‘ബോളർമാരില്ലായിരുന്നെങ്കിൽ ആ ഇന്നിങ്സിന്റെ അവസ്ഥ..; കോലിക്ക് പ്ലെയർ ഓഫ് ദ് മച്ച് നൽകരുതായിരുന്നു’
Mail This Article
മുംബൈ∙ ട്വന്റി20 ലോകകപ്പ് ഫൈനൽ മത്സരം സംബന്ധിച്ച് ചർച്ചകൾ അവസാനിക്കുന്നില്ല. ഇന്ത്യയുടെ കിരീടനേട്ടം ആഘോഷമാക്കുമ്പോഴും മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനത്തെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ആവേശകരമായ ത്രില്ലർ പോരാട്ടത്തിലാണ് ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ കപ്പ് നേടിയത്. ഒട്ടും ഏകപക്ഷീയമല്ലാതിരുന്ന മത്സരത്തിന്റെ ഒരുഘട്ടത്തിൽ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിക്കുകയും ചെയ്തിരുന്നു. 30 പന്തിൽ 30 റൺസായിരുന്നു ആ ഘട്ടത്തിൽ അവർ വിജയിക്കാൻ വേണ്ടിയിരുന്നത്.
ഡെത്ത് ഓവറിൽ ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് സിങ് എന്നിവരുടെ കിടിലൻ സ്പെല്ലുകളാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയത്. ഇതിന്റെ ബലത്തിൽ അവസാന ഓവറിൽ ഏഴു റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. എങ്കിലും പ്ലെയർ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് വിരാട് കോലിയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ രണ്ടു വിക്കറ്റുകൾ തുടരെ നഷ്ടപ്പെട്ടപ്പോൾ ക്രീസിൽ നിലയുറപ്പിച്ച് കോലി നേടിയ അർധസെഞ്ചറിയാണ് ഇന്ത്യയ്ക്കു പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
എങ്കിലും വിരാട് കോലിക്ക് പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം നൽകിയെതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. മത്സരശേഷം, ഒരു സ്പോർട്സ് മാധ്യമത്തിൽ നടന്ന ചർച്ചയിലാണ് മഞ്ജരേക്കറിന്റെ അഭിപ്രായപ്രകടനം. 59 പന്തിൽ 76 റൺസ് നേടിയ കോലിയുടെ ഇന്നിങ്സ്, പേസ് ബോളർമാർ രക്ഷയ്ക്കെത്തിയില്ലായിരുന്നെങ്കിൽ പാഴായി പോകുമായിരുന്നെന്നും, ഒരു ഇന്ത്യൻ ബോളർക്കായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച് നൽകേണ്ടിയിരുന്നെന്നും മഞ്ജരേക്കർ പറഞ്ഞു.
‘‘കോലി ആ ഇന്നിങ്സ് കളിച്ചതുകൊണ്ട് ഇന്ത്യയുടെ ഏറ്റവും വിനാശകരമായ ബാറ്റർമാരിലൊരാളായ ഹാർദിക് പാണ്ഡ്യയ്ക്ക് നേരിടാൻ രണ്ട് പന്തുകൾ മാത്രമേ ലഭിച്ചുള്ളൂ. ഇന്ത്യയുടെ ബാറ്റിങ് മികച്ചതായിരുന്നു. പക്ഷേ ഇന്ത്യയ്ക്ക് കുറച്ചുകൂടി മേൽക്കൈ നൽകുന്ന ഇന്നിങ്സ് കോലിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാമായിരുന്നു. അവസാനം ബോളർമാരുടെ പ്രകടനം, ആ ഇന്നിങ്സ് പോരായിരുന്നെന്ന് തെളിയിക്കുകയും ചെയ്തു.’’– സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
‘‘90 ശതമാനവും ഇന്ത്യ പരാജയപ്പെട്ട നിലയിലായിരുന്നു. ബോളർമാരുടെ പ്രകടനമാണ് കോലിയുടെ ഇന്നിങ്സിനെ രക്ഷിച്ചത്. 128 സ്‌ട്രൈക്ക് റേറ്റിലാണ് പകുതി ഇന്നിങ്സും കളിച്ചത്. ബോളർമാരാണ് ഇന്ത്യയെ വിജയിപ്പിച്ചത്. എന്റെ അഭിപ്രായത്തിൽ, പ്ലെയർ ഓഫ് ദ് മാച്ച്, തീർച്ചയായും ഒരു ബോളർ ആകണമായിരുന്നു.’’ മഞ്ജരേക്കർ കൂട്ടിച്ചേർത്തു.
നേരത്തെ, ലോകകപ്പ് നേട്ടത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിൽ രോഹിത് ശര്‍മ, രാഹുല്‍ ദ്രാവിഡ്, അജിത് അഗാര്‍ക്കര്‍ എന്നിവരുടെ പേരുകൾക്കൊപ്പം വിരാട് കോലിയുടെ പേര് സഞ്ജയ് മഞ്ജരേക്കർ പരാമർശിക്കാതിരുന്നതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. മഞ്ജരേക്കറുടെ കരിയറിനേക്കാള്‍ വലുതാണ് കോലിയുടെ ഐപിഎല്‍ കരിയര്‍ എന്നുള്‍പ്പെടെയുള്ള കമന്റുകളാണ് വന്നത്.