‘ഇനി വിശ്വസിച്ചേ പറ്റൂ, ഇപ്പോ അങ്ങനെയായി പോയില്ലേ’: ലോകകപ്പ് നേട്ടത്തിനു പിന്നാലെ ‘തഗ്’ അടിച്ച് സഞ്ജു– വിഡിയോ
Mail This Article
ബാർബഡോസ് ∙ ട്വന്റി20 ലോകകപ്പ് നേട്ടം വളരെ വൈകാരികമായ നിമിഷമാണെന്നും വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ സാധിക്കില്ലെന്നും ടീമംഗമായിരുന്ന മലയാളി താരം സഞ്ജു സാംസൺ. ഫൈനൽ വിജയത്തിനു പിന്നാലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ലെയ്സൻ ഓഫിസറായിരുന്ന മലയാളി സിബി ഗോപാലകൃഷ്ണനുമായി നടത്തിയ സംഭാഷണത്തിലാണ് സഞ്ജുവിന്റെ പ്രതികരണം. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വിഡിയോ, സിബി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.
‘കണ്ടല്ലോ, കിട്ടിയിട്ടുണ്ടേ’ എന്നു പറഞ്ഞ് ലോകകപ്പ് വിജയികൾക്കുള്ള മെഡൽ കാണിച്ചാണ് വിഡിയോയിൽ സഞ്ജു സംസാരിച്ചു തുടങ്ങുന്നത്. ‘‘ഒന്നും പറയാൻ പറ്റുന്നില്ല. അങ്ങനെയൊരു ഇമോഷണലായിട്ടുള്ള ഒരു സംഭവമാണ്. വാക്കുകൾ കിട്ടാത്ത ഒരു സമയമാണ്. ഭയങ്കര സന്തോഷം. ഇത്രയും വലിയൊരു അവസരത്തിന്, ഇത്രയും വലിയൊരു മൊമന്റിന് ഇവിടെയുള്ളത് തന്നെ വലിയ ഭാഗ്യം.
ഈ ടീമിന്റെ ഭാഗമായതിൽ വലിയ സന്തോഷം. നമ്മൾ ജയിക്കണമായിരുന്നു. കുറേ ഇങ്ങനെ പറ്റിച്ചോണ്ട് ഇരിക്കുകയായിരുന്നു; ഫൈനൽ എത്തും, സെമിഫൈൽ എത്തും. ഇത്തവണ നമ്മുക്കെല്ലാവർക്കും അറിയാമായിരുന്നു ലോകകപ്പ് കിട്ടുമെന്ന്. അതു കിട്ടിയതിൽ വലിയ സന്തോഷം.’’– സഞ്ജു പറഞ്ഞു. മലയാളി ടീമിലുണ്ടെങ്കിൽ ലോകകപ്പ് കിട്ടുമെന്ന് വിശ്വാസത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് , ‘‘ ഇനി വിശ്വസിച്ചേ പറ്റൂ, ഇപ്പോ അങ്ങനെയായി പോയില്ലേ’’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
കരുനാഗപ്പള്ളി സ്വദേശിയായ സിബി, 20 വർഷം മുൻപ്, ഇന്റർനാഷനൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ജോലി ലഭിച്ചതോടെയാണ് സെന്റ് ലൂസിയയിൽ എത്തിയത്. ക്രിക്കറ്റിലുള്ള താൽപര്യം കാരണം വിവിധ ടൂർണമെന്റുകളിൽ വൊളന്റിയറായി സേവനം ചെയ്തു തുടങ്ങി. അതിനിടെ വെസ്റ്റിൻഡീസ് ടീം മുൻ ക്യാപ്റ്റൻ ഡാരൻ സമിയെ പരിചയപ്പെട്ടത് വഴിത്തിരിവായി. ക്രിക്കറ്റിന്റെ അഡ്മിനിസ്ട്രേഷൻ മേഖലയിലേക്കു സിബി കടക്കുന്നത് അതിനു പിന്നാലെയാണ്. മുൻപ് വെസ്റ്റിൻഡീസിലെത്തിയ ബംഗ്ലദേശ് ടീമിന്റെ ലെയ്സൻ ഓഫിസറായും സിബി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സെന്റ് ലൂസിയ നാഷനൽ ക്രിക്കറ്റ് അസോസിയേഷൻ ട്രഷററാണ്.