‘ദേഷ്യപ്പെടുന്ന ക്യാപ്റ്റനെയല്ല വേണ്ടത്, രോഷമുണ്ടെങ്കിലും സഞ്ജു ഭയ്യ സ്വയം നിയന്ത്രിക്കും’
Mail This Article
മുംബൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണുമായുള്ള സൗഹൃദത്തെക്കുറിച്ചു മനസ്സു തുറന്ന് യുവ താരം റിയാൻ പരാഗ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിലാണ് രാജസ്ഥാന്‍ ക്യാപ്റ്റനുമായി കൂടുതൽ അടുക്കാൻ സാധിച്ചതെന്നു പരാഗ് വ്യക്തമാക്കി. സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 ടീമിൽ സിലക്ഷൻ ലഭിച്ചതിനു പിന്നാലെ ഒരു സ്പോർട്സ് മാധ്യമത്തോടു സംസാരിക്കവെയാണ് പരാഗ് സഞ്ജുവിനെക്കുറിച്ചു പ്രതികരിച്ചത്. ‘‘ഇത്തവണ അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഞാൻ ബോളർമാരുമായി സംസാരിച്ചിരുന്നു. ഈ സീസണിൽ എനിക്കു കൂടുതൽ ചുമതലകളുണ്ടായിരുന്നു.’’– റിയാന്‍ പരാഗ് പ്രതികരിച്ചു.
‘‘ഇപ്പോഴുള്ളതിൽ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണു സഞ്ജു ഭയ്യ. വിക്കറ്റ് കീപ്പിലെ അദ്ദേഹത്തിന്റെ മികവ് അധികം പ്രശംസിക്കപ്പെട്ടിട്ടില്ല. ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ക്യാപ്റ്റനിൽനിന്ന് നമുക്ക് ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാനുണ്ടാകും. ഉള്ളിൽ രോഷമുണ്ടെങ്കിലും അദ്ദേഹം സ്വയം നിയന്ത്രിക്കുന്നതും, മത്സരം തോൽക്കുന്ന സാഹചര്യങ്ങളിൽ അതു കൈകാര്യം ചെയ്യുന്നതും മികച്ച രീതിയിലാണ്. അതുകൊണ്ടാണ് നമുക്ക് ക്യാപ്റ്റനിൽ നിന്ന് ആത്മവിശ്വാസം ലഭിക്കുന്നത്. കാരണം ദേഷ്യപ്പെടുകയും തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു ക്യാപ്റ്റനെയല്ല ഒരിക്കലും നമുക്ക് ആവശ്യമുള്ളത്.’’
‘‘കളി ജയിച്ചാലും തോറ്റാലും അദ്ദേഹം തന്റെ വികാരങ്ങൾ നിയന്ത്രിച്ച് എല്ലാവരോടും സംസാരിക്കുന്നുണ്ട്. ഈ സ്വഭാവമാണ് സഞ്ജു സാംസണെ ഏറ്റവും മികച്ച ക്യാപ്റ്റനാക്കി മാറ്റുന്നത്.’’– റിയാൻ പരാഗ് വ്യക്തമാക്കി. ട്വന്റി20 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജുവിന് ഇന്ത്യയ്ക്കു വേണ്ടി പ്രധാന മത്സരങ്ങളൊന്നും കളിക്കാൻ സാധിച്ചിരുന്നില്ല. ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ മാത്രമാണു സഞ്ജു ഇറങ്ങിയത്.
സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് മലയാളി താരം ഇനി ഇന്ത്യയ്ക്കായി ഇറങ്ങുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ടു കളികളിൽനിന്ന് ബിസിസിഐ താരത്തെ ഒഴിവാക്കിയിരുന്നു. ലോകകപ്പ് ടീമിനൊപ്പം ഇന്ത്യയിലെത്തുന്ന സഞ്ജു, ആഘോഷങ്ങൾക്കു ശേഷം ഹരാരെയിലെത്തി ടീമിനൊപ്പം ചേരും. ലോകകപ്പ് ടീമിലുണ്ടായിരുന്ന യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവരും സിംബാബ്‍വെയിലേക്കു പോയിട്ടില്ല.