ഇത്തവണ വനിതകളുടെ ഊഴം; ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ 10 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ
Mail This Article
ചെന്നൈ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ പത്തു വിക്കറ്റ് ജയവുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. രണ്ടാം ഇന്നിങ്സിൽ 37 റൺസ് വിജയലക്ഷ്യം, പത്താം ഓവറിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ ശുഭ സതീഷ് (26 പന്തിൽ 13*), ഷെഫാലി വർമ (30 പന്തിൽ 24*) എന്നിവർ പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ കുറിച്ച 603 റൺസിനെതിരെ ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക, ഒന്നാം ഇന്നിങ്സിൽ 266 റൺസിനും രണ്ടാം ഇന്നിങ്സിൽ 373 റൺസിനും പുറത്താകുകായിരുന്നു.
ഷെഫാലി വർമയുടെ അതിവേഗ ഇരട്ടസെഞ്ചറിയും (197 പന്തിൽ 205), സ്മൃതി മന്ഥനയുടെ സെഞ്ചറിയുമാണ് (161 പന്തിൽ 149) ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ സമ്മാനിച്ചത്. റിച്ച ഘോഷ് (86) ജമൈമ റോഡ്രിഗസ് (55), ഹർമപ്രീത് കൗർ (69) എന്നിവർ അർധസെഞ്ചറിയും തികച്ചു. വനിതകളുടെ ടെസ്റ്റിൽ ആദ്യമായാണ് ടീം ടോട്ടൽ 600 കടക്കുന്നത്. മറുപടി ബാറ്റിങ്ങിൽ, ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കായി എട്ടു വിക്കറ്റ് വീഴ്ത്തിയ സ്നേഹ റാണയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.