ഉറക്കം ഉണരാൻ വൈകി, ടീം ബസ് കിട്ടിയില്ല; ഇന്ത്യയ്ക്കെതിരെ കളിക്കാനാകാതെ ബംഗ്ലദേശ് താരം
Mail This Article
ബാർബഡോസ്∙ട്വന്റി20 ലോകകപ്പിനിടെ ഉറങ്ങിയെഴുന്നേൽക്കാൻ വൈകിയ ബംഗ്ലദേശ് താരത്തെ ടീം മാനേജ്മെന്റ് പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയിരുന്നതായി വിവരം. ബംഗ്ലദേശിന്റെ വെറ്ററൻ താരം ടസ്കിൻ അഹമ്മദാണ് ടീമിനൊപ്പം ചേരാൻ സാധിക്കാതെ മത്സരം നഷ്‍ടമായ താരം. ഇന്ത്യയ്ക്കെതിരായ മത്സരത്തിലാണ് ടസ്കിൻ അഹമ്മദിന് കളിക്കാൻ സാധിക്കാതിരുന്നതെന്നും ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. റൂമിൽ ഉറങ്ങുകയായിരുന്ന ടസ്കിന് കൃത്യസമയത്ത് ടീം ബസിൽ കയറാൻ സാധിച്ചില്ല. ടീമിലെ ആർക്കും ടസ്കിനുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല.
ഇതോടെ ടീം സ്റ്റാഫുകളിലൊരാൾ ഹോട്ടലിൽ താരത്തിനായി കാത്തുനിന്നു. ടസ്കിൻ പിന്നീട് സ്റ്റേഡിയത്തിലെത്തി ബംഗ്ലദേശ് ടീമിനൊപ്പം ചേർന്നെങ്കിലും ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ താരത്തെ പുറത്തിരുത്തുകയായിരുന്നു. ടീം ബസിൽ കയറാൻ സാധിക്കാത്തതിൽ താരം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശ് സെമി ഫൈനലിൽ കടക്കാതെ പുറത്തായിരുന്നു. ഇന്ത്യയ്ക്കെതിരെ രണ്ട് പേസർമാരെ മാത്രം പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ബംഗ്ലദേശ് കളിക്കാനിറങ്ങിയത്.
സംഭവത്തിൽ ബംഗ്ലദേശ് പരിശീലകൻ ചന്ദിക ഹതുരുസിംഗ ഇതുവരെ പ്രതികരിച്ചിട്ടില്ല. 50 റൺസ് വിജയമാണ് ബംഗ്ലദേശിനെതിരെ ഇന്ത്യ നേടിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ സാധിച്ചുള്ളു.