മിഷൻ സിംബാബ്‌വെ, യുവനിരയുമായി ഇന്ത്യൻ ടീം; വി.വി.എസ്. ലക്ഷ്മൺ പരിശീലകൻ
Mail This Article
മുംബൈ ∙ 5 മത്സര ട്വന്റി20 പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം സിംബാബ്‌വെയിലേക്കു തിരിച്ചു. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലാണ് ടീം ഇറങ്ങുക. നാഷനൽ ക്രിക്കറ്റ് അക്കാദമി തലവനും മുൻ ഇന്ത്യൻ താരവുമായ വിവിഎസ് ലക്ഷ്മണാണ് ടീം പരിശീലകൻ. ട്വന്റി20 ലോകകപ്പ് ടീമിലെ റിസർവ് അംഗമായിരുന്ന ഗിൽ ന്യൂയോർക്കിൽ നിന്ന് നേരിട്ട് സിംബാബ്‌വെയിൽ എത്തും.
ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന സഞ്ജു സാംസൺ, ശിവം ദുബെ, യശസ്വി ജയ്സ്വാൾ എന്നിവരെ സിംബാബ്‌വെ പരമ്പര ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ആദ്യ 2 മത്സരങ്ങൾക്ക് ശേഷമാകും ഇവർ ടീമിനൊപ്പം ചേരുക. ഇവർക്കു പകരം സായ് സുദർശൻ, ജിതേഷ് ശർമ, ഹർഷിത് റാണ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വന്റി20 ടീമിന് നാട്ടിൽ സംഘടിപ്പിക്കുന്ന അനുമോദന പരിപാടികളിൽ പങ്കെടുക്കാനായാണ് സഞ്ജു ഉൾപ്പെടെയുള്ളവർക്ക് ആദ്യ മത്സരങ്ങളിൽ വിശ്രമം അനുവദിച്ചതെന്നാണ് വിവരം.