2014ൽ തോറ്റുതുടങ്ങി, അവസാന പോരിൽ വാടിവീഴുന്ന ശീലം മാറ്റി ടീം ഇന്ത്യ; ഈ വിജയത്തിന് മാധുര്യമേറും!
Mail This Article
11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വപ്ന കിരീടത്തിൽ ഇന്ത്യൻ താരങ്ങളുടെ മുത്തം. ഇന്ത്യൻ താരമായിരിക്കെ നേടാനാകാതിരുന്ന ലോകകപ്പ് കിരീടം പരിശീലകന്റെ റോളിൽ സ്വന്തമാക്കി രാഹുൽ ദ്രാവിഡ്. ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്കു നയിക്കാനുള്ള രോഹിത് ശർമയുടെ അവസാന അവസരമായിരിക്കാം ഒരുപക്ഷേ ഇത്. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് ഫൈനലിൽ ഒരു വിജയത്തിന് അകലെ സംഭവിച്ച കിരീട നഷ്ടത്തിന്റെ ക്ഷീണം 2024ലെ ഉജ്വല വിജയത്തോടെ രോഹിത് ശർമ തീർത്തു. വിരാട് കോലിയെക്കണ്ടോ, ഈയൊരു വിജയത്തിനായി കാത്തിരുന്ന പോലെയാണ് അദ്ദേഹം ട്വന്റി20യിൽ ഇനി കളിക്കാനില്ലെന്ന പ്രഖ്യാപനം നടത്തിയത്. 2013ലെ ചാംപ്യൻസ് ട്രോഫിക്കു ശേഷം ഇന്ത്യയുടെ ഐസിസി ട്രോഫിയില്ലാക്കാലത്തിനു കൂടിയാണ് ഇതോടെ അവസാനമാകുന്നത്.
2014ൽ ട്വന്റി20 ലോകകപ്പ് ഫൈനലിലെ തോൽവിയിൽ തുടങ്ങിയതാണ് അവസാന അങ്കത്തിൽ കളി കൈവിടുന്ന ഇന്ത്യയുടെ ശീലം. 2017 ചാംപ്യൻസ് ട്രോഫി, 2021 ലോക ടെസ്റ്റ് ചാംപ്യൻഷിപ്, 2023 ലോകടെസ്റ്റ് ചാംപ്യൻഷിപ്, കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ്– ഈ മത്സരങ്ങളിലെല്ലാം ഫൈനൽ കളിച്ചിട്ടും ഇന്ത്യയ്ക്ക് ഒരെണ്ണത്തിൽ പോലും കിരീടം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. 2011 ലെ ഏകദിന ലോകകപ്പ് വിജയത്തിനു ശേഷം വീണ്ടുമൊരു ലോക കിരീടമെന്ന ടീം ഇന്ത്യയുടെ മോഹം 2024 ട്വന്റി20 ലോകകപ്പിലൂടെ സഫലമായി. വിരാട് കോലിക്കു നേടിക്കൊടുക്കാൻ സാധിക്കാതിരുന്ന കിരീടം, രോഹിത് ശർമ ഇന്ത്യയ്ക്കായി പിടിച്ചെടുത്തു.
2014ൽ ബംഗ്ലദേശിൽ ശ്രീലങ്കയ്ക്കെതിരെ തോൽവി
ട്വന്റി20 ലോകകപ്പിൽ മിർപുരിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ എം.എസ്. ധോണി നയിച്ച ഇന്ത്യൻ ടീം ശ്രീലങ്കയോടു തോറ്റു. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. വിരാട് കോലിയുടെ അർധ സെഞ്ചറിക്കരുത്തിൽ ഇന്ത്യ നേടിയത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 130 റൺസ്. രോഹിത് ശർമ (26 പന്തിൽ 29), യുവരാജ് സിങ് (21 പന്തിൽ 11), അജിൻക്യ രഹാനെ (എട്ട് പന്തില്‍ മൂന്ന്), ക്യാപ്റ്റൻ എം.എസ്. ധോണി (ഏഴു പന്തിൽ 4) എന്നിങ്ങനെയാണ് മത്സരത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക വിജയ റൺസ് കുറിച്ച് കിരീടം നേടി. 35 പന്തിൽ 52 റൺസെടുത്തു പുറത്താകാതെനിന്ന കുമാർ സംഗക്കാര കളിയിലെ താരമായി. 319 റൺസെടുത്ത വിരാട് കോലിയായിരുന്നു ഈ ലോകകപ്പിലെ താരം.
പാക്കിസ്ഥാനോട് വൻ തോൽവി
2017 ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനെതിരെയായിരുന്നു ഇന്ത്യയുടെ അടുത്ത ഫൈനൽ തോൽവി. 180 റണ്‍സ് വിജയവുമായാണ് വിരാട് കോലി നയിച്ച ഇന്ത്യൻ ടീമിനെ പാക്കിസ്ഥാൻ തോല്‍പിച്ചു വിട്ടത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 50 ഓവറിൽ നാലു വിക്കറ്റിന് 338 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഓപ്പണർ ഫഖർ സമാന്‍ സെഞ്ചറി നേടി. 106 പന്തിൽ 114 റൺസാണു താരം അടിച്ചുകൂട്ടിയത്. അസർ അലി (71 പന്തിൽ 59), മുഹമ്മദ് ഹഫീസ് (37 പന്തിൽ 57) എന്നിവര്‍ അർധ സെഞ്ചറി നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 158 റൺസിന് ഓൾഔട്ടായി. 43 പന്തിൽ 76 റൺസെടുത്ത ഹാർദിക് പാണ്ഡ്യ മാത്രമാണ് ഇന്ത്യൻ ബാറ്റർമാരിൽ തിളങ്ങിയത്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ആദ്യ തോൽവി
ഇംഗ്ലണ്ടിലെ സതാംപ്ടനില്‍ നടന്ന ടെസ്റ്റ് ചാംപ്യൻമാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ ന്യൂസീലൻഡ് എട്ടു വിക്കറ്റു വിജയമാണു സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 217 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ 249 റൺസായിരുന്നു ന്യൂസീലൻഡിന്റെ സ്കോർ. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 170 റൺസെടുത്തു. 139 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് രണ്ടു വിക്കറ്റു നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഏഴു വിക്കറ്റുകൾ വീഴ്ത്തിയ കൈൽ ജാമീസനായിരുന്നു കളിയിലെ താരം.
2023 ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഓസീസിനെതിരെ
ആദ്യ അവസരത്തിലെ കിരീട നഷ്ടം രണ്ടാം തവണ ഇന്ത്യ മാറ്റിയെടുക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ അതുണ്ടായില്ല. തുടർച്ചയായ രണ്ടാം ഫൈനൽ കളിച്ച ഇന്ത്യ ഓസ്ട്രേലിയയോട് 209 റൺസിന്റെ തോൽവി വഴങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 469 റൺസാണ് ആദ്യ ഇന്നിങ്സിൽ അടിച്ചത്. സ്റ്റീവ് സ്മിത്തും (121), ട്രാവിസ് ഹെഡും (163) സെഞ്ചറി നേടി. മറുപടിയിൽ ഇന്ത്യ 296 റൺസെടുത്തു പുറത്തായി. രണ്ടാം ഇന്നിങ്സിൽ 270 റണ്‍സെടുത്ത് ഓസ്ട്രേലിയ ഡിക്ലയർ ചെയ്തു. 444 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 234 റൺസിന് ഓൾഔട്ടായി.
ഇന്ത്യയിൽ ഓസീസിനോടു തോറ്റു
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ ഓസ്ട്രേലിയയോടേറ്റ തോൽവിക്ക് പകരം ചോദിക്കാനുള്ള സുവർണാവസരമായിരുന്നു ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ്. ഗ്രൂപ്പ് ഘട്ടം മുതൽ തോല്‍വി അറിയാതെ ഫൈനലിലേക്കു കുതിച്ച രോഹിത് ശർമയും സംഘവും അതു ചെയ്യുമെന്ന് ആരാധകർ ഉറച്ചു വിശ്വസിച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്ന്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയെ ആറു വിക്കറ്റുകൾക്കു തോൽപിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിന്‍സ് കപ്പുയർത്തി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ 240 റൺസെടുത്തു. വിരാട് കോലിയും (63 പന്തിൽ 54), കെ.എൽ. രാഹുലും (107 പന്തില്‍ 66) അര്‍ധ സെഞ്ചറി നേടി. മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി 43 ഓവറിൽ ഓസ്ട്രേലിയ വിജയറൺസ് കുറിച്ചു. ട്രാവിസ് ഹെഡ് ഓസ്ട്രേലിയയ്ക്കായി സെഞ്ചറി തികച്ചു. 120 പന്തുകൾ നേരിട്ട ഹെഡ് 137 റൺസെടുത്തു പുറത്തായി. മാർനസ് ലബുഷെയ്ന്‍ (110 പന്തിൽ 58) അർധ സെഞ്ചറിയുമായി പുറത്താകാതെനിന്നു.
2024 ട്വന്റി20 ലോകകപ്പിലെ സൂപ്പർ 8 റൗണ്ടിൽ ഇന്ത്യയോടു തോറ്റതാണ് ഓസ്ട്രേലിയയ്ക്ക് സെമിയിലേക്കുള്ള വഴിയടച്ചത്. അഫ്ഗാനിസ്ഥാനോടും തോല്‍വി വഴങ്ങിയ ഓസീസ് സെമി കാണാതെ പുറത്തായിരുന്നു. 2022 ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ തോൽപിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലേക്കു കടന്നത്. രണ്ടു വര്‍ഷങ്ങൾക്കിപ്പുറം മറ്റൊരു ട്വന്റി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ഇന്ത്യ അതിന്റെ കണക്കു തീർത്തു. പക്ഷേ അതിനെല്ലാമുപരി വർഷങ്ങള്‍ക്കു ശേഷം ടീം ഇന്ത്യയ്ക്ക് ഒരു കിരീടം ആവശ്യമായിരുന്നു. ഈ ലോകകപ്പ് വിജയത്തിന്റെ മാധുര്യം അത്രയേറെയാണ്. ശനിയാഴ്ച രാത്രി വൈകിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾ തുടരുന്നതും അതുകൊണ്ടാണ്.