ഇന്ത്യന്‍ താരങ്ങൾ വ്യാഴാഴ്ച നാട്ടിലെത്തും, അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും
Mail This Article
ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷം രാജ്യത്ത് തിരിച്ചെത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെക്കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും. വ്യാഴാഴ്ച അതിരാവിലെയാണ് ഇന്ത്യൻ ടീം ഡല്‍ഹിയിൽ വിമാനമിറങ്ങുക. അതിനു തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയെക്കാണാൻ അവസരമൊരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി താരങ്ങളെ അഭിനന്ദനം അറിയിക്കും. പ്രധാനമന്ത്രിക്കൊപ്പമാണ് താരങ്ങളുടെ പ്രഭാത ഭക്ഷണം.
ട്രോഫിയുമായി താരങ്ങൾ മുംബൈ നഗരത്തിൽ റോഡ് ഷോയും നടത്തുന്നുണ്ട്. നരിമാൻ പോയിന്റു മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെ ഓപ്പണ്‍ ബസിൽ താരങ്ങൾ റോഡ് ഷോ നടത്തും. അതിനു ശേഷം ബിസിസിഐ പ്രഖ്യാപിച്ച 125 കോടി സമ്മാനത്തുക ടീമിനു കൈമാറും. ട്വന്റി20 ടീമിന് നാട്ടിൽ സംഘടിപ്പിക്കുന്ന അനുമോദന പരിപാടികളിൽ പങ്കെടുക്കാനായാണ് സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർക്ക് സിംബാബ്‍വെയ്ക്കെതിരായ ആദ്യ മത്സരങ്ങളിൽ വിശ്രമം അനുവദിച്ചതെന്നാണ് വിവരം. സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവരെ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു.
ആഘോഷങ്ങൾക്കു ശേഷം ഇന്ത്യൻ താരങ്ങള്‍ സിബാബ്‍വെയിലെ ഹരാരെയിലെത്തി ടീമിനൊപ്പം ചേരാനാണു തീരുമാനം. ബിസിസിഐ ഏർപ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ നാട്ടിലേക്കു തിരിച്ചത്. ബുധനാഴ്ച ബാർബഡോസിലെത്തിയ വിമാനം അവിടെനിന്നു താരങ്ങളുമായി പുറപ്പെട്ടു. ബാർബഡോസിൽനിന്ന് ഡൽഹിയിലേക്ക് 16 മണിക്കൂർ യാത്രയുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അവരുടെ കുടുംബങ്ങളും യാത്ര ചെയ്യുന്നുണ്ട്.
ശനിയാഴ്ച ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ ഞായറാഴ്ച തന്നെ ബാർബഡോസ് വിടാനിരുന്നതാണ്. എന്നാൽ കാലാവസ്ഥ മോശമായതോടെ യാത്രയും മുടങ്ങി. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ബാർബഡോസിലെ വിമാനത്താവളം അടച്ചുപൂട്ടിയിരുന്നു.