‘എനിക്കില്ലാത്ത എന്തു പ്രത്യേകതയാണ് രോഹിത്തിനുള്ളത്’: കോലി അങ്ങനെ ചിന്തിച്ചിടത്തുനിന്ന് തുടങ്ങിയ ‘ബ്രൊമാൻസ്’
Mail This Article
പടർന്നു പന്തലിച്ച ഒരു വടവൃക്ഷവും അതിന്റെ തണലിൽ ഒതുങ്ങിയപ്പോയ ചെറുമരങ്ങളും ഓരോ കാലഘട്ടത്തിലും ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടായിട്ടുണ്ട്. സുനിൽ ഗാവസ്കർ, സച്ചിൻ തെൻഡുൽക്കർ, എം.എസ്.ധോണി തുടങ്ങിയ താരങ്ങൾ ആഘോഷിക്കപ്പെട്ടപ്പോൾ പ്രതിഭയിൽ ഒപ്പം നിന്നിട്ടും അവരുടെ സമകാലികരായ പലരും ആ തണലിൽ മങ്ങിപ്പോയി. ഇന്ത്യൻ ക്രിക്കറ്റിലെ ഈ വൺമാൻ ഷോ കാലം അവസാനിച്ചത് രോഹിത് ശർമ– വിരാട് കോലി സഖ്യത്തിന്റെ വരവോടെയാണ്. ടീം ഇന്ത്യയുടെ കിരീടക്കുതിപ്പിന് കരുത്തേകിയ ഈ ഇരട്ട എൻജിൻ ലോകകപ്പ് നേട്ടത്തോടെ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുകയാണ്, ചരിത്രം എത്തിപ്പിടിച്ച ചാരിതാർഥ്യത്തോടെ.
രോഹിരാട്
2007ൽ, നാഷനൽ ക്രിക്കറ്റ് അക്കാദമിയിലെ ഒരു ക്യാംപിൽ വച്ചാണ് രോഹിത് ശർമയെ വിരാട് കോലി ആദ്യമായി കാണുന്നത്. നേരിട്ടുകാണുന്നത് അന്നാണെങ്കിലും ‘ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവതാരമെന്ന്’ വാഴ്ത്തപ്പെട്ടിരുന്ന രോഹിത്തിനെക്കുറിച്ച് അതിനു മുൻപു തന്നെ പലരിൽ നിന്നും കോലി കേട്ടറിഞ്ഞിരുന്നു. അപ്പോഴൊക്കെ ‘ഞാനും യുവ ക്രിക്കറ്ററാണല്ലോ, എനിക്കില്ലാത്ത എന്തു പ്രത്യേകതയാണ് രോഹിത്തിനുള്ളത്’ എന്നു താൻ അസൂയയോടെ ആലോചിച്ചിരുന്നതായി കോലി പറഞ്ഞിട്ടുണ്ട്. എന്നാൽ രോഹിത്തിന്റെ പരിശീലന സെഷൻ ആദ്യമായി നേരിട്ടുകണ്ടതോടെ കോലിയുടെ എല്ലാ സംശയങ്ങളും മാറി. ഒരു പന്തു കളിക്കാൻ മറ്റേതൊരു താരത്തെക്കാളും ‘ഒരു സെക്കൻഡ്’ അധിക സമയം രോഹിത്തിനു ലഭിക്കുന്നുണ്ട് എന്നായിരുന്നു കോലിയുടെ നിരീക്ഷണം. ആ ആദരവും ആരാധനയും പിൽക്കാലത്ത് താൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോഴും കോലി രോഹിത്തിനു നൽകി.
മറുവശത്ത് കോലിയിൽ നിന്ന് ക്യാപ്റ്റൻസിയുടെ ചെങ്കോൽ ഏറ്റുവാങ്ങിയ ശേഷം, എപ്പോഴൊക്കെ ഫോംഔട്ടിന്റെ പേരിൽ കോലി പഴി കേട്ടിട്ടുണ്ടോ അപ്പോഴൊക്കെ കോലിയെ ചേർത്തു പിടിക്കാൻ രോഹിത് ശ്രമിച്ചു. ഈ ട്വന്റി20 ലോകകപ്പിൽ ഉൾപ്പെടെ തുടർപരാജയങ്ങളും ഫോമില്ലായ്മയും കോലിയെ അലട്ടിയപ്പോൾ അദ്ദേഹത്തെ പിന്തുണച്ചതും ബാറ്റിങ്ങിൽ ടീമിനെ മുന്നിൽ നിന്നു നയിച്ചതും രോഹിത്തായിരുന്നു. ‘അദ്ദേഹം ബിഗ് മാച്ച് പ്ലെയറാണ്. തന്റെ ഏറ്റവും മികച്ച ഇന്നിങ്സ് ഫൈനലിനായി കോലി കാത്തുവച്ചിരിക്കുകയാണ്’ എന്നായിരുന്നു സെമിഫൈനലിനു ശേഷം രോഹിത് പറഞ്ഞത്. തുടക്കകാലത്തു തന്നെയുള്ള ഈ പരസ്പര വിശ്വാസവും ധാരണയുമാണ് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായി വളരാൻ ഇരുവരെയും സഹായിച്ചത്.
ചാംപ്യൻസ്
പ്രായത്തിൽ കോലിയെക്കാൾ രണ്ടു വയസ്സു മൂപ്പുണ്ട് രോഹിത്തിന്. 2007ൽ രോഹിത് ട്വന്റി20 ലോകകപ്പ് ടീമിൽ ഇടംപിടിച്ചപ്പോൾ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്നു കോലി. പിന്നാലെ കോലിയും ദേശീയ ടീമിന്റെ ഭാഗമായി. എന്നാൽ 2011 ലോകകപ്പിൽ രോഹിത്തിനു പകരം ടീമിൽ ഇടംപിടിച്ചത് കോലിയായിരുന്നു. 2013ലെ ചാംപ്യൻസ് ട്രോഫിയാണ് ഇരുവരും ഒന്നിച്ചു നേടിയ ആദ്യ ഐസിസി കിരീടം. മൂന്ന് ഏകദിന ലോകകപ്പുകളിലും 6 ട്വന്റി20 ലോകകപ്പുകളിലും 2 ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലുകളിലും രോഹിത്– കോലി സഖ്യം ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. ടെസ്റ്റ് ചാംപ്യൻഷിപ് കിരീടമില്ലെങ്കിലും അണ്ടർ 19 ലോകകപ്പ് മുതൽ ട്വന്റി20 ലോകകപ്പ് വരെ ഐസിസിയുടെ എല്ലാ കിരീടങ്ങളും സ്വന്തമാക്കാൻ കോലിക്കു സാധിച്ചിട്ടുണ്ട്. 2 ട്വന്റി20 ലോകകപ്പ് നേട്ടങ്ങളുടെ ഭാഗമായ ഏക ഇന്ത്യൻ താരം എന്ന പകിട്ടോടെ പടിയിറങ്ങുന്ന രോഹിത്തിനു പക്ഷേ, ഏകദിന ലോകകപ്പ് എന്ന മോഹം ഇപ്പോഴും ബാക്കിയാണ്.
‘രോഹിത്തിനും കോലിക്കും പകരക്കാരെ എങ്ങനെ കണ്ടെത്തുമെന്ന് ഞങ്ങൾക്കറിയില്ല’ എന്നായിരുന്നു ഇരുവരുടെയും വിരമിക്കൽ വാർത്ത വന്നതിനു പിന്നാലെ ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി പറഞ്ഞത്. ശുഭ്മൻ ഗിൽ മുതൽ റിയാൻ പരാഗ് വരെ നീളുന്ന ഒട്ടേറെ യുവപ്രതിഭകൾ ഇന്ത്യൻ നിരയിലുണ്ടെങ്കിലും 16 വർഷത്തോളം ഇന്ത്യൻ ക്രിക്കറ്റിന്റെ ചിറകുകളായ ‘രോഹിരാട്’ സഖ്യത്തിന് പകരമാകാൻ ഇവർക്കു സാധിക്കുമോ എന്നു കണ്ടറിയണം.
രാജ്യാന്തര ട്വന്റി20 പ്രകടനം
താരം മത്സരം റൺസ് ശരാശരി സ്ട്രൈക്ക് റേറ്റ്
രോഹിത് ശർമ 159 4231 32 140.9
വിരാട് കോലി 125 4188 48.7 137