ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിന്റെ യാത്ര വൈകുന്നു, വ്യാഴാഴ്ച ഡൽഹിയിൽ വിമാനമിറങ്ങും
Mail This Article
ബാർബഡോസ്∙ ട്വന്റി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം അംഗങ്ങൾ നാട്ടിലെത്തുന്നതു വൈകുന്നു. ന്യൂജഴ്സിയിൽനിന്നുള്ള ചാർട്ടർ വിമാനം ബാർബഡോസിൽ എത്താൻ വൈകിയതോടെയാണ്, യാത്രയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. ശനിയാഴ്ച ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ ഞായറാഴ്ച തന്നെ ബാർബഡോസ് വിടാനിരുന്നതാണ്. എന്നാൽ കാലാവസ്ഥ മോശമായതോടെ യാത്രയും മുടങ്ങി.
ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ബാർബഡോസിലെ വിമാനത്താവളം അടച്ചുപൂട്ടിയിരുന്നു. താരങ്ങൾ ബുധനാഴ്ച ഇന്ത്യയിലെത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യൻ താരങ്ങൾ വ്യാഴാഴ്ച രാവിലെയായിരിക്കും നാട്ടിലെത്തുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഡൽഹിയിലായിരിക്കും ഇന്ത്യൻ താരങ്ങൾ വിമാനമിറങ്ങുക. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ടായിരിക്കും താരങ്ങൾ ബാർബഡോസിൽനിന്നു പുറപ്പെടുകയെന്നു ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചു.
ബാർബഡോസിൽനിന്ന് ഡൽഹിയിലെത്താൻ 16 മണിക്കൂർ യാത്ര ചെയ്യണം. വിമാനം ഇനിയും വൈകിയില്ലെങ്കിൽ വ്യാഴാഴ്ച രാവിലെ ആറു മണിക്ക് ഇന്ത്യൻ താരങ്ങൾ നാട്ടിലെത്തും. ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞതിനെ തുടർന്ന് ബാർബഡോസിലെ ഗ്രാന്റ്‍ലി ആഡംസ് രാജ്യാന്തര വിമാനത്താവളം ചൊവ്വാഴ്ച തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു.