രാജ്യത്തിനു വേണ്ടിയുള്ള കിരീടമെന്ന് ക്യാപ്റ്റൻ രോഹിത്, ആരാധകർക്ക് നന്ദി പറഞ്ഞ് വിരാട് കോലി
Mail This Article
മുംബൈ∙ ട്വന്റി20 ലോകകപ്പ് കിരീടം രാജ്യത്തിനാകെ അവകാശപ്പെട്ടതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ‘‘വളരെ സ്പെഷലായ ഒരു ടീമാണിത്. അവരുടെ ക്യാപ്റ്റനായി നയിക്കാൻ സാധിച്ച് എന്റെ ഭാഗ്യമായി കണക്കാക്കുന്നു.’’– രോഹിത് ശർമ പറഞ്ഞു. ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിനായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ബിസിസിഐ ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.
ഇന്ത്യയുടെ വിജയം ആരാധകരുമൊത്ത് ആഘോഷിക്കാൻ കാത്തിരിക്കുകയായിരുന്നെന്ന് വിരാട് കോലി പ്രതികരിച്ചു. ‘‘ഇന്ത്യയ്ക്കായി സ്റ്റേഡിയത്തിലും തെരുവിലുമെത്തിയ ആരാധകരോടു നന്ദിയുണ്ട്. ഞങ്ങൾ ഇവിടെയെത്തി ആരാധകരുമായി ആഘോഷിക്കാൻ കാത്തിരിക്കുകയായിരുന്നു. കുറച്ചുദിവസം ബാർബഡോസിൽ കുടുങ്ങിപ്പോയി. ഇപ്പോൾ വളരെയേറെ സന്തോഷമുണ്ട്. ഞങ്ങളെ മത്സരത്തിലേക്കു തിരികെയെത്തിച്ച ജസ്പ്രീത് ബുമ്രയ്ക്കു കയ്യടിക്കേണ്ട സമയമാണിത്.ഇത്രയും വർഷങ്ങൾ ഒരുമിച്ചു കളിച്ച രോഹിത് ശർമ വൈകാരികമായി പ്രതികരിക്കുന്നതു കാണുന്നത് ആദ്യമായിട്ടാണ്.’’– വിരാട് കോലി വ്യക്തമാക്കി.
മുംബൈ നഗരത്തിലെ റോഡ് ഷോയ്ക്കു ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വാങ്കഡെ സ്റ്റേഡിയത്തിലെ സ്വീകരണത്തിനെത്തിയത്. 125 കോടി രൂപയുടെ ചെക്ക് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കു സമ്മാനിച്ചു. ലോകകപ്പ് വിജയിച്ചതിനു പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ്ഷായാണ് താരങ്ങൾക്ക് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.