ADVERTISEMENT

ഗയാന (വെസ്റ്റിൻഡീസ്) ∙ മഴ പെയ്തു തണുത്തുറഞ്ഞ ഈ പിച്ചിൽ പോലും തീയിൽ ചവി‌‌ട്ടിനിന്ന പോലെ ഇംഗ്ലണ്ട് ബാറ്റർമാർക്കു ചുട്ടുപൊള്ളിയിട്ടുണ്ടാവും! ഒന്നാന്തരം പന്തുകളുമായി ഇംഗ്ലണ്ടിനെ നിലത്തു നിർത്താതെ ചാടിച്ച ബോളർമാരുടെ മികവിലാണ് ‌ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ 68 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയത്. സ്കോർ: ഇന്ത്യ–20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ്. ഇംഗ്ലണ്ട്– 16.4 ഓവറിൽ 103ന് പുറത്ത്. 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേലാണ് പ്ലെയർ ഓഫ് ദ് മാച്ച്. കുൽദീപ് യാദവ് 3 വിക്കറ്റും ജസ്പ്രീത് ബുമ്ര 2 വിക്കറ്റും വീഴ്ത്തി. ബാറ്റിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമയാണ് (39 പന്തിൽ 57 റൺസ്) ഇന്ത്യയുടെ ടോപ് സ്കോറർ. സൂര്യകുമാർ യാദവ് (36 പന്തിൽ 47) മികച്ച പിന്തുണ നൽകി. നാളെ ബാർബഡോസിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

എന്തൊരു ബോളിങ്!

ഇടയ്ക്കിട‌െ പെയ്ത മഴയെ അതിജീവിച്ച് 171 റൺസ് എന്ന മികച്ച സ്കോർ നേടിയ ഇന്ത്യൻ ബാറ്റർമാരെ പോലും അതിശയിപ്പിക്കുന്ന പ്രക‌ട‌നമായിരുന്നു ബോളർമാരുടേത്. 3 ഓവറിൽ 26 റൺസെടുത്ത് ഓപ്പണർമാരായ ജോസ് ബ‌ട്‍ലറും ഫിൽ സോൾ‌ട്ടും ഇംഗ്ലണ്ടിനു പ്രതീക്ഷയുണർത്തുന്ന തുടക്കം നൽകിയെങ്കിലും 4–ാം ഓവറിലെ ആദ്യ പന്തിൽ തന്നെ ബട്‍ലറെ (23) വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കയ്യിലെത്തിച്ച് അക്ഷർ പട്ടേൽ വിക്കറ്റ് കൊയ്ത്ത് തുട‌ങ്ങി. അ‌ടുത്ത ഓവറിൽ ഉജ്വലമായ ഓഫ് കട്ടറിലൂടെ ജസ്പ്രീത് ബുമ്ര സോൾ‌‌‌ട്ടിന്റെ (5) സ്റ്റംപിളക്കി.

ഇന്ത്യൻ സ്പിന്നർമാരുട‌െ സംഹാരതാണ്ഡവമാണ് പിന്നെ പിച്ചിൽ കണ്ടത്. ജോണി ബെയർസ്റ്റോ (0), മൊയീൻ അലി (8) എന്നിവരെയും അക്ഷർ മട‌ക്കിയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. കുൽദീപ് യാദവിന്റെ ഊഴമായിരുന്നു പിന്നെ. സാം കറനെ (2) വിക്കറ്റിനു മുന്നിൽ കുരുക്കിയ കുൽദീപ് ഹാരി ബ്രൂക്കിനെ (25) ബോൾഡാക്കി. 10.4 ഓവറിൽ 6ന് 68 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിന് പിന്നീ‌ടൊരു തിരിച്ചുവരവുണ്ട‌ായില്ല. ലിയാം ലിവിങ്സ്റ്റൻ (11), ആദിൽ റഷീദ് (2) എന്നിവർ റണ്ണൗട്ടായപ്പോൾ ക്രിസ് ജോർദാനെ വിക്കറ്റിനു മുന്നിൽ കുരുക്കി കുൽദീപും 3 വിക്കറ്റ് തികച്ചു. 2 സിക്സ് സഹിതം 15 പന്തിൽ 21 റൺസെടുത്ത ജോഫ്ര ആർച്ചറെ ബുമ്ര വിക്കറ്റിനു മുന്നിൽ കുരുക്കിയതോടെ ഇന്ത്യൻ ജയം പൂർണം.

ക്യാപ്റ്റൻസ് ഇന്നിങ്സ്

ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചറിയും (39 പന്തിൽ 57) സൂര്യകുമാർ യാദവിന്റെ (36 പന്തിൽ 47) ചെറുത്തുനിൽപുമാണ് മികച്ച സ്കോർ സമ്മാനിച്ചത്. മഴമൂലം ഒരു മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. മഴ സാധ്യത മുന്നിൽ‌ കണ്ടാണ് ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലർ ബോളിങ് തിര‍ഞ്ഞെടുത്തതും. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലാണ് ഇംഗ്ലിഷ് പേസർ റീസ് ടോപ്‌ലി തുടങ്ങിയത്. ഇന്ത്യൻ ഓപ്പണർമാരെ സ്വിങ്ങും പേസും ചേർത്ത പന്തുകളാൽ പരീക്ഷിച്ച ടോപ്‌ലി ആദ്യ ഓവറിൽ വിട്ടുനൽകിയത് 6 റൺസ് മാത്രം. മൂന്നാം ഓവറിൽ ടോപ്‍ലിയെ സിക്സിനു പറത്തിയ കോലി പ്രതീക്ഷ നൽകിയെങ്കിലും നാലാം പന്തിൽ കോലിയുടെ (9 പന്തിൽ 9) ലെഗ് സ്റ്റംപ് ഇളക്കിയ ടോപ്‌ലി തിരിച്ചടിച്ചു.

രോഹിത്തും ഋഷഭ് പന്തും (6 പന്തിൽ 4) കരുതലോടെ കളിച്ചെങ്കിലും 6–ാം ഓവറിലെ രണ്ടാം ബോളിൽ പന്തിനെ മടക്കിയ സാം കറൻ ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 46 എന്ന നിലയിലായിരുന്നു ഇന്ത്യ. പവർപ്ലേയ്ക്കു ശേഷം സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് രോഹിത് നടത്തിയ പ്രത്യാക്രമണമാണ് ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. എന്നാൽ 8 ഓവറിൽ 2ന് 65 എന്ന സ്കോറിൽ നിൽക്കെ മഴ വീണ്ടും കളി മുടക്കി.

പിന്നീട് മത്സരം പുനരാരംഭിച്ചതോടെ രോഹിത്തും സൂര്യയും ആക്രമിച്ചു കളിക്കാൻ തുടങ്ങി. മഴ വീണ്ടും കളിമുടക്കാനുള്ള സാധ്യത മുന്നിൽകണ്ടായിരുന്നു ഇരുവരുടെയും പ്രത്യാക്രമണം. 13–ാം ഓവറിലെ മൂന്നാം പന്തിൽ സാം കറനെ സിക്സടിച്ച് അർധ സെഞ്ചറി തികച്ച രോഹിത്, പക്ഷേ തൊട്ടടുത്ത ഓവറിൽ ആദിൽ റഷീദിന്റെ ഗൂഗ്ലിയിൽ വീണു. അധികം വൈകാതെ സൂര്യയും മടങ്ങിയതോടെ ഇന്ത്യ 4ന് 124 എന്ന നിലയിലേക്ക് വീണു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹാർദിക് പാണ്ഡ്യ (13 പന്തിൽ 23), രവീന്ദ്ര ജഡേജ (9 പന്തിൽ 17 നോട്ടൗട്ട്), അക്ഷർ പട്ടേൽ (6 പന്തിൽ 10) എന്നിവർ ചേർന്നാണ് സ്കോർ 171ൽ എത്തിച്ചത്.

English Summary:

India vs England, Semi Final 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com