു വെയ്ഡ് അനായാസം കൈപ്പിടിയിലാക്കി.
അവസാന പന്തുകളിൽ സ്കോർ ഉയർത്തേണ്ട ചുമതല പാണ്ഡ്യയും ദുബെയും ഏറ്റെടുത്തു. സ്റ്റോയ്നിസ് എറിഞ്ഞ 19–ാം ഓവറിലെ ആദ്യ രണ്ടു പന്തുകൾ പാണ്ഡ്യ സിക്സർ പറത്തി. എന്നാൽ നാലാം പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച ശിവം ദുബെയെ ഡേവിഡ് വാർണർ ക്യാച്ചെടുത്തു പുറത്താക്കി. 28 റൺസുമായാണു ദുബെയുടെ മടക്കം. 19.4 ഓവറുകളിൽ ഇന്ത്യ 200 കടന്നു. മാർകസ് സ്റ്റോയ്നിസും മിച്ചൽ സ്റ്റാർക്കും ഓസീസിനായി രണ്ടു വിക്കറ്റു വീതം നേടി.